ധനസമ്പാദത്തിനുള്ള മികച്ച മാര്‍ഗവും പണപ്പെരുപ്പത്തിനെതിരായ സംരക്ഷണവുമാണ് ഓഹരി വിപണി നിക്ഷേപങ്ങള്‍. ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ചാല്‍, റിയല്‍ എസ്റ്റേറ്റ്, സ്ഥിര നിക്ഷേപം എന്നിങ്ങനെ മറ്റേതൊരു നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ ഏറെനേട്ടം ലഭിക്കുകയും ചെയ്യും. എങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റ് സങ്കീര്‍ണവും അസ്ഥിരവുമാണ്. മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പള്‍സ് അറിയുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും വേണം.
ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാന്‍ തെളിയിക്കപ്പെട്ട പ്രത്യേക രീതിയൊന്നുമില്ല. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടം കൈവരിക്കാനും പണം നഷ്ടപ്പെട്ടുപോകാനുള്ള സാഹചര്യം കുറയ്ക്കാനും കഴിയും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
1. ബിസിനസിനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കുക:
നമുക്ക് നന്നായി അറിയാവുന്ന ബിസിനസില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ബിസിനസ് മാതൃകയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കില്‍ ആ ഓഹരിയില്‍ നിക്ഷേപിക്കുന്നത് ഗുണകരമാകില്ല.
വൈവിധ്യവത്കരിക്കുക:
വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തുന്നത് അപകട സാധ്യത കുറയ്ക്കാനും കൂടുതല്‍ നേട്ടം കൊയ്യാനും സഹായിക്കും. വിപണിയിലെ മാറ്റങ്ങള്‍ കാരണമുണ്ടാകുന്ന റിസ്‌ക് കുറയ്ക്കാന്‍ ഇതുവഴി കഴിയും. വൈവിധ്യം വേണം, അത് അധികമായാല്‍ ഈ പരിപാടി തന്നെ ആകെ ബുദ്ധിമുട്ടാകും. നിങ്ങളുടെ നിക്ഷേപം വളരെ ചെറുത് അതായത് ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെയുള്ളതാണെങ്കില്‍ മൂന്നോ നാലോ ഓഹരികളില്‍ നിക്ഷേപിക്കാം. ഇനി നിക്ഷേപം പത്തുലക്ഷത്തോളമുണ്ടെങ്കില്‍ അഞ്ച് മുതല്‍ ഏഴ് വരെ ഓഹരികളില്‍ നിക്ഷേപം നടത്താം.
3. കമ്പനിയുടെ വലിപ്പം:
തുടക്കക്കാരെ സംബന്ധിച്ച് വലിയ കനമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. ഇത് റിസ്‌ക് സാധ്യത കുറയ്ക്കും. മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്റെ (ആകെ ഷെയറുകളെ ഒരു ഷെയറിന്റെ മൂല്യം കൊണ്ട് ഗുണിച്ചത്) സഹായത്തോടെ കമ്പനിയുടെ വലിപ്പം കണക്കാക്കാം.
4. വാല്വേഷന്‍:
വാല്വേഷന്‍ അനുസരിച്ച് ഓഹരി വിപണി നിക്ഷേപം നടത്തുന്ന നിരവധി നിക്ഷേപകരുണ്ട്. ഓഹരി വിലയുടെയും ഒരു ഷെയറില്‍ നിന്നും കമ്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെയും (P/E ) അനുപാതം നോക്കിയാണ് വാല്വേഷന്‍ കണക്കാക്കുന്നത്. P/E ഉയര്‍ന്നതാണെങ്കില്‍ അത് അമിത മൂല്യമുള്ള ഓഹരിയെ സൂചിപ്പിക്കുന്നു. ഭാവിയില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്നതിനാല്‍, നിക്ഷേപകര്‍ ഓഹരിയുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാണ് എന്നതിന്റെ കൂടി സൂചനയാണിത്. P/E കുറവാണെങ്കില്‍ അത് കുറഞ്ഞ മൂല്യമുള്ള ഓഹരിയുടെ സൂചനയാണ്. തുടക്കക്കാര്‍ എന്ന നിലയില്‍ പത്തിനും 25നും ഇടയില്‍ P/E വരുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഉത്തമം.
