സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ട എല്ലാ തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനോട് കോടതി. പിരിച്ചുവിട്ട 164 തൊഴിലാളികളെയും ആനുകൂല്യവും വേതന കുടിശ്ശികയും നല്‍കി തിരിച്ചെടുക്കാനാണ് എറണാകുളം ലേബര്‍ കോടതി വിധിയില്‍ പറയുന്നത്. സമരത്തിന്റെ പേരില്‍ മുത്തൂറ്റ് നടത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്നും 43 ശാഖ ഒറ്റയടിക്ക് പൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ടത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി അറിയിച്ചു.
തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം നാലുമാസത്തിനകം നല്‍കണം. വീഴ്ചവരുത്തിയാല്‍ ആറുശതമാനം പലിശ ഈടാക്കും. തൊഴിലാളികള്‍ക്ക് കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
മുത്തൂറ്റില്‍ 2016ല്‍ നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചതോടെയാണ് മാനേജ്മെന്റ് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പ്രതികാരനടപടി തുടങ്ങിയത്. നേതാക്കളെ അന്യായമായി സ്ഥലംമാറ്റി. ആനുകൂല്യങ്ങള്‍ തടഞ്ഞു. 2019 ആഗസ്തില്‍ സമരം തുടങ്ങി. 56 ദിവസം നീണ്ട സമരം ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്നിരുന്നു.
Read more
എന്നാല്‍, പ്രതികാരനടപടി പാടില്ലെന്ന വ്യവസ്ഥ മാനേജ്മെന്റ് ലംഘിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ജോലി ചെയ്തിരുന്നതടക്കം 43 ശാഖ ഡിസംബര്‍ ഏഴിന് പൂട്ടി. തുടര്‍ന്ന് ആരംഭിച്ച കോവിഡ് ലോക്ഡൗണ്‍ വരെയുള്ള 83 ദിവസം നീണ്ടുനിന്നിരുന്നു. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്‍കിയ കേസ് ഒത്തുതീര്‍പ്പിനായി ഹൈക്കോടതി ലേബര്‍ കോടതിക്ക് വിട്ടു. അതിലാണ് കഴിഞ്ഞ ദിവസം വിധിയായത്. സ്വയം പിരിഞ്ഞുപോയവര്‍ ഒഴികെയുള്ള എല്ലാവരെയും തിരിച്ചെടുക്കാനാണ് വിധി.