ശരത് ചന്ദ്ര ബോസ്
സുകുമാര കുറുപ്പ് എന്ന പേര് കേട്ടാൽ മലയാളിയുടെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു വരും, ചാക്കോ വധക്കേസ് പ്രതിയായ സുകുമാര കുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ പത്രങ്ങളിലും മറ്റും അച്ചടിച്ച് വന്നിട്ടുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിലെ മുഖം. സുകുമാര കുറുപ്പിന്റെ കുറ്റകൃത്യങ്ങളുടെയും പൊലീസിനെ വെട്ടിച്ചുള്ള അയാളുടെ ഒളിവ് ജീവിതത്തിന്റെയും കഥ മലയാളിയുടെ പോപ്പുലർ കൾച്ചറിന്റെ ഭാഗമാണ്. മലയാള വാമൊഴിയിൽ, എഴുത്തുകളിൽ, സിനിമകളിൽ സുകുമാര കുറുപ്പിനോളം പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു കുറ്റവാളി ഒരുപക്ഷെ വേറെ ഉണ്ടാവില്ല. യു.എസ് പോപ്പുലർ കൾച്ചറിൽ സോഡിയാക്ക് കില്ലറിനും, ചാൾസ് മാൻസനും മറ്റും കിട്ടിയ (കു)പ്രസിദ്ധി കണക്കെ ഒന്ന് എന്ന് പറയാം.
1984 ലാണ് ചാക്കോ കൊല്ലപ്പെടുന്നത്, ഇതേ വർഷം തന്നെ ഈ കൊലപാതകത്തെ അടിസ്ഥാനമാക്കി പാപ്പനംകോട് ലക്ഷ്മണൻ രചിച്ച് ബേബി സംവിധാനം ചെയ്ത് ടി.ജി രവി പ്രധാനവേഷത്തിലെത്തിയ ‘എൻ.എച്ച് 47’ എന്ന സിനിമ പുറത്തുവന്നു. 2016ൽ വന്ന അടൂർ ഗോപാലകൃഷ്ണന്റെ ദിലീപ് നായകനായ ‘പിന്നെയും’ എന്ന സിനിമയും സുകുമാര കുറുപ്പ് പ്രതിയായ കൊലപാതക കേസിൽ നിന്ന് പ്രേരകമായി സാക്ഷാത്കരിച്ച ഒന്നായിരുന്നു. കോവിഡിനെ തുടർന്ന് കേരളത്തിൽ ഏർപ്പെടുത്തിയ രണ്ടാം ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുറത്തിറങ്ങിയ ‘കുറുപ്പ്’ എന്ന സിനിമയും ചാക്കോ വധക്കേസ് പ്രതി സുകുമാര കുറുപ്പിന്റെ കഥയെ അടിസ്ഥനമാക്കിയുള്ളതാണ്.
ആസൂത്രിതവും സംഘടിതവുമായ കൊലപാതകം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കേരള പൊലീസ് അന്വേഷിക്കുന്ന സുകുമാര കുറുപ്പ് എന്ന പ്രതിയിൽ നിന്നും പ്രചോദിതമായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ എന്ന ചിത്രത്തിൽ സുധാകര കുറുപ്പ് എന്ന പേരാണ് മുഖ്യ കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. ഈ ടൈറ്റിൽ കഥാപാത്രമായി ദുൽഖർ സൽമാൻ എന്ന താരം വേഷമിടുന്നു എന്നതിനാൽ തന്നെ കുറുപ്പിനെ ‘വെറുമൊരു കൊലപാതകി’യും ഫ്രോഡുമായി ചുരുക്കാൻ ശ്രീനാഥ് രാജേന്ദ്രനും ചിത്രത്തിന്റെ എഴുത്തുകാരായ കെ.എസ് അരവിന്ദും ഡാനിയേൽ സായൂജ് നായരും തയ്യാറാവുന്നില്ല. മറിച്ച് ‘ഒന്നുമില്ലായ്മയിൽ നിന്നും സമ്പന്നതിയിലേക്ക്’ വളരുന്ന, കണ്ടുപഴകിയ ‘അധോലോക നായക’ സങ്കൽപ്പത്തിലാണ് കുറുപ്പിനെയും സൃഷ്ടിച്ചിരിക്കുന്നത്. ദുൽഖർ ചെയ്ത കുറുപ്പിന്റെ റോൾ മോഡലുകളും ബോംബെ അധോലോകത്തിലെ ക്രിമിനൽ തലവന്മാരായിരുന്ന ഹാജി മസ്താനും വരദരാജ മുതലിയാരുമൊക്കെയാണ്.
താൻ ജോലി ചെയ്തിരുന്ന മദ്രാസിലെ ഇന്ത്യൻ എയർഫോഴ്‌സ് ക്യാമ്പിൽ നിന്നും മദ്യം കടത്തിയാണ് കുറുപ്പിന്റെ തുടക്കം. പിന്നീട് ബോംബെയിലെ എയർഫോഴ്‌സ് ക്യാമ്പിൽ നിന്നും പട്ടാള സാമഗ്രികൾ കടത്തുന്നതിലേക്കു നീളുന്നു കുറുപ്പിന്റെ സൈനിക ജിവിതത്തിലെ കള്ളക്കടത്ത്. കഥ മുന്നോട്ട് പോകെ ഇന്ത്യ കടന്ന് പേർഷ്യയിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും വളരുന്ന ‘അധോലോക നായകനായി’ മാറുന്നുണ്ട് ചിത്രത്തിൽ ദുൽഖറിന്റ ‘കുറുപ്പ്’.
യഥാർത്ഥ സംഭവത്തിലെ ചാക്കോ എന്ന ഫിലിം റെപ്രെസെന്ററ്റീവിനെ ആധാരമാക്കി സൃഷ്‌ടിച്ച ചാർലി എന്ന കഥാപാത്രത്തിന്റെ കൊലപാതകം, ‘കുറുപ്പ്’ എന്ന ‘അധോലോക നായകന്റെ’ സംഭവബഹുലമായ ജീവിതത്തിന്റെ കെട്ടുകാഴ്ചകൾക്കിടെ തീരെ അപ്രധാനമായ ഒരു സംഭവമായി മാറുന്നുണ്ട് സിനിമയിൽ. തന്റെ പേരിലുള്ള എട്ടുലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് തട്ടാൻ താൻ മരിച്ചു എന്ന വ്യാജ തെളിവുണ്ടാക്കണമെന്നും അതിനായി തന്റെ രൂപ സാദൃശ്യമുള്ള ഒരു ശവം വേണമെന്നും കൂട്ടാളികളായ ഭാസി പിള്ളയോടും (ഷൈൻ ടോം ചാക്കോ) ഷാബുവിനോടും (ശിവജിത്ത് പത്മനാഭൻ) പൊന്നച്ചനോടും (വിജയകുമാർ പ്രഭാകരനോടും) കുറുപ്പ് ആവശ്യപ്പെടുന്നുണ്ട്. കിട്ടുന്ന കാശിൽ ഒരു പങ്ക് നൽകാമെന്ന് വാഗ്ദാനവും ചെയ്യുന്നു. എന്നാൽ സിനിമയിൽ സൈക്കോപാത്തിന്റെ പരിവേഷം നൽകിയിരിക്കുന്ന ഭാസി പിള്ളയ്ക്കാണ് ചാർളിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയിലും കൃത്യത്തിലും കുറുപ്പിനേക്കാൾ പങ്ക്.
സിനിമയിൽ കുറുപ്പിന്റെ രണ്ടാം തൊഴിലിടം പേർഷ്യയാണ്. ആ നാട്ടിലെ തന്റെ തൊഴിലുടമയായ വാലിദ് രാജകുമാരന് കീഴിൽ വെറുമൊരു കൂലിക്കാരനായി കള്ളക്കടത്തു നടത്തുന്നതിൽ നിന്നൊരു മോചനവും, താൻ മരിച്ചുവെന്ന് രാജകുമാരനെ തെറ്റിദ്ധരിപ്പിക്കാനുള്ളൊരു മാർഗ്ഗവുമാണ് കുറുപ്പിന് ചാർളി വധം. വാലിദിനെ പോലെ ഒരു ‘അധോലോക രാജകുമാരൻ’ ആകാൻ ആഗ്രഹിക്കുന്ന ദുൽഖറിന്റെ കുറുപ്പിന് എട്ടു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു മറ മാത്രമാണ്.
