എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഉത്തര്‍പ്രദേശില്‍ രണ്ട് പുരുഷന്മാരെ ഒരു സമയം വിവാഹം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലെ ഡിയോറയിലാണ് സംഭവം നടന്നത്. യുവതിയുടെയും രണ്ട് വരന്മാരുടെയും വീഡിയോ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടൊപ്പം രണ്ട് വരന്മാരോടൊപ്പം യുവതി നില്‍ക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ വിവാഹ ശേഷമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി ഒരേ സമയം രണ്ട് പുരുഷന്‍മാരെ വിവാഹം കഴിക്കുകയായിരുന്നു. തനിക്ക് രണ്ട് വിവാഹങ്ങളിലായി രണ്ട് താലിയുണ്ടെന്നും രണ്ട് ഭര്‍ത്താക്കന്‍മാരോടൊപ്പം ഒരേ വീട്ടിലാണ് താമസമെന്നും പറഞ്ഞു.

വീഡിയോയില്‍ സിന്ദൂരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി നില്‍ക്കുന്നത്. രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം. സോഷ്യല്‍ മീഡിയകളില്‍ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

ചിലര്‍ യുവതി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാനുള്ള ശ്രമമെന്ന് സംഭവത്തെ കുറിച്ച് പറയുമ്പോള്‍, മറ്റ് ചിലരുടെ അഭിപ്രായം പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പതനം ആരംഭിച്ചെന്നും കുറിക്കുന്നു.