ഇലക്ട്രിക് വാഹന വിപണിയിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി. തങ്ങളുടെ ഏറ്റവും പുതിയ ഇന്നോവേഷനായ ഷവോമി SU7 ഇലക്ട്രിക് സെഡാനുമായി ഇവി വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നിർമാതാക്കൾ. ചൈനയിലാണ് ആദ്യ ഘട്ടത്തിൽ കമ്പനി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുക.
SU7, SU7 Pro, SU7 Max എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിൽ ഇലക്ട്രിക് സെഡാൻ ലഭ്യമാകും. ലിഡാർ കൊണ്ട് സജ്ജീകരിച്ചതും മറ്റൊന്ന് ഇല്ലാതെയും രണ്ട് വേരിയേഷനുകളിലാണ് ഈ ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കുന്നത്. റിയർ-വീൽ ഡ്രൈവ് (RWD), ഓൾ-വീൽ ഡ്രൈവ് (AWD) എന്നീ പവർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
റിയർ ആക്‌സിലിൽ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് RWD വേർഷൻ എത്തുക. ഇതിന് 295 ബിഎച്ച്പി പവറുണ്ടാകും. AWD വേർഷനിൽ 663 ബിഎച്ച്പി പവറുണ്ടാകും. AWD വേർഷന്റെ മുൻ ചക്രങ്ങളിൽ 295 ബിഎച്ച്പി മോട്ടോറും പിൻ ചക്രങ്ങളിൽ 368 ബിഎച്ച്പി മോട്ടോറും ആണ് ഉണ്ടാവുക.
താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുന്ന വേരിയന്റുകളിൽ ബിവൈഡി നിർമിക്കുന്ന എൽഎഫ്‌പി ബാറ്ററി പാക്കുകൾ ആയിരിക്കും നൽകുക. എന്നാൽ വലിയ ബാറ്ററി പാക്കുകൾ ആവശ്യമുള്ള പുതിയ വേരിയന്റുകളിൽ സിഎടിഎൽ അവതരിപ്പിക്കുന്ന എംഎംസി ബാറ്ററി പാക്കുകൾ ആയിരിക്കും നൽകുക. ഇതിന് ചിലവ് കൂടും.
ബാറ്ററി പാക്കുകൾ സജ്ജീകരിക്കുന്നതിനാൽ പൊതുവെ ഇലക്ട്രിക് കാറുകളുടെ ഭാരം വളരെ കൂടുതലാണ് എന്ന് എല്ലാവർക്കുമറിയാം. ബേസിക് മോഡലുകൾക്ക് 1,980 കിലോഗ്രാം വരെയും ടോപ്പ്-എൻഡ് ട്രിമ്മിന് 2,205 കിലോയോളം ഭാരവും ഉണ്ടാവുമെന്നാണ് കമ്പനി പറയുന്നത്. ബേസിക് വകഭേദങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററും, ടോപ് വേരിയന്റുകളുടെ വേഗത 265 കിലോമീറ്റർ വരെയുമാണെന്ന് കമ്പനി പറയുന്നു.
Read more
പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം BAIC-ന്റെ ബീജിംഗ് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ പരീക്ഷണ വാഹനങ്ങൾ അസംബ്ലി ലൈനിൽ നിർമ്മിക്കുന്നുമുണ്ട്. ബെയ്‌ജിങ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി ഹോൾഡിംഗ് കമ്പനിയാണ് ഷവോമി SU7 നിർമിക്കുന്നത്. ഷവോമി SU7-യുടെ ഉത്പാദനം 2023 ഡിസംബറിൽ ആരംഭിക്കും. 2024 ഫെബ്രുവരിയിൽ നിരത്തിലെത്തിയേക്കും എന്നാണ് കരുതുന്നത്.