BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

വിരാട് കോഹ്ലിയുടെ മൈതാനത്തെ ആക്രമണ സ്വഭാവം പ്രശസ്തമാണ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിവസവും ക്രിക്കറ്റ് ലോകം അത് കണ്ടു. ഇന്ത്യന്‍ ബോളിംഗ് നിരയെ നിശബ്ദരാക്കി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത 19 കാരന്‍ സാം കോന്‍സ്റ്റാസായിരുന്നു കോഹ്‌ലിയുടെ ഇര.

യുവതാരത്തെ തോളുകൊണ്ട് ഇടിച്ചാണ് കോഹ്ലി പ്രകോപിപ്പിച്ചത്. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ കോഹ്ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു രംഗത്തുവന്നു. പിന്നീട് കോഹ്‌ലി ഇതോര്‍ത്ത് പശ്ചാത്തപിക്കുമെന്നാണ് വോണ്‍ പറയുന്നത്.

അതിന്റെ ആവശ്യമില്ലായിരുന്നു. വിരാട് കോഹ്ലി അനുഭവപരിചയമുള്ളയാളാണ്, അവന്‍ തിരിഞ്ഞുനോക്കുകയും താന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ചിന്തിക്കുകയും ചെയ്യും. 19-കാരന്‍ തന്റെ ബാറ്റിംഗ് പങ്കാളിയുടെ അടുത്തേക്ക് മടങ്ങുകയായിരുന്നു. പക്ഷേ വിരാട്ടാണ് അവനു നേരെ ചാര്‍ജ് ചെയ്തത്. മാച്ച് റഫറി തീര്‍ച്ചയായും സംഭവം പരിശോധിക്കും- മൈക്കല്‍ വോണ്‍ പറഞ്ഞു.

സംഭവത്തില്‍ ഇടപെട്ട ഐസിസി കോഹ്‌ലിക്ക് തക്കതായ ശിക്ഷ നല്‍കി.അനാവശ്യമായി എതിര്‍താരവുമായി ഫിസിക്കല്‍ കോണ്‍ടാക്ട് ഉണ്ടാക്കിയതിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് ഐസിസി ചുമത്തിയിരിക്കുന്നത്.