സിനിമകളിൽ വാടക കൊലയാളികളുടെ കൊലപാതകരീതികളും മറ്റും നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ തിരശ്ശീലയ്ക്ക് പിന്നിൽ, ക്രൂരതയ്ക്കും അവർ അപഹരിച്ച ജീവനുകളുടെ പേരിലും കുപ്രസിദ്ധരായി മാറിയ ചില വാടക കൊലയാളികളുണ്ട്. ചെയിൻസോ പോലുള്ള ഉപകരണങ്ങൾ മുതൽ സയനൈഡ് പോലെയുള്ള ആയുധങ്ങൾ വരെ ഉപയോഗിച്ചുള്ള ഇവരുടെ കൊലപാതക രീതികൾ ലോകമെമ്പാടും ഭീകരതയുടെ ഒരു പാത തന്നെ അവശേഷിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ വാടകക്കൊലയാളികളുടെ പേരുകൾ ഇന്നും പലരും ഓർക്കുന്നവയാണ്.
ഐസ്മാൻ
6 അടി 5 ഇഞ്ച് ഉയരമുള്ള ഒരു മനുഷ്യൻ. അതായിരുന്നു ഐസ്മാൻ. റിച്ചാർഡ് കുക്ലിൻസ്കി എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. 30 വർഷത്തിനിടെ 200-ലധികം ആളുകളെ കൊന്നൊടുക്കിയ കുപ്രസിദ്ധ അമേരിക്കൻ വാടകക്കൊലയാളിയായിരുന്നു ഐസ്മാൻ. വില്ലും അമ്പും മുതൽ ചെയിൻസോയും സയനൈഡ് നാസൽ സ്പ്രേകൾ വരെ തൻ്റെ ഇരകളെ കൊല്ലാൻ ഐസ്മാൻ ഉപയോഗിച്ചു. 2006-ൽ 70-ആം വയസ്സിൽ ജയിലിൽ വെച്ചായിരുന്നു ഇയാളുടെ മരണം.
ദി അനിമൽ
ഒരു നിശാക്ലബിൽ ഉണ്ടായ വഴക്കിനിടെ ഒരാളെ കവിളിൽ കടിച്ച് കൊന്നതിന് ശേഷമാണ് ജോസഫ് ബാർബോസയ്ക്ക് “The Animal” എന്ന പേര് ലഭിക്കുന്നത്. ഇയാൾ ബോസ്റ്റണിലെ പാട്രിയാർക്ക ക്രൈം ഫാമിലിക്ക് വേണ്ടി ജോലി ചെയ്യുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്. ജോസഫ് ബാർബോസ പലപ്പോഴും സൈലെൻസ്ഡ് തോക്കുകളും കാർ ബോംബുകളുമാണ് കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്നത്. 1976-ൽ 43-ാം വയസ്സിൽ ഒരു ഏറ്റുമുട്ടലിൽ ബാർബോസ കൊല്ലപ്പെട്ടു.
ദി സൂപ്പർകില്ലർ
40 ഓളം പേരെ കൊലപ്പെടുത്തിയ റഷ്യൻ വാടകക്കൊലയാളി ആയിരുന്നു അലക്സാണ്ടർ സോളോണിക്. മുൻ സോവിയറ്റ് പട്ടാളക്കാരനും ആയോധനകലയിൽ വിദഗ്ധനുമായ അദ്ദേഹത്തിന് രണ്ട് കൈകളും ഉപയോഗിച്ച് വെടിവയ്ക്കാൻ കഴിയും. 1994-ൽ വെടിവയ്പിൽ പോലീസ് പിടികൂടിയെങ്കിലും അടുത്ത വർഷം അലക്സാണ്ടർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. 1997-ൽ ഗ്രീസിലായിരിക്കെ ഒരു അക്രമി അദ്ദേഹത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതപ്പെടുന്നത്.
ഹാരി ദി ഹെഞ്ച്മാൻ
1930-കളിൽ അമേരിക്കയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരു സംഘമായിരുന്നു മർഡർ ഇൻക്. മാഫിയയ്ക്കുവേണ്ടി നൂറു കണക്കിന് കരാർ കൊലപാതകങ്ങൾ ആണ് നടത്തിയത്. സംഘത്തിലെ അക്രമികളിൽ ഒരാളായ ഹാരി സ്ട്രോസ് 500 ഓളം പേരെ കൊന്നതായി റിപ്പോർട്ടുണ്ട്. 1941-ൽ 31-ആം വയസ്സിൽ വൈദ്യുതക്കസേരയിൽ വെച്ച് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു.
ബ്രൂട്ടൽ ബ്രിറ്റ്
1974 നും 1978 നും ഇടയിൽ സജീവമായിരുന്ന ഒരു ബ്രിട്ടീഷ് വാടക കൊലയാളി ആയിരുന്നു ജോൺ ചൈൽഡ്സ്. ‘ബ്രൂട്ടൽ ബിറ്റ്’ എന്നും ഇയാൾ അറിയപ്പെടുന്നു. പിതാവിനെ കൊല്ലുന്നത് കണ്ട 10 വയസുകാരനുൾപ്പെടെ ആറ് പേരെ ഇയാൾ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മാത്രമല്ല, തൻ്റെ ഇരകളെ കൊന്നശേഷം ജോൺ ചൈൽഡ്സ് ചുട്ടുകളയുമായിരുന്നു. 1979 മുതൽ അദ്ദേഹം ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്.
ജൂലിയോ സന്റാന
ബ്രസീലിയൻ വാടകക്കൊലയാളിയായ സാന്റാന ചരിത്രത്തിലെ ഏറ്റവും അപകടകാരിയായി അറിയപ്പെടുന്നു. 492 പേരെ കൊന്നൊടുക്കിയ സാന്റാന 17 വയസ് മുതൽ ആളുകളെ കൊല്ലാൻ തുടങ്ങിയിരുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഒന്നോ അതിലധികമോ വ്യക്തികളെ കൊല്ലാൻ പണം നൽകി ഏൽപ്പിക്കുമ്പോൾ കൊല നടത്താൻ തയ്യാറാകുന്ന ആളെയാണ് വാടകകൊലയാളി, കരാർകൊലയാളി അഥവാ ഹിറ്റ്മാൻ എന്ന് പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, വാടക കൊലയാളി സാധാരണയായി ലാഭം ലക്ഷ്യമാക്കിയാണ് കൊലപാതകം നടത്തുന്നത്.