ഫിറ്റ്നസിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ ഗ്രീന്‍ ടീയ്ക്ക് ഉണ്ട്. ഫാറ്റ് കുറയ്ക്കാനും ഭാരം കുറയ്ക്കാനുമായി ഗ്രീന്‍ ടീ കുടിക്കുന്ന പലരുമുണ്ട്. എന്നാല്‍ ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ ഫലപ്രദമായി ഉപയോഗിക്കാം. ഇക്കാര്യം പക്ഷേ പലര്‍ക്കും അറിയില്ല. ഗ്രീന്‍ ടീ ഉപയോഗിച്ചുള്ള ഫെയ്‌സ്പാക്കുകള്‍ മുഖ സൗന്ദര്യത്തിന് ഗുണം ചെയ്യും.
ഓറഞ്ചിന്റെ തൊലിയും ഗ്രീന്‍ ടീയും അപാര കോംമ്പിനേഷന്‍ അല്ലേ..
ഒരു സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു സ്പൂണ്‍ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, അര സ്പൂണ്‍ തേന്‍ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി സ്‌ക്രബ് ചെയ്യണം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകണം. ആഴ്ചയില്‍ രണ്ടു തവണ വരെ ഈ ഫെയ്സ്പാക് ഉപയോഗിക്കാം. കൊളീജന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും ചര്‍മത്തിന് പ്രായം കുറവ് തോന്നാനും ഇത് സഹായിക്കും.
മഞ്ഞളും ഗ്രീന്‍ ടീയും ഒന്നിച്ചാല്‍ പിന്നെ വേറൊന്നും വേണ്ട..
ചര്‍മ സംരക്ഷണത്തിന് പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന മഞ്ഞള്‍ മുഖക്കുരു, കരുവാളിപ്പ് എന്നിവ ഇല്ലാതാക്കും. കടലമാവിന് ചര്‍മത്തിന്റെ ടെക്സചര്‍ മികച്ചതാക്കാനുള്ള കഴിവുണ്ട്. ഇതോടൊപ്പം ഗ്രീന്‍ ടീ ചേരുമ്പോള്‍ ഇതൊരു മികച്ച ഫെയ്സ്പാക് ആകും. അരസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ കടലമാവ്, രണ്ട് സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യണം. കണ്ണിന്റെ ഭാഗങ്ങള്‍ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 അല്ലെങ്കില്‍ 20 മിനിറ്റിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടു തവണ ഇത് ഉപയോഗിക്കാം.
എന്നാല്‍ എണ്ണ മയമുള്ള ചര്‍മ്മക്കാര്‍ക്ക് ഗ്രീന്‍ ടീ കൊണ്ട് പ്രത്യേകം ഫെയ്സ് പാക്കുകളുണ്ട്…
അതിലൊന്ന് അരിപ്പൊടി കൊണ്ട് ചെയ്യാവുന്നതാണ്. രണ്ട് സ്പൂണ്‍ അരിപ്പൊടി, ഒരു സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ളത്. കുഴമ്പുരൂപത്തിലാകുന്നതു വരെ ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. കണ്‍തടങ്ങള്‍ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
ഇതുപോലെ തന്നെ ഏറെ ഫലപ്രദമാണ് മുള്‍ട്ടാണി മിട്ടിയും…
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ സ്പൂണ്‍ ഗ്രീന്‍ ടീയില്‍ മിക്സ് ചെയ്യുക. ചുണ്ടിന്റെയും കണ്ണിന്റെയും ഭാഗങ്ങള്‍ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കാനും അസ്വസ്ഥകള്‍ പരിഹരിക്കാനും ഈ ഫെയ്സ്പാക് സഹായിക്കും.
വരണ്ട ചര്‍മത്തിന് തേനും ഗ്രീന്‍ ടീയും ചേരുന്നതാണ് ബെസ്റ്റ്…
Read more
ഇതൊരു ഫെയ്സ്പാക് അല്ലെങ്കിലും വരണ്ട ചര്‍മത്തിന് ഉപയോഗപ്രദമായ ഒന്നാണ്. രണ്ട് സ്പൂണ്‍ ശുദ്ധമായ തേനും ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക. ചര്‍മത്തിന് ഈര്‍പ്പവും മൃദുത്വവും ലഭിക്കാന്‍ ഇത് സഹായിക്കും.