ഡല്‍ഹി തിരഞ്ഞെടുപ്പും ആപ്- കോണ്‍ഗ്രസ് പോരും ഇന്ത്യ മുന്നണിയിലെ ചേരിയും; 'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപിയുടെ ലക്ഷ്യമെങ്കില്‍ ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ചവരും ഇപ്പോള്‍ അത് തന്നെയാണ് പറയുന്നത്, കോണ്‍ഗ്രസ് മുക്ത ഇന്ത്യ മുന്നണിയെന്ന്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യ മുന്നണിയ്ക്കുള്ളില്‍ കോണ്‍ഗ്രസ് വിരുദ്ധ സമീപനം പ്രത്യക്ഷത്തില്‍ തന്നെ പ്രകടമാവുകയാണ്. ഡല്‍ഹി ഇപ്പോള്‍ കാണുന്നത് കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷ ഐക്യത്തിന്റെ പ്രാരംഭ രൂപമാണ്. ആംആദ്മി പാര്‍ട്ടിയുടെ കടുംവെട്ട് ഡിമാന്‍ഡുകള്‍ക്ക് വഴങ്ങാതിരുന്ന കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ ഡല്‍ഹിയില്‍ കനത്ത പോര് ഉടലെടുക്കുമ്പോള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിതരായി. കോണ്‍ഗ്രസിനെ ഒരിക്കല്‍ പോലും പ്രധാന സഖ്യകക്ഷിയായി കാണാത്ത പ്രാദേശിക പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യ മുന്നണിയിലെ പ്രമുഖ സഖ്യകക്ഷികളെല്ലാം കോണ്‍ഗ്രസിനെ തഴഞ്ഞ് ആപിനാണ് ഡല്‍ഹിയില്‍ തങ്ങളുടെ പിന്തുണയെന്ന് വ്യക്തമാക്കി. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും ഡല്‍ഹിയില്‍ തങ്ങള്‍ നിര്‍ബാധം അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഹരിയാന- മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ശേഷം ഇന്ത്യ മുന്നണിയിലുണ്ടായ കോണ്‍ഗ്രസിലുള്ള അവിശ്വാസമാണ് ഡല്‍ഹിയില്‍ മറനീക്കി പുറത്തുവരുന്നത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായിരുന്ന ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വെവ്വേറെയാണ് മത്സരിക്കുന്നതെന്ന് തുടക്കത്തിലെ വ്യക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയ്ക്കുള്ളില്‍ നിന്ന് തന്നെ ബന്ധം വിച്ഛേദിക്കുക മാത്രമല്ല ഇരുകൂട്ടരും ചെയ്തത് പക്ഷേ പരസ്പരം ചെളിവാരിയെറിയുക കൂടിയാണ്. ഡല്‍ഹിയിലെ മുഖ്യ എതിരാളിയായ ബിജെപി ഈ തമ്മില്‍തല്ലും കോലാഹലവും കണ്ടു തങ്ങളുടെ പണി എളുപ്പമായെന്ന മട്ടില്‍ ഇരുകൂട്ടര്‍ക്കെതിരേയും പ്രചരണവമായി മുന്നേറുകയാണ്. ഇതോടെ ദേശീയ തലസ്ഥാനം ത്രികോണ ഹൈ-വോള്‍ട്ടേജ് മത്സരത്തിനാണ് തയ്യാറെടുക്കുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സീറ്റ് മോഹവും ഭരണ മോഹവുമെല്ലാം ഉപേക്ഷിച്ച് 10 വര്‍ഷക്കാലമായി ഭരിക്കുന്ന തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന നിലപാടിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി തുടക്കം മുതല്‍ സ്വീകരിച്ചത്. അതായത് തങ്ങളുടെ 15 കൊല്ലത്തെ ഹാട്രിക് ഭരണത്തെ അവസാനിപ്പിച്ചവര്‍ക്ക് മുന്നില്‍ വിട്ടുവീഴ്ച ചെയ്ത് ഡല്‍ഹിയിലെ ചിത്രത്തില്‍ നിന്ന് കോണ്‍ഗ്രസ് പരമാവധി ഒഴിഞ്ഞുനില്‍ക്കണമെന്ന നിലപാട്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന് ഇത്തരത്തില്‍ മാളത്തിലൊളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലായിരുന്നു. പക്ഷേ കോണ്‍ഗ്രസ് ആപിന് വേണ്ടി മാറണമെന്ന ഡിമാന്‍ഡുമായി ആദ്യം തന്നെ സീറ്റുകളിലെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഭരണകക്ഷി കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിച്ചതേ ഇല്ല. നാലാം തവണ ഡല്‍ഹിയില്‍ ഭരണത്തിലെത്താന്‍ ആപ് കഠിനശ്രമത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബിജെപിയ്‌ക്കൊപ്പം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്റെ സഖ്യകക്ഷിയേയും മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.ഡല്‍ഹിയിലെ ശത്രുത കനത്തപ്പോള്‍ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ഇന്ത്യന്‍ ബ്ലോക്കിനെ പ്രേരിപ്പിക്കുമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആം ആദ്മി പാര്‍ട്ടി നിര്‍ദയം പ്രഖ്യാപിച്ചു. മുത്തശ്ശി പാര്‍ട്ടിയുടെ നേതാക്കള്‍ എഎപിക്കെതിരെ ശക്തമായി പ്രചാരണം അഴിച്ചിവിട്ടതോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചത്.

ദേശീയ തലസ്ഥാനത്ത് ബിജെപിയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്നിരിക്കെ കളത്തില്‍ കോണ്‍ഗ്രസ് കൂടി ആക്രമണാത്മക സമീപനം സ്വീകരിച്ചതോടെ ആപ്പിന് എതിരാളികള്‍ രണ്ടായി. ഡല്‍ഹിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാ ആയുധവും ഇറക്കി നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശക്തമായാണ് പോരാട്ടവേദിയില്‍ ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത് ഹരിയാനയിലും മഹാരാഷ്ട്രയിലും പാര്‍ട്ടി നേരിട്ട തിരിച്ചടി സഖ്യത്തിലടക്കം തങ്ങളുടെ നില പരുങ്ങലിലാക്കിയപ്പോഴാണ്. ഇനി തല ഉയര്‍ത്തി ഇന്ത്യ മുന്നണിയില്‍ നില്‍ക്കണമെങ്കില്‍ വിജയം കൂടിയേ തീരുവെന്ന അവസ്ഥയില്‍ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചതും ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ അക്രമോല്‍സുക നിലപാടില്‍ നിന്നും വ്യക്തമാണ്. കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് ‘ഭരണഘടനയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് നിലവില്‍ ഉദ്ദേശിക്കുന്നത്. കാരണം കിഴക്കന്‍ ഡല്‍ഹി പ്രദേശം ഒരിക്കല്‍ പാര്‍ട്ടിയുടെ ടര്‍ഫ് ആയിരുന്നു. 1998 മുതല്‍ 2013വരെ നീണ്ട ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഹാട്രിക് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിന്നും 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ വീഴ്ത്തിയത് ഈ പാര്‍ട്ടി കോട്ടയിലുണ്ടായ ചോര്‍ച്ചയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയിലേക്ക് നീങ്ങിയ പാര്‍ട്ടിയുടെ പ്രധാന വോട്ടുബാങ്കായ ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരെ തിരിച്ചു കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. എന്തായാലും കോണ്‍ഗ്രസ് ആപ് പോരില്‍ പ്രതിപക്ഷ വോട്ടുകള്‍ ചിതറുമ്പോള്‍ രണ്ടര പതിറ്റാണ്ടിനിപ്പുറം ഡല്‍ഹിയില്‍ താമര വിരിയുമോയെന്ന ചോദ്യം മാത്രമാണ് ബാക്കിയാവുന്നത്.

Read more