യുജിസി അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്‌സുകളുമായി ജെയിൻ

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകൾ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓൺലൈനായി നൽകുന്നത്. രാജ്യത്തെ 38 സർവകലാശാലകൾക്ക് അവരുടെ നാക്, എൻഐആർഎഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ യുജി, പിജി ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കാൻ യുജിസി ഈയിടെയാണ് അനുമതി നൽകിയത്.

മൂന്ന് സർവകലാശാലകൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. എൻഐആർഎഫ് (നാഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് റാങ്കിങ് ഫ്രെയിംവർക്) പ്രകാരം രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളിൽ ഒന്നായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ ഗ്രേഡഡ് ഓട്ടോണമി ലഭ്യമായിട്ടുണ്ട്.

അണ്ടർ ഗ്രാജ്വേറ്റിൽ രണ്ടും പിജിയിൽ ഏഴ് വിഭാഗങ്ങളിലുമാണ് കോഴ്‌സുകൾ നൽകുന്നത്. ഈ വിഭാഗങ്ങളിലായി നൂതന വിഷയങ്ങളായ ഡാറ്റ ആൻഡ് അനലിറ്റിക്‌സ്, സൈബർ സെക്യൂറിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനാഷണൽ ഫിനാൻസ്, ഡിജിറ്റൽ ബിസിനസ് ആൻഡ് മാർക്കറ്റിങ് തുടങ്ങി 72 വിഷയങ്ങളിൽ നിന്നായി വിദ്യാർഥികൾക്ക് തങ്ങളുടെ ഐച്ഛിക വിഷയം തെരഞ്ഞെടുക്കാം. ജെയിൻ ഓൺലൈൻ കോഴ്‌സുകളിൽ മിക്കവയ്ക്കും ആഗോള പ്രൊഫഷണൽ സംഘടനകളുടെ അംഗീകാരവും ഉള്ളതാണ്.

തങ്ങളുടെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (എൽഎംഎസ്) വിദ്യാർഥികൾക്ക് രസകരവും ജ്ഞാനസമ്പുഷ്ടവുമായ പഠനാനുഭവം പ്രദാനം ചെയ്യാനാണ് ജെയിൻ ലക്ഷ്യമിടുന്നത്. വീഡിയോകൾ, സ്വയം പഠന ഉപകരണങ്ങൾ, വെർച്വൽ ലാബുകൾ, സംവാദവേദികൾ, ആഗോളതലത്തിൽ പ്രശസ്തരായ ഫാക്കൽറ്റികളുടെ വാരാന്ത്യത്തിലുള്ള ലൈവ് ക്ലാസുകൾ തുടങ്ങി നിരവധി സംവിധാനങ്ങൾ വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താം. വിദ്യാർഥികൾക്ക് സംശയനിവാരണത്തിന് ഒരു പ്രോഗ്രാം മാനേജറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ കോഴ്‌സുകളുടെ സമയക്രമം യൂണിവേഴ്‌സിറ്റിയുടെ റെഗുലർ കോഴ്‌സുകളുടേതിന് സമാനമാണ്. കോഴ്‌സിന് ശേഷം ജോബ് പ്ലേസ്‌മെന്റ് സേവനം ജെയിൻ ഓൺലൈനിലും ലഭ്യമായിരിക്കും.

മഹാമാരിയും സാങ്കേതികവിദ്യയിലെ മുന്നേറ്റവും ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയിട്ടുള്ള വൻ മാറ്റങ്ങൾ ഈ രംഗത്ത് വെല്ലുവിളികളോടൊപ്പം അവസരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. ഈ സാഹചര്യത്തിൽ സർവകലാശാലകളും മാറാൻ നിർബന്ധിതമാകുമ്പോൾ ഓൺലൈൻ വിദ്യാഭ്യാസം വൻ മാറ്റമാണ് കൊണ്ടുവരുന്നത്. വിപണിയുടെ ആവശ്യത്തിനൊത്ത് വിവിധങ്ങളായ പ്രോഗ്രാമുകൾ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നുവെന്നും ഡോ. ചെൻരാജ് റോയ്ചന്ദ് അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെ പഠന സാഹചര്യത്തെ സഹായിക്കാനും ഇ-ലേണിങ്ങിലുള്ള ശേഷി വർധിപ്പിക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഒരു സർവകലാശാലയെന്ന നിലയിൽ പ്രതിബദ്ധരാണെന്ന് ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത നിലവാരമുള്ളതും രാജ്യാന്തരതലത്തിൽ കിടപിടിക്കുന്നതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധത ജെയിൻ ഓൺലൈനിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.