നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ത്യൻ വാഹന വ്യവസായത്തിൽ സങ്കൽപ്പിക്കാനാവാത്ത സ്വാധീനമാണ് അംബാസഡറിനുണ്ടായിരുന്നത്. കാർ വിപണിയെ മൊത്തത്തിൽ ഒരു ഉൽപ്പന്നം ഇത്രമാത്രം സ്വാധീനിക്കുന്നതായി നാം അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ 90-കളിൽ അംബാസഡർ നേടിയെടുത്തത് ഇതാണ്. എല്ലാവരും സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു കാറായിരുന്നു അത്.

‘ആംബി’ എന്ന് സ്‌നേഹപൂർവ്വം വിളിച്ചിരുന്ന ഈ കാർ 2013-14 കാലഘട്ടത്തിൽ നിർത്തലാക്കുന്നതുവരെ ഏവരുടെയും സ്വപ്നങ്ങളിൽ ഒന്നാമത് തന്നെയായിരുന്നു. ഇന്ത്യയിലുടനീളവും ഒരു കാലത്ത് മന്ത്രിമാരും ജനപ്രതിനിധികളും എല്ലാം യാത്രകൾക്കായി ഉപയോഗിച്ചിരുന്നത് അംബാസഡർ കാറുകളായിരുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൻ്റെ മോശം വിൽപ്പനയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണമാണ് ഇത് നിർത്തലാക്കിയത്.

ഈ ഐക്കണിക് ഉൽപ്പന്നം ആളുകളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു. എങ്കിലും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നാണ് വാഹനപ്രേമികളുടെ ചോദ്യം. സമീപകാല റിപ്പോർട്ടുകൾ കണക്കിലെടുക്കുമ്പോൾ അത് സാധ്യമാണ് എന്നാണ് പൊതുവെയുള്ള സംസാരം. ഇപ്പോഴിതാ ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് അംബാസഡർ എന്ന വാർത്തകളാണ് പുറത്തു വരുന്നത്. അംബാസഡർ EV യുടെ ഒരു പതിപ്പ് 2024-ൽ പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നാണ് ചില റിപോർട്ടുകൾ പറയുന്നത്.

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡറിന് മെച്ചപ്പെട്ട രൂപത്തിൽ തിരിച്ചുവരാൻ കഴിയും. ഹിന്ദുസ്ഥാൻ മോട്ടോഴ്സിൻ്റെ അനുബന്ധ സ്ഥാപനമായ ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷോയും ചേർന്നായിരിക്കും അംബാസഡർ നിരത്തിലെത്തിക്കുക. ഇനി എന്തിനാണ് പുതിയ അംബാസഡറിനായുള്ള ശ്രമം നടത്തുന്നത് എന്ന് നോക്കാം ? 2017ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൽ നിന്നും 80 കോടി രൂപയ്ക്കാണ് പ്യൂഷോ അംബാസഡറിന്റെ അവകാശം വാങ്ങിയത്. അതിനാൽ, ഈ നിക്ഷേപം ശരിയായി വിനിയോഗിക്കാനും ഈ ഐക്കണിൻ്റെ ജനപ്രീതിയെ നിലനിർത്താനും ഇനി നോക്കും.

ഒരു ഉൽപ്പന്നമെന്ന നിലയിൽ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനും ഗുണനിലവാരത്തിനും പേരുകേട്ടതാണ് അംബാസഡർ. ഇത് തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. പ്യൂഷോയും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സും പുതിയ അംബാസഡറിലും ഈ ഗുണങ്ങൾ ആവർത്തിക്കാൻ ശ്രമിക്കും. അംബാസഡറിന് ആധുനിക രൂപം നൽകി ആധുനിക ഫീച്ചറുകൾ കൊണ്ടുവരാനും പ്യൂഷോ ശ്രമിക്കും.

റിപോർട്ടുകൾ പ്രകാരം അംബാസഡറിന്റെ എഞ്ചിന്റെ ഭാഗങ്ങൾ നിർമാണ ഘട്ടത്തിലാണ് എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇവി പതിപ്പിനെക്കുറിച്ച് പറയുകയാണെങ്കിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ആദ്യം ICE-പവർ പതിപ്പ് കൊണ്ടുവരും. എന്നിരുന്നാലും ഭാവി ഇവികളായിരിക്കുമെന്നതിനാൽ ഒരു അംബാസഡർ ഇവി പ്രതീക്ഷിക്കാം.

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരേയൊരു ഉൽപ്പന്നം അംബാസഡർ മാത്രമല്ല. റിപ്പോർട്ടുകൾ പ്രകാരം EV-കൾ വികസിപ്പിക്കാനായി നിലവിൽ ഒരു യൂറോപ്യൻ കമ്പനിയുമായി ചർച്ചയിലാണ്. ഈ സംയുക്ത സംരംഭത്തിൻ്റെ പ്രാരംഭ നിക്ഷേപം ഏകദേശം 300-400 കോടി രൂപയായിരിക്കും. ആദ്യം ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാനും തുടർന്ന് ഫോർ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുമാണ് ബ്രാൻഡിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ട്.

പശ്ചിമ ബംഗാളിലെ ഉത്തർപയിലുള്ള ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൻ്റെ 295 ഏക്കർ ഫാക്ടറിയാണ് ഈ സംയുക്ത സംരംഭത്തിനായി ഉപയോഗിക്കുക. ഈ വർഷം അവസാനത്തോടെ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ബിഎംഡബ്ല്യു, ബെൻസ്, പോർഷേ തുടങ്ങിയ പല വിലപിടിപ്പുള്ള പല കാറുകളും ഇന്ന് നിരത്തിലുണ്ടെങ്കിലും വർഷങ്ങൾക്ക് മുൻപേ അംബാസിഡർ ഉണ്ടാക്കിയെടുത്ത ഒരു ജനപ്രീതി മറ്റ് കാറുകളുമായി താരതമ്യം ചെയ്യാനാകില്ല.