യു.പി.ഐ, ക്രഡിറ്റ് കാര്‍ഡ്, ഡബിറ്റ് കാര്‍ഡ് എന്നിങ്ങനെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരാണോ? തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ!

സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാകുകയും ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിക്കുകയും ചെയ്തതോടെ പണമിടപാടുകളുടെ വേഗതയും വര്‍ധിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ പണമിടപാടുകളെ ആശ്രയിക്കുന്ന ഇന്ത്യക്കാരും കൂടി. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഓരോ വര്‍ഷവും പുതിയ പുതിയ റെക്കോര്‍ഡുകള്‍ തൊടുകയാണ്. അതേ പോലെ തന്നെ തട്ടിപ്പുകാരും കളംപിടിക്കുകയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യത്തില്‍ ആരോഗ്യകരമായ തീരുമാനം എടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഉപകരണങ്ങളും ഉപദേശവും അനിവാര്യമായി വന്നിരിക്കുകയാണ്.

ഡിജിറ്റല്‍ പണമിടപാടുകളെ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലുള്ള ഒരു പ്രധാന ആധി തട്ടിപ്പുനടക്കാനുള്ള സാധ്യത ഏറെയാണ് എന്നതും ഇടപാടുകള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട് എന്നതുമാണ്. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം ആവശ്യമാണ് എന്നതാണ്.

ഡിജിറ്റല്‍ ഇടപാടുകള്‍ സുരക്ഷിതവും വിശ്വാസ്യതയോടും കൂടിയാക്കുകയെന്നത് വലിയ കടമ്പയാണ്. ഇത് പറ്റാവുന്നത്ര ലളിതമാക്കാന്‍ പല സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യത്തിനുവേണ്ടി 2016 മുതല്‍ ആര്‍.ബി.ഐ സാമ്പത്തിക സാക്ഷരത വാരം സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ സാമ്പത്തിക സാക്ഷരത വാരത്തിന്റെ തീം ‘ഡിജിറ്റല്‍ ഇടപാടുകളിലേക്ക് പോകുക, സുരക്ഷിതമാകുക’ എന്നതാണ്. ഇതിനു പുറമേ ട്വിറ്ററിലൂടെ പണമിടപാടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളും ആര്‍.ബി.ഐ മുന്നോട്ടുവെക്കാറുണ്ട്. യു.പി.ഐ പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ ആളുകളെ ബോധവത്കരിക്കാനായി നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ഫെബ്രുവരിയില്‍ ഒരുമാസം നീണ്ട യു.പി.ഐ സെയ്ഫ്റ്റി ഷീല്‍ഡ് കാമ്പെയ്‌നും തുടങ്ങിയിട്ടുണ്ട്.

ഈ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് ഡിജിറ്റള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ മനസില്‍ വെയ്‌ക്കേണ്ട. നിര്‍ബന്ധമായും പിന്തുടരേണ്ട അഞ്ച് ലളിതമായ നിര്‍ദേശങ്ങള്‍ ഫിന്‍ടെക് കമ്പനിയായ ക്രെഡ് മുന്നോട്ടുവെക്കുകയാണ്.

1. ഇന്‍ ആപ്പ് കസ്റ്റമര്‍ സപ്പോര്‍ട്ട് ഉപയോഗിക്കുക:

ബാങ്ക് ആപ്പുകളുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടായാല്‍ നേരെ ഇന്റര്‍നെറ്റില്‍ ഏതെങ്കിലും കസ്റ്റമര്‍ കെയര്‍ നമ്പറുണ്ടോയെന്ന് അന്വേഷിക്കുന്നതാണ് പൊതുവിലെ രീതി. പലപ്പോഴും തെറ്റായ നമ്പറുകളില്‍ വിളിച്ച് ബാങ്കിങ് വിശദാംസങ്ങളടക്കം അവര്‍ക്ക് നല്‍കി പണിമേടിക്കാറുമുണ്ട്. ഇതിനൊന്നും പോകാതെ അതേ ആപ്പിലെ കസ്റ്റമര്‍സപ്പോര്‍ട്ടിന്റെ സഹായം തേടുന്നതാണ് ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതം. ആര്‍.ബി.ഐയുടെ അല്ലെങ്കില്‍ ബാങ്കിന്റെ പ്രതിനിധിയെന്നൊക്കെ പറഞ്ഞ് പലരും നിങ്ങളുടെ ബാങ്കിങ് വിശദാംശങ്ങള്‍ ആവശ്യപ്പെടാം. ഒരുഘട്ടത്തിലും പിന്‍, സി.വി.സി, ഒ.ടി.പി തുടങ്ങിയ ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കരുത്.

2. ക്യു.ആര്‍ കോഡുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കുക:

നിങ്ങള്‍ക്ക് ഇത്രകോടിയുടെ സമ്മാനം കിട്ടിയിട്ടുണ്ടെന്നും അത് സ്വീകരിക്കാന്‍ ഈ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യൂവെന്നും പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ ഒട്ടുമിക്കയാളുകളുടെയും ഫോണില്‍ വരാറുണ്ട്. അത്തരം ക്യു.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ പണം ലഭിക്കില്ലെന്നു മാത്രമല്ല കയ്യിലുള്ള പണം നഷ്ടപ്പെടുമെന്ന കാര്യം മനസിലുണ്ടായാല്‍ മതി.

3. ക്രഡിറ്റ് കാര്‍ഡ് റിപ്പോര്‍ട്ടുകളില്‍ ഒരു കണ്ണുണ്ടായിരിക്കണം:

എല്ലാമാസവും നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കണം. ക്രഡിറ്റുമായി ബന്ധപ്പെട്ട് സംശയകരമായ എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ക്രഡിറ്റ് പരിധി സെറ്റ് ചെയ്തുവെയ്ക്കുന്നത് അധിക സുരക്ഷയാണ്. അനധികൃതമായ അല്ലെങ്കില്‍ വ്യാജ ഇടപാടുകളില്‍ നിന്നും ഇതുവഴി രക്ഷപ്പെടാം.

4. ടോക്കനൈസേഷനിലൂടെ കാര്‍ഡ് സുരക്ഷിതമാക്കുക:

നമ്മുടെ ക്രഡിറ്റ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ക്ക് ടോക്കണ്‍ എന്നറിയപ്പെടുന്ന മറ്റൊരു കോഡ് ഉപയോഗിക്കുന്ന രീതിയിലാണ് ടോക്കനൈസേഷന്‍. ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്നും പകരം ടോക്കനൈസേഷന്‍ നടപ്പാക്കണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. 2022 ജൂണ്‍ 30വരെയാണ് ഇത് നടപ്പിലാക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. വ്യക്തിവിവരങ്ങളും പണമിടപാടുകളും കൂടുതല്‍ സുരക്ഷിതമാക്കാന്‍ നിങ്ങളുടെ കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് ടോക്കനൈസ് ചെയ്യുക.

5. സാധ്യമാവുമ്പോഴെല്ലാം ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉപയോഗിക്കുക:

നാലക്ക അല്ലെങ്കില്‍ ആറക്ക പിന്‍ നമ്പറുകളെ ആശ്രയിക്കുന്നതിന് പകരം ബയോമെട്രിക് ഓതന്റിക്കേഷനിലേക്ക് പല ആപ്പുകളും മാറുകയാണ്. ഫിംഗര്‍പ്രിന്റ് സ്‌കാനിങ് സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ടഫോണുകള്‍ വ്യാപകമായിക്കഴിഞ്ഞു. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഈ രീതി ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണ്.