ഇസ്രയേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത കേസ്: മൂന്നാം പ്രതിക്കായി തിരച്ചിൽ

കർണാടകയിൽ ഇസ്രയേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ. ഗംഗാവതി സ്വദേശിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ കൊപ്പൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയത്.

രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് യുവതികളെ ആക്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കർണാടകയിലെ കൊപ്പലിലാണ് ഇസ്രയേലി വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ഇതിലൊരാളാണ് മുങ്ങിമരിച്ച ഒ‍ഡീഷ സ്വദേശി ബിബാഷ്. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയൽ, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം ഹോംസ്റ്റേ ഉടമയും നാല് അതിഥികളും കനാൽ തീരത്ത് ഇരിക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നു പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന് പ്രതികൾ ആക്രമിക്കുകയും പിന്നാലെ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്‌തെന്നാണ് പരാതി.

Read more