ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാർട്ടും ആമസോണും; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ!

ഉത്സവ സീസണിൻ്റെ വരവോടെ ഓഫറുകളുടെ പെരുമഴയുമായി ഈ വർഷത്തെ ഏറ്റവും വലിയ വിൽപ്പനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ലിപ്‌കാർട്ടും. ബിഗ് ബില്യൺ ഡെയ്സുമായി ഫ്ലിപ്കാർട്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായി ആമസോണും 27 മുതൽ ഓഫർ മേള ആരംഭിക്കും. പ്രീമിയം മെമ്പർമാർക്കായി 24 മണിക്കൂർ മുമ്പ് ഓഫറുകൾ ലഭ്യമായി തുടങ്ങും. അതായത് 26ന് അർധരാത്രി മുതൽ ഓഫറുകൾ കാണാം.

ഒക്ടോബർ 6 വരെയാണ് ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡെയ്‌സ് ഓഫറുകൾ ലഭ്യമാവുക. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഓഫറുകളുമായാണ് ആമസോൺ എത്തുന്നത്. ഇവയ്ക്ക് പുറമെ മിന്ത്ര, മീഷോ തുടങ്ങിയ ഇ-കോമേഴ്‌സ് കമ്പനികളും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ്, വാഷിംഗ് മെഷീൻ, എസി, സ്മാർട്ട് ടിവി, ബ്രാൻഡഡ് തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ, ഇയർഫോൺ, ടോയ്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിമാനടിക്കറ്റ് വരെ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ, സാംസംഗ്, വൺപ്ലസ്, നത്തിംഗ്, വിവോ തുടങ്ങിയ പ്രമുഖ കമ്പനികളുടെയെല്ലാം ഫോണുകൾ ഇതുവരെ കിടിലൻ ഓഫറുകളിലാണ് ലഭിക്കുക.

ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളുടെ ഇരുചക്ര വാഹനങ്ങളും അടിപൊളി ഓഫറിലൂടെ ഫ്‌ളിപ്കാർട്ടിൽ വാങ്ങാനാകും. ഫ്ലിപ്‌കാർട്ടിൻറെ പ്രത്യേക വിൽപനയിൽ ഏറ്റവും ആകർഷകമായ ഉൽപന്നങ്ങളിൽ ഒന്ന് സ്‌മാർട്ട്ഫോണുകളാണ്. ആപ്പിളിൻറെ ഐഫോൺ 15 വൻ വിലക്കുറവിൽ വാങ്ങാൻ ഓഫർ മേളയിൽ അവസരമുണ്ട്. മികച്ച ഫീച്ചറുകളോടെയുള്ള ആപ്പിളിൻറെ സ്‌മാർട്ട്ഫോണുകളിൽ ഒന്നാണിത്.

ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീൽസ്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻസ്, ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയ ആകർഷകമായ ഓഫറുകൾ വഴി ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും.

ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ വിറ്റ് പുതിയവ വാങ്ങാനുള്ള അവസരവും ഉണ്ട്. നോ- കോസ്റ്റ് ഇഎംഐ വഴി ഉപഭോക്താക്കൾക്ക് പലിശ ഇല്ലാതെ തന്നെ സ്മാർട് ടിവി, പ്രീമിയം സ്മാർട് ഫോൺ ഉപകരണങ്ങൾ വാങ്ങിക്കാം. കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും കൂപ്പൺ ഡിസ്കൗണ്ടുകളും ഫ്ലിപ്കാ‍ർട്ട് ഒരുക്കുന്നുണ്ട്.

നിലവിൽ വിപണിയിലെ ട്രെൻഡായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഫ്‌ളിപ്കാർട്ടിന്റെ പുതിയ നീക്കങ്ങൾ. ഷോപ്പിംഗ് സംബന്ധിച്ച ഉപയോക്താക്കളുടെ സംശയങ്ങൾ തീർക്കാൻ ഫ്‌ളിപ്പി 2.0 എന്ന പേരിൽ എ.ഐ ചാറ്റ്‌ബോട്ട് സംവിധാനമാണ് ഫ്‌ളിപ്കാർട്ടിനുള്ളത്. ഇതിന് പുറമെ എഐ ഉപയോഗിച്ച് നിർമിച്ച പ്രോഡക്ട് എക്‌സ്‌പ്ലെയിനർ വീഡിയോയും ഇത്തവണ വ്യത്യസ്തമാകും.

ഇത്തവണ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക്‌ വമ്പൻ ഓഫറുകളാണ്‌ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ കണ്ടിഷണർ, വാഷിംഗ് മെഷീൻ, ടിവി, റഫ്രിജറേറ്റർ തുടങ്ങിയ വീട്ടുപകരണങ്ങൾക്ക് 65 ശതമാനം വരെയാണ് ഓഫറുകൾ നൽകുന്നത്. എസ്ബിഐ കാർഡുടമകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

ആയിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ ആമസോൺ പേ യുപിഐ വഴി ചെയ്താൽ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡെബിറ്റ്/ക്രെഡിറ്റ്, ഈസി ഇഎംഐ ഇടപാടുകൾ എന്നിവയിൽ 10 ശതമാനം കിഴിവ് ലഭിക്കും.

അതേസമയം, 27ന് തുടങ്ങുന്ന മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിൽ 30 വിഭാഗങ്ങളിലായി 1.2 കോടി ഉത്പന്നങ്ങളും 20 ലക്ഷം വ്യാപാരികളുമാണ് ഭാഗമാകുന്നത്. 9,700 ബ്രാൻഡഡ് ഉത്പന്നങ്ങളുമായി മിന്ത്രയുടെ ബിഗ് ഫാഷൻ ഫെസ്റ്റിവൽ 26ന് തുടങ്ങും. രാജ്യത്ത് ഉത്സവ സീസണിൻറെ വരവറിയിച്ചുകൊണ്ട് ഇ-കൊമേഴ്‌സ് സൈറ്റുകൾ ഗംഭീര ഓഫറുകൾ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.