ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

ലോട്ടറി വകുപ്പിന്റെ നിര്‍ദേശാനുസരണം പൊലീസ് തനിക്കെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി വ്യവസായി ബോബി ചെമ്മണൂര്‍. ബോചെ ടി ലക്കി ഡ്രോ ലോട്ടറിയല്ലെന്ന് അദേഹം വ്യക്തമാക്കി.

ബോചെ ടിയുടെ പ്രമോഷന്റെ ഭാഗമായാണ് ലക്കി ഡ്രോയിലൂടെ ആളുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇത് ലോട്ടറിയല്ല. ഇതുസംബന്ധിച്ച് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 100 ഗ്രാമിന്റെ പാക്കറ്റ് ചായപ്പൊടിക്കാണ് 40 രൂപ ഈടാക്കുന്നത്.

പ്രമോഷന്റെ ഭാഗമായാണ് കൂടെ ലക്കി ഡ്രോ കൂപ്പണ്‍ നല്‍കുന്നത്. അമിതവില ഈടാക്കുന്നുവെന്ന പരാതിയിലും വസ്തുതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തേയിലക്കച്ചവടമാണ് ഉദ്ദേശ്യമെന്നും ബോചെ ടി വില്‍പ്പനയെത്തുടര്‍ന്ന് കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ചാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബോചെ ഭൂമിപത്ര എന്ന സ്വകാര്യകമ്പനിയുടെ മറവില്‍ ചായപ്പെടി വില്‍പ്പനയും പ്രെമോഷനുമെന്ന പേരില്‍ ചായപ്പൊടി പായ്ക്കറ്റിന്റെ ഒപ്പം ലോട്ടറി ടിക്കറ്റും വില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വകുപ്പ് ആരോപിച്ചിരിക്കുന്നത്.

ദിനംപ്രതി നറുക്കെടുപ്പും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ദിനംപ്രതി ബോബി ചെമ്മണ്ണൂര്‍ ഉണ്ടാക്കുന്നതെന്നും പൊലീസ് കേസില്‍ പറയുന്നു. ലോട്ടറി റെഗുലേഷന്‍ വകുപ്പിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരിക്കുന്നത്.