2024 അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ സ്വര്‍ണവിപണി ഈ വര്‍ഷത്തിന്റെ ഉന്നതിയില്‍ സംതൃപ്തിയിലാണ്. ചാഞ്ചാട്ടം ഒരുപാട് കണ്ടെങ്കിലും ചെറിയ ചെറിയ ഇടിവുകള്‍ക്കപ്പുറം സ്വര്‍ണം വിലയുടെ കാര്യത്തില്‍ വിപണിയില്‍ കരുത്തുകാട്ടിയ വര്‍ഷം. 2024 ജനുവരി 2ന് ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമായിരുന്ന സ്വര്‍ണ്ണവില 2024 അവസാനിക്കുമ്പോള്‍ മികച്ച രീതിയിലാണ് മുന്നേറിയിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 31 ല്‍ 7455 രൂപ ഗ്രാമിനും, 59640 രൂപ പവനും ആയി വില വര്‍ദ്ധിച്ചതാണ് ഈ വര്‍ഷത്തെ റെക്കോര്‍ഡ് സ്വര്‍ണവില. ഏകദേശം 27 ശതമാനത്തിന്റെ വില വര്‍ദ്ധനവാണ് ഈ കാലയളവില്‍ സ്വര്‍ണത്തില്‍ പ്രതിഫലിച്ചത്.
ഒക്ടോബറിന് ശേഷം പിന്നീട് വില കുറഞ്ഞും കൂടിയുമെല്ലാം സ്വര്‍ണ വില ചാഞ്ചാട്ടത്തില്‍ ആയിരുന്നെങ്കിലും 7000 രൂപയ്ക്ക് താഴെ സ്വര്‍ണ്ണവില വന്നില്ലെന്നതാണ് നിര്‍ണായകം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2019-ല്‍ 1300 ഡോളര്‍ ലെവലില്‍ നിന്നും 2076 ഡോളര്‍ വരെ ഉയര്‍ന്നു. പക്ഷേ കഴിഞ്ഞ നാല് അല്ലെങ്കില്‍ 5 വര്‍ഷമായി സ്വര്‍ണ്ണവില 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ നിലനിന്നിരുന്നതായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വളരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്തരാഷ്ട്ര വിലയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25 ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബ്ബലമായതും സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായി.
ഇറക്കുമതി നികുതി കേന്ദ്ര ഗവണ്‍മെന്റ് 15 ല്‍ നിന്നും 6% ആക്കി കുറച്ചത് വിലയില്‍ 9% ത്തോളം കുറവ് വരുത്തി. ഇനി സ്വര്‍ണവില ഈ വര്‍ഷം ഉയരാനുണ്ടായ കാരണങ്ങള്‍ ചിലതുണ്ട്. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ എന്നിവയ്‌ക്കൊപ്പം യുദ്ധവും സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കാണാനുള്ള കാരണമായി. ഇസ്രയേല്‍ – ഹമാസ്, റഷ്യ – ഉക്രൈന്‍ യുദ്ധം തുടങ്ങി മറ്റ് അന്തര്‍ദേശിയ സംഘര്‍ഷങ്ങളെല്ലാം സ്വര്‍ണ വിലയുടെ ഉയര്‍ച്ചയ്ക്ക് ഹേതുവായി. ഇതിനെല്ലാം പ്രധാനമായത് അന്താരാഷ്ട്ര വിപണിയിലടക്കം ഉയര്‍ന്ന വില നിക്ഷേപകരില്‍ ഉണര്‍ത്തിയ ശുഭാപ്തി വിശ്വാസവും അതുണ്ടാക്കിയ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡുമാണ്. അന്താരാഷ്ട്ര വിലയില്‍ ഉണ്ടായ ഉയര്‍ച്ചയും കറന്‍സിലുള്ള മാറ്റവും ഇംപോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായ മാറ്റവും പരിഗണിച്ചാല്‍ സ്വര്‍ണ്ണവിലയില്‍ ഉണ്ടായ മാറ്റാം ഒരു വര്‍ഷം കൊണ്ട് 31 ശതമാനമാണ്. ഏകദേശം 4 അല്ലെങ്കില്‍ 5 വര്‍ഷം പരിഗണിച്ചാലും ഉയര്‍ച്ച ഏകദേശം അത്ര തന്നെയാണെന്ന് കാണാം.
2024 കടന്ന് 2025ലേക്ക് എത്തുമ്പോള്‍ സ്വര്‍ണ വ്യാപാരികളുടേയും പ്രതീക്ഷ ഒട്ടനവധിയാണ് ഒപ്പം സ്വര്‍ണ്ണവിലയെ സംബന്ധിച്ച് 2025 വളരെ നിര്‍ണ്ണായകമായിരിക്കും. അമേരിക്കയില്‍ വന്ന ഭരണമാറ്റം സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കും. ഫെഡ് പോളിസി നിലവില്‍ 2 തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അന്തര്‍ദേശീയ സംഘര്‍ഷങ്ങളില്‍ അയവ് വരുകയും ചെയ്യുമെന്ന പ്രതീക്ഷയും സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കും. ട്രംമ്പ്, ഇലോണ്‍ മസ്‌ക്ക് അടക്കമുള്ള ടീം നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സംരഷിക്കുമെന്നും അതു പൊലെ ഡി ഡോളറൈസേഷന് എതിരെ ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്യ്താല്‍ സ്വര്‍ണവില താഴേക്ക് പോകാനും സാധ്യതയുണ്ട്. ട്രമ്പിന്റെ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തുകയും പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടി വന്നാലോ അല്ലെങ്കില്‍ കൂട്ടേണ്ട സാഹചര്യം വന്നാലും സ്വര്‍ണ്ണവിലയില്‍ ശക്തമായ ഇടിവുണ്ടാകും. അത് 2200 – 2300 ഡോളറിലേക്ക് വീണു തിരുത്തല്‍ സംഭവിക്കാനിടയുണ്ടെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു. മറിച്ച് അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചാലും ട്രമ്പിന്റെ ട്രേഡ് സാഹചര്യങ്ങളും താരീഫ് ഉയര്‍ത്തലുകളും ഒക്കെ തുടരുകയാണെങ്കിലും പലിശ നിരക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചാലും സ്വര്‍ണ വില 2900- 3000 ഡോളറിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യയില്‍ ഗവണ്‍മെന്റ കഴിഞ്ഞ വര്‍ഷം ഇംപോര്‍ട്ട് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് തടയാനും ഇംപോര്‍ട്ട് കുറച്ച് കറന്‍സിയെ സംരക്ഷിക്കാനും ആണ്. ഈ ഇറക്കുമതി കുറയ്ക്കല്‍ നിലപാട് SGBയില്‍ വന്ന നഷ്ടത്തിന്റെ ഭാഗമാണ് എന്നും കരുതപ്പെടുന്നു. ഒരു പക്ഷേ സ്വര്‍ണ്ണ മേഖലയിലും ഒരു ഗോള്‍ഡ് ഡിക്ലറേഷന്‍ വരുന്നതിന്റെ ഭാഗമാകാം ഇതെന്നും നിലവില്‍ HUID അടക്കമുള്ള എല്ലാ സംവിധാനങ്ങളും അതിന്റെ ഭാഗമാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു. ജ്വല്ലറി വ്യവസായത്തിന്റെ ഒര്‍ഗനൈസ്ഡ് മേഖലയിലേക്കുള്ള മാറ്റത്തിന്റെ വേഗത കരുത്താര്‍ജിക്കാം ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു..