ഇന്നത്തെ കാലത്ത് ഒരുപാട് ചര്‍മ്മ പ്രശ്‌നങ്ങളിലൂടെ നമ്മള്‍ കടന്നു പോകുന്നുണ്ട്. ചര്‍മ്മത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. അതുപോലെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നിലനിറുത്താനും നിരവധി വഴികള്‍ പയറ്റുന്നവരാണ് അധികവും. മഞ്ഞള്‍, ചന്ദനം, തൈര്, പനിനീര് എന്നിങ്ങനെ സ്ഥിരമായി കൈയില്‍ കരുതുന്ന പലതുണ്ടാകും മിക്കവരുടേയും സൗന്ദര്യസംരക്ഷണ പൊടിക്കൈകളില്‍.
എന്നാല്‍ പച്ചക്കറിയായ ഉരുളക്കിഴങ്ങ് എങ്ങനെ സൗന്ദര്യവര്‍ദ്ധക വസ്തുവായും തീരും.ഉരുളക്കിഴങ്ങ് കഴിക്കാന്‍ മാത്രമല്ല മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും. ശാസ്ത്രീയമായി വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവയുടെ കലവറയായ ഉരുളക്കിഴങ്ങ് നല്ലൊരു ടോണര്‍ ആണ്. ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടുമ്പോള്‍ മുഖത്തെ അനാവശ്യ പാടുകള്‍ ഇല്ലാതാക്കുന്നു, ഇത് മുഖത്തെ വീക്കം ഇല്ലാതാക്കുകയും കണ്ണുകളുടെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍, ആന്റിഓക്‌സിഡന്റുകളുള്ള ഉരുളക്കിഴങ്ങ് ചര്‍മ്മത്തെ കിരണങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു.ഒരു ഉരുളക്കിഴങ്ങ് ഉണ്ടെങ്കില്‍ പല തരത്തിലുള്ള ഫേസ് പാ ക്കകള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാം. ഫോസ്ഫറസ്, അയണ്‍, മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ ധാരാളമായി ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
ഉരുളക്കിഴങ്ങ്, നാരങ്ങ പായ്ക്ക്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുക്കുന്ന നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്തുള്ള മിശ്രിതം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയുന്നതിനും നിങ്ങളുടെ യഥാര്‍ത്ഥ നിറം നിലനിറുത്തുന്നതിനും സഹായിക്കും. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കണം. ഇപ്രകാരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മികച്ച ഫലം നല്‍കും. പ്രത്യേകിച്ചും സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. മുഖക്കുരു ഒഴിവാക്കുന്നതിനും ഇത് വളരെ നല്ലതാണ്. വരണ്ട ചര്‍മ്മക്കാര്‍ക്ക് ഈ മിശ്രിതത്തിലേക്ക് അര ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് ഉപയോഗിക്കുക.
ഉരുളക്കിഴങ്ങും മുള്‍ട്ടാണി മിട്ടിയും പനിനീരും
ഈ ഫേസ്പാക്കും ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണ്. തൊലികളഞ്ഞ ഉരുളക്കിഴങ്ങ് അരച്ചെടുത്തതിലേക്ക് മൂന്നോ നാലോ ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും പനിനീരും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിറുത്താന്‍ ഇത് വളരെ നല്ലതാണ്.
ഉരുളക്കിഴങ്ങ് തക്കാളി പാക്ക്
അല്‍പം ഉരുളക്കിഴങ്ങ് പേസ്റ്റും തക്കാളിനീരില്‍ കലര്‍ത്തുക. ഇതില്‍ അല്‍പം തേന്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഇത് സഹായിക്കും.പാക്ക് കഴുകിക്കളയാന്‍ തണുത്ത വെള്ളം ഉപയോഗിക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കും.
ഉരുളക്കിഴങ്ങും മുട്ടയും
മുട്ട ഓംലറ്റ് അടിക്കാനും ഉരുളക്കിഴങ്ങ് കറി വെച്ച് കഴിക്കാനും മാത്രമല്ല നല്ല മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനും മികച്ച കോമ്പിനേഷനാണ്.മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.
ഉരുളക്കിഴങ്ങും അരിപ്പൊടിയും
ഉരുളക്കിഴങ്ങ് ജ്യൂസ് – 1 ടീസ്പൂണ്‍
അരി മാവ് – 1 ടീസ്പൂണ്‍
നാരങ്ങ നീര് – 1 ടീസ്പൂണ്‍
തേന്‍ – 1 ടീസ്പൂണ്‍
ഉരുളക്കിഴങ്ങിന്റെ നീര്, അരിപ്പൊടി, നാരങ്ങാനീര്, തേന്‍ എന്നിവയെല്ലാം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മിക്‌സ് ചെയ്ത പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. മുഖത്ത് വൃത്താകൃതിയില്‍ 5 മിനിറ്റ് സൌമ്യമായി എക്സ്ഫോളിയേറ്റ് ചെയ്തുകൊണ്ട് ഇത് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കാം.
Read more
ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് ചെറിയ ട്യൂബുകള്‍ ആക്കി ഫ്രീസറില്‍ വച്ച് ഉപയോഗിക്കാവുന്നതാണ്. തണുത്ത ജ്യൂസ് ക്യൂബുകള്‍ മുഖത്തിന് ഉണര്‍വും തേജസ്സും നല്‍കുന്നതിനൊപ്പം പേശികള്‍ക്ക് ബലവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.