ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ വാര്‍ത്തയ്ക്ക് പ്രതിഫലം നല്‍കാന്‍ ഗൂഗിളും ഫെയ്സ്ബുക്കും ബാദ്ധ്യസ്ഥര്‍; ഉടന്‍ നിയമം കൊണ്ടുവരും; നയം വ്യക്തമാക്കി കേന്ദ്രം

ഗൂഗിളും ഫേയ്സ്ബുക്കും പോലെയുള്ള വമ്പന്‍ കമ്പനികള്‍ ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്കു വരുമാനവിഹിതം പങ്കുവെയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പത്രങ്ങളുടെയും ചാനലുകളുടെയും വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തിന്റെ ന്യായമായ വിഹിതം ഇന്റര്‍നെറ്റ് കമ്പനികള്‍ മാധ്യമസ്ഥാപനങ്ങള്‍ക്കു നല്‍
കാന്‍ ബാധ്യസ്ഥരാണ്.

ഡിജിറ്റല്‍/അച്ചടി മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിക്കും വാര്‍ത്താവ്യവസായത്തിന്റെ സാമ്പത്തികഭദ്രതയ്ക്കും ഇത് അനിവാര്യമാണെന്നു കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന ഉള്ളടക്കമാണു വമ്പന്‍ ടെക് കമ്പനികള്‍ പങ്കുവയ്ക്കുന്നത്. യഥാര്‍ഥ വാര്‍ത്താ ഉറവിടങ്ങള്‍ക്കു ന്യായമായ വരുമാനവിഹിതം നല്‍കേണ്ടതു വാര്‍ത്താവ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇതിനായി നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്ന് വിവര-സംപ്രേഷണമന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര എന്നിവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തനത്തിന്റെ നിലനില്‍പിനും അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആരോഗ്യകരമായ സാമ്പത്തിക സ്ഥിതിക്കും ഇതു പ്രധാനമാണെന്ന് അദേഹം പറഞ്ഞു. മാധ്യമസ്ഥാപനങ്ങള്‍ നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടിനെ ഇതിനോടു ചേര്‍ത്തു കാണണം. ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ഇവര്‍ക്കു ന്യായമായ പ്രതിഫലം കിട്ടണം. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) ഉള്‍പ്പെടെയുള്ള സംഘടനകളും നേരത്തെ മുതലേ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

2000 ലെ ഐടി നിയമത്തിനു പകരം സര്‍ക്കാര്‍ കൊണ്ടുവരുന്ന ഡിജിറ്റല്‍ ഇന്ത്യ നിയമത്തിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ 2 വര്‍ഷം മുന്‍പു കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകള്‍ മാതൃകയാക്കിയാണ് ഇന്ത്യയിലും നിയമം വരുന്നത്. വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനു ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ സ്ഥാപനങ്ങള്‍ അതു തയാറാക്കിയ മാധ്യമങ്ങള്‍ക്കു പണം നല്‍കണമെന്നു വ്യവസ്ഥ ചെയ്യുന്നതാണ് ഓസ്‌ട്രേലിയയിലെ നിയമം.

Read more

ഇന്റര്‍നെറ്റ് കമ്പനികള്‍ വലിയ ലാഭം ഉണ്ടാക്കുമ്പോഴും ഈ ഉള്ളടക്കം തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും ഇതില്‍ വലിയ അസമത്വം നിലനില്‍ക്കുന്നു. ഇതു പരിഹരിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഉള്ളടക്ക രൂപീകരണത്തിലും അതില്‍ നിന്നു വരുമാനം ഉണ്ടാക്കുന്നതിലും തുടക്കം മുതല്‍ അസമത്വമുണ്ട്. ചെറിയ മാധ്യമ സ്ഥാപനങ്ങളെ ഇതു ഗുരുതരമായി ബാധിച്ചുവെന്ന്അദ്ദേഹം പറഞ്ഞു.