16 വയസ്സിന് മുകളിലുള്ള ആർക്കും ലൈസൻസ് ഇല്ലാതെ ഓടിക്കാം ; നിരത്തിലിറങ്ങാൻ ഒരുങ്ങി 'യുലു വിൻ'

ഇന്ത്യൻ നിരത്തുകളിൽ ഓടിക്കാൻ ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ലാസ്റ്റ് മൈൽ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് യുലു. ‘യുലു വിൻ’ എന്ന പേരിലാണ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ  എത്തിയിരിക്കുന്നത്. നഗരങ്ങളിലെ ഉപയോഗത്തിന് ഇണങ്ങുന്ന യുലു വിൻ സ്ലോ സ്പീഡ് സ്കൂട്ടറാണ്. 25 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗമായി കണക്കാക്കുന്നത്. സിംഗിൾ സീറ്റ് സ്റ്റൈലിംഗ് ഉള്ള ഈ ചെറു വാഹനത്തിന് ഭാരം വളരെ കുറവാണ്. ഒരാൾക്ക് മാത്രമേ സ്കൂട്ടറിൽ സഞ്ചരിക്കാൻ സാധിക്കുകയുള്ളു.

യുലു വിൻ ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല എന്നത് തന്നെയാണ് എടുത്തു പറയേണ്ട പ്രത്യേകത. ബജാജ് ഓട്ടോയുടെ ഉപസ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് യുലു വിൻ വിപണിയിലെത്തിക്കുന്നത്. യുലു വിൻ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകളും റേഞ്ചും മറ്റ് വിശദാംശങ്ങളും കമ്പനി ഇതു വരെ പുറത്തു വിട്ടിട്ടില്ല. സ്കാർലറ്റ് റെഡ്, മൂൺലൈറ്റ് വൈറ്റ് എന്നിങ്ങനെ ആകർഷകമായ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. ഓമനത്തമുള്ള ശൈലിയിലാണ് സ്കൂട്ടർ ഒരുക്കിയിരിക്കുന്നത് എന്നത് കാണുമ്പോൾ തന്നെ മനസിലാകും.

ഇവിയുടെ സിംഗിൾ സീറ്റ് സെറ്റപ്പ് തന്നെയാണ് കൗതുകമായി തോന്നുക. സീറ്റ് സ്ക്വാബിന് ഒരു റൈഡറെ മാത്രമേ ഉൾക്കൊള്ളാൻ കഴിയുകയുള്ളു. പുറകിൽ ഒരാൾ ഇരിക്കാൻ ശ്രമിച്ചാലും കാലു വെക്കാൻ ഫുട്‌പേഗുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. ബോഡി പാനലുകൾ കുറച്ചാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഒരു ട്യൂബുലാർ ഫ്രെയിമിലാണ് യുലു നിർമിച്ചിരിക്കുന്നത്. പിൻവീലിന് കരുത്ത് നൽകുന്ന ഒരു ഹബ് മോട്ടോർ വാഹനത്തിന് തുടിപ്പേകുന്നു. മികച്ച വിലയിൽ കൂടുതൽ റേഞ്ച് ലഭിച്ചാൽ വാഹനം വിപണിയിൽ ശ്രദ്ധിക്കപ്പെടും.

വിപണിയിലെ മറ്റ് എതിരാളികളെ അപേക്ഷിച്ച് 40 ശതമാനം വരെ കുറഞ്ഞ പ്രവർത്തന ചെലവാണ് യുലു വിന്നിന്റെ മറ്റൊരു പ്രത്യേകത. യുലു മൊബിലിറ്റി സബ്സ്ക്രിപ്ഷൻ പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന കാര്യവും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. സ്വാപ്പിംഗ് സംവിധാനവും ഇതിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വാപ്പബിൾ ബാറ്ററി സൗകര്യം ഉണ്ടെങ്കിലും വാഹനത്തിന് ആക്സസറിയായി ഒരു വാൾ ചാർജറും വാങ്ങാം. ഇത് അധിക ചെലവാണെങ്കിലും വളരെ പ്രായോഗികമായ ഒരു ഓപ്ഷനാണ് എന്ന കാര്യത്തിൽ വലിയ തർക്കങ്ങളില്ല.

യുലു മൊബൈൽ ആപ്പ്, OTA അപ്‌ഡേറ്റുകൾ, റിമോട്ട് വെഹിക്കിൾ ആക്‌സസ്, കീലെസ് ആക്‌സസ് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും യുലു വിന്നിലുണ്ട്. 16 വയസ്സിന് മുകളിലുള്ള ആർക്കു വേണമെങ്കിലും വാഹനം ഡ്രൈവിംഗ് ലൈസൻസില്ലാതെ ഓടിക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമാവും ഈ കുഞ്ഞൻ വാഹനം ലഭ്യമാവുക. വർഷാവസാനത്തോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും കമ്പനി ഇലക്ട്രിക് ടൂവീലറിന്റെ വിൽപ്പന ആരംഭിക്കും. ഇലക്ട്രിക് വാഹന രംഗത്ത് ഏഥർ, ഓല പോലുള്ളവരുടെ ആധിപത്യമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവരോടൊപ്പം മറ്റ് ചെറുകിട നിർമാതാക്കളും അരങ്ങിലേക്ക് എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ലാസ്റ്റ് മൈൽ ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് യുലു വിന്നിനെ അവതരിപ്പിച്ചിരിക്കുന്നത്.

55,555 രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. മോഡൽ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം പ്രീ ബുക്ക് ചെയ്യാൻ 999 രൂപ മുടക്കി ബുക്ക് ചെയ്യാൻ സാധിക്കും. ഈ തുക പൂർണമായും റീഫണ്ടബിൾ ആണ്. ഈ മാസം പകുതിയോടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രാരംഭ കാലയളവ് അവസാനിച്ചാൽ ആമുഖ വിലയിൽ 4,444 രൂപയുടെ വർദ്ധന ഉണ്ടാകുമെന്നും വില 59,999 രൂപയായി നിശ്ചയിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.