5. വരുമാന വളര്‍ച്ച:
സ്ഥിരമായ വരുമാനം നല്‍കാന്‍ കഴിവുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് വിജയകരമായ നിക്ഷേപത്തിന്റെ തന്ത്രം. അത്തരം ഓഹരികള്‍ മാത്രമേ ലാഭകരവും നിക്ഷേപകരെ അവരുടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതും ആകൂ. എന്നാല്‍ മറ്റു ചിലതുണ്ട്, വലിയ മാര്‍ക്കറ്റ് സൈസുള്ള കമ്പനികളോ സംരംഭങ്ങളോ ആവും, എന്നാല്‍ ലാഭം നെഗറ്റീവായിരിക്കും (വരുമാനത്തേക്കാളേറെയായിരിക്കും ഉല്പാദനച്ചെലവ്). തുടക്കക്കാര്‍ അത്തരം കമ്പനികളില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് അഭികാമ്യം. കമ്പനികൊണ്ട് എന്തെങ്കിലും ലാഭമുള്ളതാണോയെന്ന് കണക്കാക്കാന്‍ ആ സംരംഭത്തിന്റെ പത്തുവര്‍ഷത്തെ റെക്കോര്‍ഡ് നോക്കുന്നതും നല്ലതാണ്. സ്ഥിരമായി മെച്ചപ്പെട്ടരീതിയില്‍ മുന്നോട്ടുപോകുന്ന കമ്പനികള്‍ നിക്ഷേപിക്കാന്‍ മികച്ച ഓപ്ഷനാണ്.
6.ഡിവിഡന്റ് റെക്കോര്‍ഡ്:
Read more
കമ്പനിയുടെ ഡിവിഡന്റ് (ലാഭവിഹിതം ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് വിതരണം ചെയ്യുന്നത്) ട്രാക്ക് റെക്കോര്‍ഡ് സൂക്ഷ്മമായി വിലയിരുത്തുന്നത് ആ സ്ഥാപനത്തിന് എത്രത്തോളം സാമ്പത്തിക ഭദ്രതയുണ്ടെന്ന് മനസിലാക്കാന്‍ സഹായിക്കും. നിക്ഷേപകരെ കമ്പനി കാര്യമായി പരിഗണിക്കുന്നുണ്ടോയെന്ന് ഇതിലൂടെ മനസിലാവും. നിക്ഷേപകര്‍ക്ക് കമ്പനി സമയത്തിന് ലാഭവിഹിതം നല്‍കുന്നില്ലെങ്കില്‍ കമ്പനിയുടെ സാമ്പത്തിക കാര്യത്തില്‍ ചില പിഴവുകളുണ്ടായിരിക്കാം. എന്നിരിക്കിലും ഡിവിഡന്റ് വിതരണം മികച്ച രീതിയില്‍ ചെയ്യുന്നുവെന്നതുകൊണ്ട് മാത്രം കമ്പനിക്ക് മികച്ച ഭാവിയുണ്ട് എന്ന് അര്‍ത്ഥമില്ല. ആ ബിസിനസിന് ഭാവിയില്‍ വളരാനുള്ള വലിയ പദ്ധതിയൊന്നുമില്ല, അതിനാല്‍ ഉള്ള ലാഭവിഹിതം നിക്ഷേപകര്‍ക്കായി വീതിച്ചു നല്‍കുന്നു എന്നതിന്റെ സൂചനകൂടിയാവാം ചിലപ്പോള്‍ ഇത്. ഇത്തരം ഓഹരികള്‍ ഭാവിയില്‍ വളരാനുള്ള സാധ്യത കുറവാണ്.