മൃഗങ്ങൾ, വെള്ളം, തീ അല്ലെങ്കിൽ ഇരുണ്ട മുറികൾ എന്നിങ്ങനെയുള്ള പല കാര്യങ്ങളും പേടിയുള്ള പലരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന ഈ 71 വയസുകാരന് ഭയം സ്ത്രീകളെയാണ്. പേടിയാണെന്ന് മാത്രമല്ല, ഈയൊരു കാരണം കൊണ്ട് മാത്രം 71 വയസുകാരൻ വർഷങ്ങളായി സ്വന്തം വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ് എന്നതാണ് പ്രത്യേകത.
റുവാണ്ട സ്വദേശിയായ കാലിറ്റ്‌സെ സാംവിറ്റ, സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ കഴിഞ്ഞ 55 വർഷമായി വീട്ടിൽ തന്നെ അടച്ചിരിക്കുകയാണ്. 16 ആം വയസ്സിലാണ് ഇയാൾ സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. ഇത് കൂടാതെ സ്ത്രീകളെ കാണാതിരിക്കാൻ വീടിന് ചുറ്റും പതിനഞ്ച് അടി ഉയരത്തിൽ ഒരു വേലിയും കെട്ടി മറച്ചാണ് സാംവിറ്റ താമസിക്കുന്നത്.
ഒരു തരത്തിലും സ്ത്രീകളെ കാണരുത് എന്ന ഉദ്ദേശത്തോടെ വീടിനുള്ളിൽ തന്നെ തനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സാംവിറ്റ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളെ പുറത്തു കണ്ടാൽ സാംവിറ്റ ഉടൻ തന്നെ വീടിനകത്ത് ഓടി കയറുകയാണ് ചെയ്യുക. എല്ലാരും പോയി എന്ന് ഉറപ്പുവരുത്തിന് ശേഷം മാത്രമാണ് പിന്നെ പുറത്തിറങ്ങുക.
സ്ത്രീകളെ ഭയമാണെങ്കിലും ഇയാൾ ജീവിക്കുന്നത് മറ്റുള്ള സ്ത്രീകൾ കാരണമാണ്. സമീപത്തുള്ള സ്ത്രീകൾ സാംവിറ്റയുടെ വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിയുന്ന ഭക്ഷണ സാധനങ്ങളാണ് ഇയാൾ കഴിക്കുന്നത്. ഗൈനോഫോബിയ എന്ന മാനസികാവസ്ഥ കൊണ്ടാണ് സാംവിറ്റയ്ക്ക് സ്ത്രീകളോട് ഭയം തോന്നാൻ കാരണം.
സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെ കുറിച്ചുള്ള അതീവ ഉത്കണ്ഠയുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. പലരും ഗൈനോഫോബിയയെ സ്ത്രീവിരുദ്ധതയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഭയം തന്നെയാണ്. സ്ത്രീകളെ കുറിച്ചുള്ള ചിന്ത പോലും ഈ ഭയം ഉണ്ടാക്കിയേക്കാം.
Read more
ഈ അവസ്ഥയുള്ള ആളുകൾക്ക് ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഭയമോ ഉത്കണ്ഠയോ പലപ്പോഴും അനുഭവപ്പെടാറുണ്ട്. പരിഭ്രാന്തി , നെഞ്ചിൽ ഞെരുക്കം , അമിതമായി വിയർക്കുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് അല്ലെങ്കിൽ സ്ത്രീകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.