സി.ബി.എസ്.ഇ പരീക്ഷാഫലം ജൂലൈയില്‍ തന്നെ പ്രഖ്യാപിക്കും: കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാല്‍

സിബിഎസ്ഇ പരീക്ഷകള്‍ സ്‌കൂളുകളില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പു വരുത്തുന്നതിനായി പേര്‍വിവരപ്പട്ടിക തയ്യാറാക്കുമെന്നും സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്നും മന്ത്രി ഒരു ചോദ്യോത്തര പരിപാടിയില്‍ വ്യക്തമാക്കി. ജൂലൈ ഒന്നു മുതല്‍ 15 വരെയാണ് സിബിഎസ്ഇ 10, 12ാം ക്ലാസ് പരീക്ഷ നടക്കുക. ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച 29 പേപ്പറുകളുടെ പരീക്ഷയാണ് നടക്കുക.

പരീക്ഷാഫലം വേഗത്തില്‍ പ്രഖ്യാപിക്കുന്നതിന് മൂല്യനിര്‍ണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരെ അക്കാദമി, അഡ്മിനിസ്‌ട്രേറ്റീവ് ജോലികളില്‍ നിന്നും ഒഴിവാക്കുമെന്ന് എച്ച്ആര്‍ഡി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ നടന്ന സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയമാണ് തുടങ്ങിയത്.