നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രമേയമാവുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ ‘കാടകലം’, അന്തോളജി ചിത്രം ‘പടച്ചോന്റെ കഥകൾ’ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വഴക്ക് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ പൂർത്തിയായി.

ദിനീഷ്. പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ടൈറ്റിലും റിലീസ് തിയ്യതിയും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

കഥയും തിരക്കഥയും വിഷ്ണു കെ മോഹൻ നിർവഹിക്കുന്നു. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- സിജോ മാളോല, ആർട്ട്‌- ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- അരുൺ ടി ജോസഫ്.