അത് അനിവാര്യമായിരുന്നുവോ എന്ന് ഇനി ചോദിച്ചിട്ട് കാര്യമില്ല. ഏത് തുഗ്‌ളക്കിനും ആശയങ്ങള്‍ നല്‍കുന്ന ഇടമാണ് ഇന്ദ്രപ്രസ്ഥം. അധികാരിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്വപ്‌നപദ്ധതികളായി അവ അവതരിപ്പിക്കപ്പെടും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയാകെ ഉഴുതുമറിച്ചപ്പോള്‍ നമുക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിച്ചു. നൂറാണ്ട് തികയ്ക്കാന്‍ നാലാണ്ട് ബാക്കി നില്‍ക്കേ നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം പുരാവസ്തുവായി മാറുന്നു. സവിശേഷവും ശ്രദ്ധേയവുമായ മന്ദിരമായിരുന്നു നമ്മുടെ പാര്‍ലമെന്റ്. സവിശേഷം എന്നു പറഞ്ഞാല്‍ താജ് മഹല്‍പോലെ ഇന്ത്യയുടെ മുഖമായി പിക്ചര്‍ പോസ്റ്റ് കാര്‍ഡുകളില്‍ കാണിച്ചിരുന്ന ചിത്രം. ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും കമനീയമായ ചിത്രം.
ജനാധിപത്യം തുറവിയും വിസ്തൃതിയുമാണ്. ജനം പെരുകുമ്പോള്‍ ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിക്കും. അവര്‍ക്ക് നീണ്ടുനിവര്‍ന്നിരിക്കാന്‍ കഴിയണം. അതുകൊണ്ട് നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ പ്രതീകം കൂടിയാണ് പുതിയ മന്ദിരം.ഇന്ത്യയുടെ പുതിയ മുഖം അനാവരണം ചെയ്യേണ്ടത് ആരെന്ന ചോദ്യമുണ്ടായി. എവിടെയുമെന്നപോലെ ഇവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയായി ഉദ്ഘാടകന്‍. കാര്‍മികനും അദ്ദേഹം തന്നെ. അതിന്റെ ഔചിത്യം മാത്രമല്ല സാധുതയും ചോദ്യം ചെയ്യപ്പെട്ടു.
പാര്‍ലമെന്റിനെ ഭരണഘടന നിര്‍വചിക്കുന്നത് രാഷ്ട്രപതിയും രണ്ട് ജനപ്രതിനിധിസഭകളും ചേര്‍ന്ന സംവിധാനമെന്നാണ്. രാഷ്ട്രപതിയെ കൂടാതെ പാര്‍ലമെന്റില്ല. സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതും അവസാനിപ്പിക്കുന്നതും നയപ്രഖ്യാപനം നടത്തുന്നതും അദ്ദേഹമാണ്. അശ്വരഥത്തിലേറി റിപ്പബ്‌ളിക്കിന്റെ പൂര്‍ണപ്രൗഢിയോടെ രാഷ്ട്രപതി പാര്‍ലമെന്റില്‍ ആഗതയാകുമ്പോള്‍ പ്രധാനമന്ത്രി അനുധാവകന്‍ മാത്രമാകുന്നു. സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതിക്കൊപ്പം ഉപരാഷ്ട്രപതി വേദിയിലിരിക്കുമ്പോള്‍ പ്രധാനമന്ത്രി സദസിന്റെ ഭാഗം മാത്രമാകുന്നു. മന്ത്രിസഭ ചേരുമ്പോഴാണ് പ്രധാനമന്ത്രി പ്രഥമരില്‍ പ്രഥമനാകുന്നത്. അധികാരത്തിന്റെ വേര്‍തിരിവില്‍ പാര്‍ലമെന്റിന്റെ അധികാരി പ്രധാനമന്ത്രിയാകുന്നില്ല.
