കേരളത്തില്‍ റെക്കോര്‍ഡിട്ട് സ്വര്‍ണവില; പവന് 56,000 രൂപ; മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതിയില്‍ വില വീണ്ടും കുതിക്കുമെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ റെക്കോര്‍ഡ് ഇട്ട് സ്വര്‍ണവില. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ചരിത്രമെഴുതിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.

മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു കാരണം. കൂടാതെ യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. യുഎസ് ഡോളര്‍ ശക്തിപ്പെടുന്നത് സ്വര്‍ണത്തിന്റെ വില വര്‍ധനയെ തടയുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.