ബൈജൂസിനെ വിടാതെ പ്രതിസന്ധി; ആറുമാസം മുമ്പ് നിയമിച്ച സിഇഒയും രാജിവച്ചു; ബൈജു രവീന്ദ്രന്‍ വീണ്ടും കമ്പനിയിലേക്ക്

എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ഇന്ത്യയുടെ സിഇഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചു. സ്ഥാനമേറ്റെടുത്ത് ആറ് മാസം പിന്നിടുമ്പോഴാണ് സിഇഒ സ്ഥാനത്തു നിന്നും അര്‍ജുന്‍ മോഹന്‍ രാജിവെച്ച് ഒഴിഞ്ഞത്. 2023-സെപ്റ്റംബറിലാണു ബൈജൂസിന്റെ സിഇഒയായി അര്‍ജുന്‍ മോഹന്‍ ചുമതലയേറ്റത്.

അര്‍ജുന്‍ രാജിവെച്ചതോടെ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ ഇന്ത്യ ബിസിനസിന്റെ മേല്‍നോട്ടം ബൈജു രവീന്ദ്രന്‍ നേരിട്ട് നിര്‍വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് ബൈജു രവീന്ദ്രന്‍ തിരിച്ചു വരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈജു രവീന്ദ്രനെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനായി ഒരുകൂട്ടം നിക്ഷേപകര്‍ അസാധാരണപൊതുയോഗം നടത്തുകയും എതിരായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അസാധാരണ പൊതുയോഗത്തിന്റെ നടപടികള്‍ നടപ്പാക്കുന്നതിനതിരെ ബൈജൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

ബൈജൂസിന്റെ പ്രതിസന്ധികള്‍ക്ക് കാരണം ബൈജുവിന്റെ മിസ്മാനേജ്മെന്റാണെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ഇതിനിടെ ബൈജൂസ് നിരവധി തവണ ജീവനക്കാരെ പിരിച്ചു വിടുകയും ബംഗളൂരുവിലേതുള്‍പ്പെടെയുള്ള പല ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മാത്രം 500 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ശമ്പളം കൃത്യസമയത്ത് കൊടുക്കാനാകാത്തതും ബൈജൂസിനെ വലക്കുന്നുണ്ട്.

കമ്പനിയുടെ തലപ്പത്ത് നിന്നും അര്‍ജുന്‍ മോഹന്‍ പടിയിറങ്ങുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍ ബൈജൂസിന്റെ ഉപദേശകനായി അര്‍ജുന്‍ മോഹന്‍ തുടരുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.