'വേണമെങ്കില്‍ മരുഭൂമിയിലേക്കും മണലുകയറ്റിവിടാം'; ചൈനയിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബഹുഭൂരിപക്ഷവും എത്തിയിരുന്നത് ചൈനയില്‍ നിന്നാണ്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ആപ്പിള്‍ ഇന്ത്യയിലെത്തിയതോടെയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ആപ്പിള്‍ മാക്ബുക്ക്, എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഐഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഘടകങ്ങളാണ് ചൈനയിലേക്ക് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തത്. നേരത്തെ ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഇരു രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് കയറ്റുമതി.

രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 300 കോടി ഡോളറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ആപ്പിള്‍ കമ്പനിയുടെ പ്രധാന നിര്‍മാണകേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഘടകങ്ങള്‍ ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് അവിടെ കൂട്ടിയോജിപ്പിക്കുന്ന നീക്കവും ആപ്പിള്‍ നടത്തുന്നുണ്ട്.

രാജ്യത്തെ ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യത്തേക്കുള്ള കയറ്റുമതി. 2030 ആകുമ്പോഴേക്കും 3500 മുതല്‍ 4000 കോടി ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതി ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.