ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയില്‍ വീണ്ടും ഒരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ കേന്ദ്രസര്‍ക്കാരും ബിജെപിയും പദ്ധതിയിടുന്നുവെന്ന ആക്ഷേപവുമായി ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാനും ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്താനും കേന്ദ്ര ഏജന്‍സികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കപ്പെടുമെന്നാണ് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആശങ്കപ്പെടുന്നത്.

അതിഷിയെ മാത്രമല്ല മുമ്പ് മദ്യനയ അഴിമതി കേസില്‍ തങ്ങളെ കുടുക്കിയത് പോലെ ഇനിയുള്ള മുതിര്‍ന്ന നേതാക്കളെ കൂടെ പൂട്ടാനാണ് കേന്ദ്രശ്രമമെന്ന ആക്ഷേപമാണ് ആംആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് റെയ്ഡിനുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് കെജ്രിവാള്‍ തുറന്നടിച്ചു. പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് ആപ് നേതാവ് പറയുന്നത്. അതിഷിയെ കുടുക്കാന്‍ കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചന നടത്തുകയാണെന്നും വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് കെജ്രിവാള്‍ പറഞ്ഞു.

അതിഷിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും എന്ന് രണ്ട് പദ്ധതികള്‍ക്ക് രണ്ട് വകുപ്പുകള്‍ ചുവപ്പ് കൊടി കാണിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനം. ഈ രണ്ട് പദ്ധതികളും തടഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യ-വനിതാ ശിശുവികസന വകുപ്പുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ആപ്പിന്റെ ഭരണകാലയളവില്‍ കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹി നിവാസികളെ അസൗകര്യത്തിലാക്കാന്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ബിജെപി ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖേന ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസപ്പെടുത്തുകയായിരുന്നുവെന്നും പക്ഷേ അതെല്ലാം നേരിട്ട് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നുവെന്നും കെജ്രിവാള്‍ ചൂണ്ടിക്കാണിച്ചു.

ഡല്‍ഹിയില്‍ ബിജെപി നടത്തിയ പലതരം ഗൂഢാലോചനകളെല്ലാം പരാജയപ്പെട്ടപ്പോള്‍ അവര്‍ എഎപിയുടെ ഉന്നത നേതാക്കളെയും മന്ത്രിമാരെയും ജയിലിലേക്ക് അയച്ചു കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ശ്രമിച്ചു. ആ പണി ഇപ്പോഴും തുടരുകയാണ്. ചരിത്രപരമായ ഒരു തോല്‍വിക്കാണ് ഡല്‍ഹിയില്‍ ബിജെപി കോപ്പുകൂട്ടുന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.