സലൂണുകൾ മുതൽ കടകൾ വരെ; വൈറലായ ഭീമൻ കെട്ടിടത്തിനുള്ളിലെ 'നഗരം' ഇതാണ്..

കെട്ടിടത്തിനുള്ളിലെ നഗരം. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാണ്. താമസക്കാർക്ക് വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്‌ഷൗവിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ റീജൻ്റ് ഇൻ്റർനാഷണൽ എന്ന ഈ കെട്ടിടമുള്ളത്.

ഭീമാകാരമായ കെട്ടിടത്തിൻ്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ‘ചൈനയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടത്തിൽ 20,000-ത്തിലധികം ആളുകൾ താമസിക്കുന്നു’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോ കണ്ട പലരും വ്യത്യസ്തമായ കമന്റുകളുമായാണ് എത്തിയിരിക്കുന്നത്. ചിലർ ഇതിനെ ‘ജയിൽ’ എന്ന് വിളിച്ചപ്പോൾ മറ്റുള്ളവർ 20,000-ത്തിലധികം ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധ്യമാക്കിയ കഴിവിനെയാണ് അഭിനന്ദിച്ചത്.

ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ അപകടസാധ്യതകൾ കാണിച്ചുകൊണ്ട് നിരവധി ആളുകൾ ഒരുമിച്ച് താമസിക്കുന്നതിൻ്റെ അപകടസാധ്യതകളും ചില ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു. കെട്ടിടത്തിൽ പതിച്ചാൽ വലിയ മരണസംഖ്യയായിരിക്കും ഉയരുക എന്നാണ് ചിലർ പറയുന്നത്. ജലവിതരണവും മലിനജലവും കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന സംശയവും ഒരാൾ ചോദിച്ചു.

യഥാർത്ഥത്തിൽ ഒരു ആഡംബര ഹോട്ടലായാണ് റീജൻ്റ് ഇൻ്റർനാഷണൽ നിർമിച്ചത്. പിന്നീട് ഇത് ഒരു റെസിഡൻഷ്യൽ കെട്ടിടമായി മാറുകയായിരുന്നു. 675 അടി ഉയരത്തിൽ എസ് ആകൃതിയിലുള്ള കെട്ടിടത്തിൽ 39 നിലകളിലായി ആയിരക്കണക്കിന് ഹൈ-എൻഡ് റെസിഡൻഷ്യൽ അപ്പാർട്മെന്റുകളാണ് ഉള്ളത്. ഒരു ഭീമൻ ഫുഡ് കോർട്ട്, പലചരക്ക് കടകൾ, ബാർബർ ഷോപ്പുകൾ, നെയിൽ സലൂണുകൾ, വിശാലമായ പൂന്തോട്ടങ്ങൾ, അത്യാധുനിക ഫിറ്റ്‌നസ് സെൻ്ററുകൾ, കഫേകൾ, നീന്തൽക്കുളങ്ങൾ, കഫേകൾ എന്നിവ തുടങ്ങി ഒരു മനുഷ്യൻ ആവശ്യമായ എല്ലാം ഈ കെട്ടിടത്തിനുള്ളിൽ തന്നെയുണ്ട്. താമസക്കാർക്ക് ആവശ്യമായതെല്ലാം കെട്ടിടത്തിനുള്ളിൽ കണ്ടെത്താമെന്നതിനാൽ, അവർക്ക് പുറത്തേക്ക് പോകേണ്ട ആവശ്യമില്ല.

20,000 ആളുകൾ നിലവിൽ താമസിക്കുന്നുണ്ടെങ്കിലും 30,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കെട്ടിടത്തിൽ ഇപ്പോഴും ധാരാളം സ്ഥലമുണ്ട്. അതിനാൽ ശരിക്കും പറഞ്ഞാൽ ഏകദേശം 10,000 ആളുകൾക്ക് ഇപ്പോഴും ഇടമുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇതോടെ തിരക്ക് കൂടും എന്നതും കെട്ടിടത്തിൽ ആളുകളെ നിറയ്ക്കാത്തതിന് ഒരു കാരണമാണ്.

ലോകത്തിലെ രണ്ടാമത്തെ സെവൻ സ്റ്റാർ ഹോട്ടലായ സിംഗപ്പൂർ സാൻഡ്സ് ഹോട്ടലിൻ്റെ ചീഫ് ഡിസൈനറായ അലിസിയ ലൂയാണ് ഈ കെട്ടിടം രൂപകൽപന ചെയ്തത്. 2013ലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ബിരുദദാരികളും ബിരുദം നേടാൻ പോകുന്ന വിദ്യാര്ഥികളുമാണ് ഈ കെട്ടിടത്തിൽ കൂടുതലായും ഉള്ളതെന്നാണ് പറയുന്നത്. ഇൻഫ്ലുവെൻസർമാരെ പോലുള്ള യുവ യുവ പ്രൊഫഷണലുകളും ചെറുകിട ബിസിനസ്സുകളുടെ ചുമതലയുള്ളവരും ആണ് ഇവിടുത്തെ പ്രധാന വാടകക്കാർ. ചൈനീസ് വാർത്താ ഏജൻസിയായ സിന പറയുന്നതനുസരിച്ച്, കെട്ടിടത്തിൻ്റെ അപ്പാർട്ട്‌മെൻ്റുകളുടെ വിലയിലും കാര്യമായ ചില വ്യത്യാസങ്ങളുണ്ട്. ജനാലകളില്ലാത്ത ചെറിയ യൂണിറ്റുകൾക്ക് പ്രതിമാസം 1,500 RMB (17,959 രൂപ) മുതൽ 4,000 RMB വരെയും (47,891 രൂപ) ബാൽക്കണികളുള്ള വലിയ യൂണിറ്റുകൾക്ക് ഇതിന് വിലയുണ്ടെന്നുമാണ് പറയുന്നത്..