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്ന ചോദ്യത്തിന് ഭരണഘടനയും പ്രോട്ടോക്കോളും അറിയാത്ത കുട്ടികള്‍പോലും നല്‍കുന്ന ഉത്തരം രാഷ്ട്രപതി എന്നായിരിക്കും. അതാണ് അതിന്റെ ശരി എന്ന് ആര്‍ക്കാണറിയാത്തത്? 1927 ജനുവരി 18ന് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ഇര്‍വിന്‍ പ്രഭുവായിരുന്നു. ഇതു മാത്രമല്ല ഈ നിലപാടിന് ന്യായീകരണമായുള്ളത്. ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ റിപ്പബ്‌ളിക്കായി ലോകം കാണുന്നത് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ ദര്‍ശനത്തിലാണ്. ഇവിടെ അമ്മയുടെ മകന്‍ രാജാവാകുന്നില്ല. രാഷ്ട്രപതി ചിലപ്പോള്‍ പ്രതീകം മാത്രമാകാം. പക്ഷേ പ്രതീകങ്ങള്‍ക്കും പ്രാധാന്യമുണ്ട്. പരമാധികാരത്തിന്റെ പ്രതീകമായ പാര്‍ലമെന്റ് മന്ദിരം ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തിരുന്നെങ്കില്‍ അത് ചരിത്രമാകുമായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ജഗജീവന്‍ റാം ഉദ്ഘാടനം ചെയ്ത മന്ദിരത്തില്‍ അദ്ദേഹത്തിന്റെ ജാതിയെ അടിസ്ഥാനമാക്കിയുള്ള അസ്പൃശ്യതയുടെ കളങ്കമകറ്റാന്‍ ശുദ്ധികലശം നടത്തിയ നാടാണിത്. രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുന്നത് എല്ലാം പ്രധാനമന്ത്രിയിലേക്ക് ഒതുക്കുന്നതിനുള്ള ജനാധിപത്യവിരുദ്ധമായ നീക്കങ്ങളുടെ ഭാഗം മാത്രമായല്ല കാണേണ്ടത്. മനുവിലേക്കുള്ള മടക്കയാത്രയില്‍ ഒഴിവാക്കേണ്ടതും സ്വീകരിക്കേണ്ടതുമായ കാര്യങ്ങള്‍ പലതുണ്ട്. സ്വീകരിക്കേണ്ടത് ചാതുര്‍വര്‍ണ്യമാണ്. ഗോത്രവര്‍ഗക്കാരിയെ പ്രഥമവനിതയാക്കിയതില്‍ അഭിമാനിക്കുന്നവര്‍ മംഗളമുഹൂര്‍ത്തത്തില്‍ അവരുടെ സാന്നിധ്യവും ദര്‍ശനവും ഒഴിവാക്കി. അത് ഇന്നും നാട്ടില്‍ നിലനില്‍ക്കുന്ന രീതിയാണ്.
ദുരുദ്ദേശ്യത്തോടെയുള്ള അനൗചിത്യത്തിന് ന്യായീകരണമായി രണ്ട് സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റ് ഹൗസ് അനക്‌സ് ഇന്ദിര ഗാന്ധി ഉദ്ഘാടനം ചെയ്തതും പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തിന് രാജീവ് ഗാന്ധി ശിലയിട്ടതുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍. രണ്ടും വസ്തുതാപരമായി ശരി എന്ന് സ്വീകരിച്ചാല്‍ത്തന്നെ സന്ദര്‍ഭത്തിനു ചേര്‍ന്ന സംഭവങ്ങളോ അല്ല. ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും മാതൃകയാക്കി സ്വന്തം നടപടികളെ ന്യായീകരിക്കുന്ന രീതി എന്നുമുതലാണ് ബിജെപി അനുവര്‍ത്തിച്ചു തുടങ്ങിയത്. അനക്‌സ് എന്നു പറയുന്നത് ആ വാക്ക് സൂചിപ്പിക്കുന്നതുപോലെ പാര്‍ലമെന്റിന്റെ ചാര്‍ത്ത് മാത്രമാണ്. എന്നിട്ടും അതിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ രാഷ്ട്രപതി വി വി ഗിരിയായിരുന്നു. ലൈബ്രറി മന്ദിരത്തിനു തറക്കല്ലിട്ടത് രാജീവ് ഗാന്ധിയും മന്ദിരം ഉദ്ഘാടനം ചെയ്തത് 2002ല്‍ രാഷ്ട്രപതി കെ ആര്‍ നാരായണനുമായിരുന്നു. അന്നും ഒരു ബിജെപി പ്രധാനമന്ത്രി ഉണ്ടായിരുന്നു. പക്ഷേ അത് വാജ്‌പേയി ആയിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ അത്തരം സന്ദര്‍ഭങ്ങള്‍ അര്‍ത്ഥമില്ലാത്ത രീതിയില്‍ ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ പ്രൗഢിയുടെയും പരമാധികാരത്തിന്റെയും പ്രതീകമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പ്രാധാന്യവും പൊലിമയും കുറയ്ക്കരുതായിരുന്നു. കേരള നിയമസഭയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിച്ചതും അതിന്റെ രജതജൂബിലി ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ആഘോഷിച്ചതും കേവലം ഉപരിപ്‌ളവമായ ഔപചാരികതയുടെ പേരില്‍ മാത്രമായിരുന്നില്ല. രണ്ട് സന്ദര്‍ഭങ്ങളിലും കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടായിരുന്നു.
