അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ വ്യാജമെന്ന്​ ഡൽഹി ഹൈക്കോടതിയിൽ എസ്.ബി.ഐ നിലപാട് അറിയിച്ചു

നില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ എസ്ബിഐ “തട്ടിപ്പ്” വിഭാഗത്തില്‍ പെടുത്തി. ഡല്‍ഹി ഹൈക്കോടതിയില്‍ ബാങ്ക് തന്നെ അറിയിച്ചതാണ് ഇക്കാര്യം. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻ, റിലയൻസ്​ ടെലികോം, റിലയൻസ്​ ഇൻഫ്രാടെൽ എന്നിവയുടെ അക്കൗണ്ടുകൾ വ്യാജമെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​. വ്യാജ അക്കൗണ്ടുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്നും എസ്​.ബി.ഐ ആവശ്യപ്പെട്ടു.

അക്കൗണ്ടുകളിൽ തൽസ്ഥിതി നില നിർത്തണമെന്ന്​ ഡൽഹി ഹൈക്കോടതി എസ്​ബി.ഐയോട്​ നിർദേശിച്ചു.

റിലയൻസിന്‍റെ അക്കൗണ്ടുകൾ വ്യാജമെന്ന്​ കാണിച്ച്​ 2016-ൽ ആർ.ബി.ഐ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ റിലയൻസിന്‍റെ മുൻ ഡയറക്​ടർ പുനിത്​ ഗാർഗ്​ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുകക്ഷികളുടേയും വാദം കേൾക്കാതെയാണ്​ ആർ.ബി.ഐ സർക്കുലറെന്നായിരുന്നു ഗാർഗിന്‍റെ ആരോപണം.

എസ്​.ബി.ഐ നടത്തിയ ​വിശദമായ പരിശോധനയിൽ അക്കൗണ്ടുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ്​ ഇത്​ വ്യാജമെന്ന നിഗമനത്തിലേക്ക്​ ബാങ്ക്​ എത്തിയത്​. ഒരു കോടിക്ക്​ മുകളിലുള്ള തട്ടിപ്പാണ്​ നടന്നത് എന്നതിനാൽ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണമുണ്ടാവുമെന്നാണ്​ സൂചന.