യഥാർത്ഥത്തിൽ ചാക്കോ വധത്തിന് പിന്നിൽ സുകുമാര കുറുപ്പും കൂട്ടാളികളുമാണെന്ന നിഗമനത്തിലേക്ക് കേരള പൊലീസ് വളരെ വേഗം എത്തിയിരുന്നു. അതിനാൽ തന്നെ ഈ കുറ്റകൃത്യം ആര്? എപ്പോൾ? എങ്ങനെ? എന്തിന് ചെയ്തു? എന്നിങ്ങനെ ഉള്ള കുറ്റാന്വേഷണത്തിലെ പ്രാഥമിക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വളരെ പെട്ടെന്ന് തന്നെ പൊലീസിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ ചാക്കോ വധക്കേസ് വളരെ പ്രാധാന്യമുള്ള ഒന്നായി മാറിയതിന് കാരണം ഈ ദാരുണമായ കൊലപാതകം നടന്ന് 37 വർഷം കഴിഞ്ഞിട്ടും കേസിലെ മുഖ്യ പ്രതിയായ സുകുമാര കുറുപ്പിനെ പിടികൂടാനായിട്ടില്ല എന്നുള്ളതാണ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് സുകുമാര കുറുപ്പ് എവിടേക്കാണ് രക്ഷപ്പെട്ടത്? അയാൾ എങ്ങനെയാണ് പൊലീസിനെ ഇത്രയും നാൾ വിദഗ്ധമായി കബളിപ്പിച്ചത്? സുകുമാര കുറുപ്പ് ഇപ്പോൾ ജിവിച്ചിരിപ്പുണ്ടോ? ഉണ്ടങ്കിൽ എവിടെ? അതോ അയാൾ മരിച്ചോ? മരിച്ചെങ്കിൽ എങ്ങനെ, എപ്പോൾ, എവിടെവച്ച്? തുടങ്ങി നിരവധി ചോദ്യങ്ങൾ, കേസിനെ കുറിച്ച് ഇന്നോളം കേട്ടിട്ടുള്ള ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവും. ചാക്കോ വധവും സുകുമാര കുറുപ്പിന്റെ ഒളിവ് ജീവിതവും സിനിമയാകുമ്പോൾ ഇത്തരം ചോദ്യങ്ങളിലെ ഉദ്വേഗത്തെ ഉപയോഗിച്ച് ഒരു കുറ്റാന്വേഷണ സിനിമ എന്നത് ഒരു സാധ്യതയാണ്. മേൽ സൂചിപ്പിച്ച ചോദ്യങ്ങളെ ‘കുറുപ്പ്’ എന്ന ചിത്രത്തിൽ സംവിധായകൻ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു കുറ്റാന്വേഷണ സിനിമയുടെ മാതൃകയിൽ അല്ല സംവിധായകൻ ചിത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്. പകരം കുറുപ്പ് അധോലോകത്തിന്റെ പാത തിരഞ്ഞെടുത്ത് ഒരു ‘വലിയ പുള്ളി’ (Big shot) ആയി മാറുന്നതിന്റെ കഥ പറയാനാണ് സംവിധായകൻ ശ്രമിച്ചത്.
ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ഗോഡ്ഫാദറിനെ അനുകരിച്ചാണ് എഴുപതുകളുടെ അവസാനം മുതലുള്ള ഇന്ത്യൻ സിനിമയിലെ ഭൂരിഭാഗം ‘അധോലോക നായകന്മാരും’ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം സിനിമകളിൽ കാണുന്ന നായകന്മാരുടെ അതേ അച്ചിലിട്ടാണ് കുറുപ്പിന്റെ സംവിധായകൻ തന്റെ സുധാകര കുറുപ്പിനെയും വാർത്തിരിക്കുന്നത്. സമീപകാലത്ത് ഇതേ വാർപ്പ് മാതൃക ഉപയോഗിച്ച സിനിമയാണ് ഫഹദ് ഫാസിലിന്റെ ‘മാലിക്’. തിയേറ്ററിൽ എത്തുന്ന ആൾക്കൂട്ടത്തെ പ്രത്യേകിച്ച് യുവാക്കളെ തൃപ്തിപ്പെടുത്താൻ ഈ ഇനമാണ് പറ്റിയതെന്ന് കുറുപ്പിന്റെ സംവിധായകനും രചയിതാക്കൾക്കും ധാരണയുണ്ട്. അതിനാൽ തന്നെ സുകുമാര കുറുപ്പിന്റെ കുറ്റകൃത്യങ്ങളെ വിശകലനം ചെയ്യുന്ന, ചാക്കോ വധത്തെ തുടർന്നുള്ള കുറുപ്പിന്റെ ഒളിവ് ജീവിതത്തിന്റെ നിഗൂഢതയെ ഉപയോഗപ്പെടുത്തുന്ന ഒരു ക്രൈം ത്രില്ലർ ‘കുറുപ്പ്’ സിനിമയിൽ കാണാൻ സാധിക്കില്ല.
ദുൽഖർ സൽമാൻ എന്ന താരത്തെ ഒരു സൂപ്പർ മാസ്ക്കുലിൻ താരമായി നിർമ്മിച്ചെടുക്കാനാണ് ‘കുറുപ്പ്’ എന്ന സിനിമ തുടക്കം മുതൽ ഒടുക്കം വരെ ശ്രമിക്കുന്നത്. ദുൽഖർ അവതരിപ്പിക്കുന്ന കുറുപ്പിനെ സിനിമയിൽ ആദ്യം കാണിക്കുന്നത് ഒരു ഫോട്ടോഗ്രാഫിലൂടെയാണ് ഇതോടൊപ്പം കുറുപ്പിനെ നായകനായി പ്രതിഷ്ഠിക്കുന്ന ഹീറോയിക് ഫോർഗ്രൗണ്ട് മ്യൂസിക്കും കേൾക്കാം. പിന്നീട് സിനിമയിൽ ഉടനീളം റാംപ് വാക്കിൽ (ramp walk) എന്ന പോലെ വേഷംകെട്ടി ദുൽഖറിന്റെ കുറുപ്പ് അവതരിക്കുന്നുണ്ട്, അപ്പോഴെല്ലാം കാണികളെ ത്രസിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള മ്യൂസിക്കും മുന്നണിയിൽ കേൾക്കാം. ഇന്ത്യൻ സിനിമയിലെ അധോലോക നായകന്മാർക്ക് അവരുടെ ‘വളർച്ച’യുടെ തുടക്ക കാലത്ത് ആത്മാർത്ഥതയുള്ള, വിശ്വസ്തരായ കൂട്ടുകാരും, കാമുകിമാരും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുറുപ്പിലും ആ പതിവ് തെറ്റുന്നില്ല. പീറ്റർ (സണ്ണി വെയ്ൻ) എന്ന കൂട്ടുകാരനും, കാമുകിയും ഭാര്യയുമാകുന്ന ശാരദാമ്മയും (ശോഭിത ദുലിപാല), രണ്ടുപേരും ചിത്രത്തിൽ നായകന്റെ ആം കാൻഡി (arm candy) റോൾ ഭംഗിയായി നിർവഹിക്കുന്നു.
