എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില പുരോഗതിയില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16നാണ് ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എംടി മരുന്നുകളോട് പ്രതികരിക്കുന്നതായും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞതായും വിലയിരുത്തി. എങ്കിലും ഹൃദയത്തിന്റെ ആരോഗ്യ നില ഇനിയുമേറെ മെച്ചപ്പൈനുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

അന്നുമുതല്‍ ഐസിയുവില്‍ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്. പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വൈകിട്ട് പുറത്തുവിടുമെന്ന് അധികൃതര്‍ പറഞ്ഞു.