തിരുവനന്തപുരത്തെ ഭീമയില്‍ ഒരു ദിവസം വിറ്റത് 200 കോടിയുടെ സ്വര്‍ണം; പൊതുജനം വാങ്ങിക്കൂട്ടിയത് 250 കിലോ സ്വര്‍ണവും 400 കാരറ്റ് വജ്രവും; ഗിന്നസ് ലോക റെക്കോഡ്

തിരുവനന്തപുരം ജില്ലയില്‍നിന്ന് മാത്രം 200 കോടിയോളം രൂപയുടെ സ്വര്‍ണ്ണ വ്യാപാരം നടത്തി, ഗിന്നസ് ലോക റെക്കോഡിന് അര്‍ഹമായി ഭീമ. ജില്ലയിലെ മൂന്ന് ഷോറൂമുകളില്‍നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോ സ്വര്‍ണവും 400 കാരറ്റ് വജ്രവും എം.ജി.റോഡ് ഷോറൂമില്‍നിന്ന് 160 കിലോ സ്വര്‍ണവും 320 കാരറ്റ് ഡയമണ്ട് വില്പനയും നടത്തി. സ്വര്‍ണ്ണത്തില്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യമാണിതെന്ന് ഭീമ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.
ഈ നാഴികക്കല്ലിലെത്തുന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്ന് എം.ഡി. സുഹാസ് എംഎസും വ്യക്തമാക്കി. ഇരു ദിവസം ഇത്രയും കച്ചവടം ഒരു സ്വര്‍ണ്ണക്കടയില്‍ നടക്കുന്നത് ആദ്യമായാണ്.

അതേസമയം, സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റമാണ് നടക്കുന്നത്. പവന് 640 രൂപ വര്‍ധിച്ച് 58,280 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 7,285 രൂപയിലെത്തി. മൂന്നുദിവസംകൊണ്ട് പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയും കൂടി.

നവംബര്‍ പത്തിനുശേഷം സ്വര്‍ണ വില ആദ്യമായാണ് 58,000 രൂപയ്ക്കു മുകളിലേക്ക് എത്തുന്നത്. യു.എസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തോടെ കുറഞ്ഞുതുടങ്ങിയ സ്വര്‍ണ വില നവംബര്‍ 14-ന് 55,480 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്ക് ആനുപാതികമായി വിലയില്‍ ചാഞ്ചാട്ടം തുടരുന്നതാണ് കണ്ടത്.

ആറുമാസത്തെ ഇടവേളയ്ക്കുശേഷം ചൈനീസ് കേന്ദ്രബാങ്ക് സ്വര്‍ണം വാങ്ങിത്തുടങ്ങിയതും സിറിയയിലെ ഭരണമാറ്റവും സ്വര്‍ണ വിലയെ സ്വാധീനിച്ചു. ഇതോടൊപ്പം യു.എസ്. ട്രഷറി ബോണ്ടില്‍നിന്നുള്ള ആദായം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തി. ഇത് അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടാക്കിയ മുന്നേറ്റമാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,692 ഡോളറിനു മുകളിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്.