ജ്യോതിഷികള്‍ കുറിച്ച ദിനത്തിലാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം എന്ന് വാര്‍ത്ത കണ്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ദിനം സവര്‍ക്കറുടെ ജ•ദിനമാണ്. യാദൃച്ഛികം എന്ന് സമാശ്വസിക്കാമെങ്കിലും ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. സാഹചര്യം അനുകൂലമെങ്കില്‍ 2025ല്‍, ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷത്തില്‍, സ്ഥാപിതമാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പാര്‍ലമെന്റാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് വിധിപ്രകാരം പൂജാകര്‍മങ്ങളോടെ കല്ലിട്ട മഹാപുരോഹിതനായിരുന്നു നരേന്ദ്ര മോദി. മെയ് 28 അയോധ്യയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ആഘോഷങ്ങളുടെ ഡ്രസ് റിഹേഴ്‌സലാക്കി. തിരുവാവതുതുറൈയിലെ പുരോഹിതര്‍ 1947ല്‍ നെഹ്‌റുവിന് നല്‍കിയതായി പറയപ്പെടുന്ന ചെങ്കോല്‍ അലഹാബാദിലെ മ്യൂസിയത്തില്‍നിന്ന് കൊണ്ടുവന്ന് നരേന്ദ്ര മോദിക്ക് കൈമാറി. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ സ്വാതന്ത്ര്യ നിയമം അനുസരിച്ച് അധികാര കൈമാറ്റം നടന്നുവെന്നാണ് നമ്മള്‍ മനസിലാക്കിയിരുന്നത്. ഇപ്പോള്‍ പുതിയ ഭാഷ്യം ഉണ്ടായിരിക്കുന്നു. ജനാധിപത്യത്തില്‍ ഉപേക്ഷിക്കപ്പെടുന്ന ചരിത്രവസ്തുവാണ് ചെങ്കോല്‍. ജനാധിപത്യത്തിലെ ഇടങ്കോലാണത്. ഇടങ്കോലുകള്‍ ഒഴിവാക്കുമ്പോഴാണ് ജനാധിപത്യം ജനകീയമാകുന്നത്. ചെങ്കോലില്‍ അഭിരമിക്കുന്ന മോദി മറ്റൊരു ലൂയി പതിന്നാലാമന്‍ ആകുന്നു. ഞാനാണ് രാഷ്ട്രം എന്നു പ്രഖ്യാപിച്ച ലൂയി ചക്രവര്‍ത്തിയെ കാത്തിരുന്നത് ജനങ്ങളുടെ വിപ്‌ളവമായിരുന്നു. അധികാരത്തിന്റെ പാരമ്യത്തില്‍ വിപ്‌ളവം സംഭവിക്കുന്നു. ആതന്‍സിലല്ല പൗരാണിക ഇന്ത്യയിലാണ് ജനാധിപത്യത്തിന്റെ പിറവിയെന്ന് ശങ്കയും ലജ്ജയുമില്ലാതെ പറയുന്നവര്‍ പുതിയ ചരിത്രനിര്‍മിതിയുടെ തിരക്കിലാണ്. നവനിര്‍മിതിയുടെ തുടക്കമാണ് അപനിര്‍മിതി.
ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പിതാവ് നരേന്ദ്ര മോദിയാണെന്ന് നാളെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ പ്രഘോഷിക്കും.ഒരിക്കല്‍ നല്‍കപ്പെട്ട ചെങ്കോല്‍ വീണ്ടും സന്യാസിമാരുടെ കൈയില്‍ എങ്ങനെയാണെത്തിയത്. അത് അലാഹാബാദ് മ്യൂസിയത്തിന്റെ പ്രോപര്‍ട്ടിയാണ്. നെഹ്‌റുവിന്റെ പൈതൃകത്തെ തിരസ്‌കരിക്കുന്ന മോദി അദ്ദേഹം മൂലയ്ക്കുവച്ച ചെങ്കോലില്‍ അഭിരമിക്കുന്നുണ്ടെങ്കില്‍ അത് നിയമപ്രകാരം സ്വന്തമാക്കി അദ്ദേഹത്തിന്റെ വീട്ടില്‍ വയ്ക്കണമായിരുന്നു. ജനങ്ങളുടെ പരമാധികാരത്തിന്റെ കെടാവിളക്കില്‍ പ്രോജ്വലമാകുന്ന ജനസഭയാണ് ലോക്‌സഭ. അവിടെ ചെങ്കോല്‍ സ്ഥാപിച്ച മോദി തന്റെ അധികാരവും ആധിപത്യവും ഉറപ്പിക്കുകയായിരുന്നു. ലോക്‌സഭയിലെ വിമര്‍ശകര്‍ക്കുള്ള മുന്നറിയിപ്പാണ് ആ ചെങ്കോല്‍. ഇതല്ല നമ്മള്‍ വികസിപ്പിച്ചെടുത്ത പാര്‍ലമെന്ററി ജനാധിപത്യം.
ഗൃഹപ്രവേശം നടത്തുമ്പോള്‍ ഒഴിയുന്ന വീട്ടിലെ പലതും ഒഴിവാക്കപ്പെടും. ഒഴിവാക്കേണ്ടതായ ഭാണ്ഡത്തിന്റെ ഭാരവുമായാണ് പുതുമന്ദിരത്തിലേക്കുള്ള പ്രവേശം. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തോടെയാണ് ശ്രീകോവിലില്‍ വിളക്കുകള്‍ തെളിഞ്ഞത്. ഭരണഘടനയുടെ കാവല്‍ക്കാരനും പാര്‍ലമെന്റിന്റെ നടത്തിപ്പുകാരനുമായ രാഷ്ട്രപതിയുടെ സാന്നിധ്യം അവിടെ ഉണ്ടാവില്ല. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതി ഉണ്ടായിരുന്നില്ല. ഇതെന്ത് ഉദ്ഘാടനം? ശുഭവേളയില്‍ ദുശ്ശകുനങ്ങളും ചീത്തയായ കീഴ്‌വഴക്കങ്ങളുടെ സൃഷ്ടിയും ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ലമെന്റില്‍ ആദ്യമായെത്തിയപ്പോള്‍ പ്രവേശനകവാടത്തില്‍ സാഷ്ടാംഗപ്രണാമം നടത്തി അകത്തേക്ക് വലതുകാല്‍ വച്ച നരേന്ദ്ര മോദി പ്രവൃത്തിയില്‍ സ്ഥാപനത്തോട് ആദരവോ മര്യാദയോ കാണിച്ചില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥപോലെ അപ്രഖ്യാപിത പ്രസിഡന്‍ഷ്യല്‍ രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. പാര്‍ലമെന്റ് അദ്ദേഹത്തിനു കയറാനുള്ള ഇടമല്ല, കയറാതിരിക്കുന്നതിനുള്ള ഇടമാണ്. കര്‍മക്ഷമത സീറോയിലെത്തിനില്‍ക്കുമ്പോഴാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രതിപക്ഷവുമായി ജനാധിപത്യപരമായി ഐക്യപ്പെടുന്നതിനുള്ള അവസരമായി ഉദ്ഘാടനത്തെ നരേന്ദ്ര മോദിക്ക് പ്രയോജനപ്പെടുത്താമായിരുന്നു. പ്രസിഡന്റിനെ ഒഴിവാക്കിയതുപോലെ പ്രതിപക്ഷത്തെയും ഒഴിവാക്കി. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റ് ജനാധിപത്യത്തിലെ പാര്‍ലമെന്റല്ല.
Read more
ചെങ്കോലും ലാത്തിയും അധികാരത്തിന്റെ ദണ്ഡുകളാണ്. അകത്ത് നരേന്ദ്ര മോദി ചെങ്കോലേന്തി വന്നപ്പോള്‍ പുറത്ത് നാടിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ പൊലീസിന്റെ പ്രഹരശേഷി അനുഭവിക്കുകയായിരുന്നു. പ്രതിഷേധിക്കുന്നതിനുള്ള ഇടമാണ് പാര്‍ലമെന്റ്. പുതിയ മന്ദിരത്തെ പ്രതിഷേധിക്കുന്നതിനുള്ള ഇടമാക്കിയ കായികതാരങ്ങളാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ ഉദ്ഘാടകര്‍.