ഇനി എയര്‍ ഇന്ത്യയിലൂടെ വിസ്താര ബുക്ക് ചെയ്യാം; വിസ്താരയും എയര്‍ ഇന്ത്യയും നവംബര്‍ 12ഓടെ ഒന്നിക്കുന്നു

വിമാനക്കമ്പനികളായ വിസ്താര എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും നവംബറില്‍ ഒന്നിക്കും. ഇരു കമ്പനികളുടെയും ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.

യാത്രക്കാര്‍ക്ക് സേവന ശൃംഖല മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഇരുകമ്പനികളുടെയും ലയനം. ലയത്തിന് ശേഷം വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യയുടെ മേല്‍ത്തോട്ടത്തിലാകും. ഇതേ തുടര്‍ന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.

ലയനത്തിന് ശേഷമുള്ള വിസ്താര ബുക്കിംഗുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്യും. ഇതുകൂടാതെ നവംബര്‍ 12ന് ശേഷം വിസ്താരയുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ എന്ന ബ്രാന്റ്ിലേക്ക് മാറും. ഇരു കമ്പനികളുടെയും ലയനത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയവരുടെ അനുമതിയും നേടിയിട്ടുണ്ട്.