സ്ത്രീകള്‍ക്ക് നോമ്പ് തുറക്കുള്ള സംവിധാനം പരിമിതം; ആവശ്യമെങ്കില്‍ തീര്‍ഥയാത്രയില്‍ പങ്കെടുക്കാം; പുരുഷമാര്‍ക്ക് മാത്രമുള്ള യാത്ര വിവാദമായതോടെ തിരുത്തി കെഎസ്ആര്‍ടിസി

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി റമദാനില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി നടത്താന്‍ തീരുമാനിച്ച തീര്‍ഥയാത്ര വിവാദമായതോടെ നിലപാട് മാറ്റി കെഎസ്ആര്‍ടിസി. തീര്‍ത്ഥയാത്രയില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിലപാട് മാറ്റം.

രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയില്‍ തിരിച്ചെത്തുന്ന യാത്രയില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാകുക എന്നതായിരന്നു കെ.എസ്.ആര്‍.ടി.സി പുറത്തിറക്കിയ പോസ്റ്ററില്‍ പറഞ്ഞിരുന്നത്.

സ്ത്രീ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കുള്ള സംവിധാനം പരിമിതമായത് കൊണ്ടാണ് പുരുഷന്മാരെ മാത്രം ഉള്‍പ്പെടുത്തി യാത്ര തീരുമാനിച്ചതെന്നും താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

‘പുണ്യ പൂക്കാലം ധന്യമാക്കാന്‍ മഹാന്മാരുടെ ചാരത്ത്’ എന്ന പേരില്‍ മാര്‍ച്ച് 20 ന് മലപ്പുറം ഡിപ്പോയില്‍ നിന്നാണ് യാത്ര പുറപ്പെടുക. 600 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മഖാമുകള്‍ സന്ദര്‍ശിച്ച് നോളജ് സിറ്റിയില്‍ ഇഫ്ത്താറും (നോമ്പുതുറ) തറാവീഹും (രാത്രിനമസ്‌ക്കാരം) ഒരുക്കും. ഓമാനൂര്‍ ശുഹദാ മഖാം, ശംസുല്‍ ഉലമ മഖാം, വരക്കല്‍ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം, നോളജ് സിറ്റി എന്നിവടങ്ങളിലേക്കാണ് തീര്‍ത്ഥാടന യാത്ര.

രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9400128856, 8547109115 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയ റിലീസില്‍ പറയുന്നത്.