ക്രൂരമായി കൊലചെയ്യപ്പെട്ട ചാർളിയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയും ഒരു പ്രധാന ധാർമ്മിക പ്രശനമാണ് എന്നിരിക്കെ, കൊലപാതകിയ്ക്ക് നായക സ്ഥാനം നൽകി മഹത്വൽക്കരിക്കുന്നതിലെ നൈതിക പ്രശനം ‘കുറുപ്പ്’ ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരും കാണാതെ പോകുന്നില്ല. ഈ നൈതിക പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ടുതന്നെ സുകുമാര കുറുപ്പ് എന്ന പിടികിട്ടാപുള്ളിയെ ദുൽഖറിന്റെ താര സൃഷ്ടിക്കായി ഉപയോഗിക്കാൻ തന്നെ സിനിമയുടെ സൃഷ്ട്ടാക്കൾ തീരുമാനിക്കുന്നു. എന്നാൽ നേരത്തെ സൂചിപ്പിച്ച നൈതിക പ്രശ്‌നത്തെ മറികടക്കാൻ സൃഷ്ടാക്കൾ നടത്തുന്ന ബാലൻസിങ് ആക്റ്റുകളും അതിൽ ഓരോന്നിലും പരാജയപ്പെടുന്നതും സിനിമയിൽ സ്പഷ്ടമാണ്. ഒരു പ്രധാന ബാലൻസിങ് ആക്റ്റ് മുൻപ് പറഞ്ഞത് പോലെ ഭാസി പിള്ളക്ക് സൈക്കോപാത്ത് പരിവേഷം നൽകുന്നു എന്നുള്ളതാണ്. ചാർളിയുടെ കൊലപാതകത്തിൽ കലാശിക്കുന്ന പദ്ധതി കുറുപ്പിന്റേത് ആണെങ്കിലും കൊലപാതകത്തിന്റെ ഗൂഢാലോചനയും കൃത്യവും ഭാസിയുടേതാണ്. ശവം കിട്ടാൻ ഒരാളെ കൊല്ലേണ്ടി വന്നാലും കുഴപ്പമില്ലെന്ന് സിനിമയിൽ മറ്റൊരു സന്ദർഭത്തിൽ കുറുപ്പ് ഷാബുവിനോട് ഒരൊഴുക്കിന് പറയുന്നുണ്ട്. എന്നാൽ ശവം കത്തിച്ച് നിയമത്തെ കബളിപ്പിക്കാൻ ഉള്ള തന്ത്രം മെനയൽ മാത്രമാണ് കുറുപ്പ് ഏറ്റെടുക്കുന്നത്. കുറുപ്പിനെ പോലെ മറ്റൊരു ‘വലിയ പുള്ളി’യുടെ കഥ പറഞ്ഞ അനുരാഗ് കശ്യപിന്റെ ബോംബെ വെൽവെറ്റിലും ഇതുപോലൊരു ‘ശവം’ കത്തിക്കൽ ഉണ്ട്. നിയമത്തെ കബളിപ്പിക്കാൻ അധോലോക നായകന്മാർ ചെയ്യുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് പൊതുവെ പ്രേക്ഷകന്റെ ധാർമ്മിക പിന്തുണ ലഭിക്കാറുണ്ട്. മറ്റൊന്ന്, ചാർളി എന്ന ഇരയ്ക്ക് സിനിമയുടെ ആഖ്യാനത്തിൽ വലിയ പ്രധാന്യമൊന്നും നൽകിയിട്ടില്ല. എന്നാൽ ഇതിനെ സംവിധായകൻ ബാലൻസ് ചെയ്യുന്നത് ചാർളിയുടെ വേഷം ടോവിനോ തോമസ് എന്ന മറ്റൊരു താരത്തിന് നൽകിക്കൊണ്ടാണ്. സിനിമയിലെ കഥാപാത്രസൃഷ്ടികളിൽ ദുര്‍ബ്ബലമായവയിൽ ഒന്നാമത്തേത് കുറുപ്പ് ആണെങ്കിൽ രണ്ടാം സ്ഥാനം ചാർളിക്കുള്ളതാണ്. അതിനാൽ തന്നെ ചാർളിയുടെ കൊലപാതകം അലോസരം ഉണ്ടാക്കുന്ന ഒന്നായി മാറുന്നില്ല. സിനിമ തുടർന്ന് അധോലോക നായകന്റെ തന്ത്രങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നു.
സിനിമയുടെ കാസ്റ്റിംഗിൽ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം യഥാർത്ഥ കൊലപാതക കേസിലെ ഫോറൻസിക് സർജനും സിനിമയിൽ ആ കഥാപാത്രം ചെയ്ത നടനും തമ്മിലുള്ള രൂപസാദൃശ്യമാണ്. അത് ഒരു പക്ഷെ യാദൃശ്ചികമായിരിക്കാം, അങ്ങനെ അല്ലെങ്കിൽ ആ കഥാപത്രത്തിന്റെ കാസ്റ്റിംഗിൽ മാത്രം സിനിമയിൽ എന്തിന് ആ കണിശത കാണിച്ചു എന്നത് ഒരു ചോദ്യമായി നിലനിൽക്കുന്നു.
സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ DYSP കൃഷണദാസിന്റേതാണ്. കൃഷ്ണദാസിന്റെ ‘കേസ് ഡയറി’ വർഷങ്ങൾക്കിപ്പുറം മറ്റൊരു പൊലീസുകാരൻ (സൈജു കുറുപ്പ്) വായിക്കുന്നതിൽ നിന്നാണ് കുറുപ്പിന്റെ കഥ തുടങ്ങുന്നത്. ചാക്കോ വധം അന്വേഷിക്കുന്ന കൃഷണദാസ് പ്രതിയായ കുറുപ്പിനെ പിടികൂടുന്നതിൽ ഉത്സാഹം ഉള്ള ഒരാളായി കാണപ്പെടുന്നില്ല. അധോലോകത്തിലെ തന്റെ ഉറ്റ സുഹൃത്തായ ഇസാഖിന്റെ (ഭരത്) സഹായത്തോടെ കുറുപ്പ് ബോംബെ പോർട്ടിൽ നിന്നും കപ്പല് കയറി രക്ഷപ്പെടും എന്ന വിവരം അറിയാമായിരുന്നിട്ടും കൃഷണദാസ് അയാളെ പിടികൂടുന്നില്ല. ഇത് സിനിമയിലെ മറ്റൊരു ബാലൻസിങ് ആക്റ്റ് ആണ്. ക്രൂരനായ കുറുപ്പിനെ നിയമത്തിന് വിട്ടുകൊടുക്കേണ്ടെന്നും അയാളെ വാലിദിന് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നും കൃഷാൻദാസ് തീരുമാനിക്കുന്നു. തന്നെ വഞ്ചിച്ച കുറുപ്പിനോട് വാലിദ് പ്രതികാരം ചെയ്തോളും എന്നുള്ളതാണ് കൃഷ്ണദാസിന്റെ ന്യായം. ഇതിലൂടെ ചാർളിയുടെ വിധവയ്ക്ക് നീതി ഉറപ്പാക്കുന്നു എന്ന മറ്റൊരു ബാലൻസിങ് ആക്റ്റും സിനിമയിൽ കാണാം.
Read more
കുറുപ്പ് വാലിദ് രാജകുമാരന്റെ പ്രതികാരത്തിന് ഇരയാവുന്നു എന്നൊരു സൂചന നൽകി പടം അവസാനിപ്പിച്ചാൽ കുറിപ്പിനെ അവതരിപ്പിച്ച താരത്തിന്റെ ആരാധകരെ അത് നിരാശപ്പെടുത്തും. ഇതിനെ മറികടക്കാൻ സിനിമയുടെ ഒടുക്കം മറ്റൊരു ബാലൻസിങ് ആക്റ്റ് സിനിമയുടെ സൃഷ്ടാക്കൾ നടത്തുന്നു. കുറുപ്പിന് പുതിയൊരു ഭാവം നൽകി അയാളെ അലക്സാണ്ടർ എന്ന പേരിൽ ഒരു ‘അന്താരാഷ്ട്ര ഡോൺ’ ആക്കി അവതരിപ്പിക്കുന്നു. കഥാന്ത്യത്തിലെ കുറുപ്പിന്റെ ഈ രൂപാന്തരം, ‘ലൂസിഫർ’ എന്ന മോഹൻലാൽ ചിത്രത്തിലെ അബ്രഹാം ഖുറേഷിക്ക് സമാനമായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം എന്ന പോലെ കുറുപ്പിന് ഒരു രണ്ടാം ഭാഗം ഉണ്ടാകാം എന്നൊരു സൂചനയിലാണ് സിനിമ അവസാനിക്കുന്നത്. എന്തായാലും അവസാനത്തെ ബാലൻസിങ് ആക്റ്റോടെ കുറുപ്പിന്റെ കുറ്റകൃത്യങ്ങളെ സിനിമ ന്യായീകരിക്കുന്നില്ലെന്ന് സമർത്ഥിക്കാനുള്ള പ്രകടനങ്ങൾ എല്ലാം പൊളിയുന്നു.