'ഇന്ത്യ വിട്ട് പഠിക്കാൻ എത്തുകയെന്നത് സ്വപ്നമായിരുന്നു' കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ട്രോളോട് ട്രോൾ; ഒടുവിൽ ജോലി വാഗ്‌ദാനം ചെയ്ത് ട്രൂകോളർ സിഇഒ

ഇന്ത്യയിൽ നിന്നുള്ള കനേഡിയൻ വിദ്യാർത്ഥിനി ഇന്ത്യ വിടാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ വിദ്യാർത്ഥിനിക്ക് നേരെ വലിയ രീതിയിൽ പരിഹാസങ്ങളും വിമർശനങ്ങളും ഉയരുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വിദ്യാർത്ഥിനിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രൂകോളറിന്റെ സിഇഒ അലൻ മമേദി. സിഇഒ വിദ്യാർത്ഥിനിയെ പ്രശംസിച്ചു എന്നുമാത്രമല്ല ട്രൂകോളറിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.

“ആളുകൾ അവളെ കളിയാക്കാൻ വേണ്ടി അവൾ പറഞ്ഞ കാര്യം തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് ശരിയല്ല!! ഏകതാ, ഈ കോമാളികളെല്ലാം നിങ്ങളെ കളിയാക്കുന്നത് കേൾക്കരുത്. നിങ്ങൾ വളരെ കൂൾ ആണെന്നും നിങ്ങളുടെ സ്വപ്നം ജീവിക്കുകയാണെന്നും ഞാൻ മനസിലാക്കുന്നു! നിങ്ങൾ സ്കൂൾ പഠനം പൂർത്തിയാക്കിക്കഴിഞ്ഞാൽ ലോകത്തെവിടെയുമുള്ള ഞങ്ങളുടെ ട്രൂകോളർ ഓഫീസുകളിൽ ജോലി ചെയ്യാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു ” അദ്ദേഹം വീഡിയോയ്ക്ക് മറുപടി നൽകി.


ഒരു ഓൺലൈൻ മാധ്യമത്തിന് കാനഡയിൽ വെച്ച് നൽകിയ അഭിമുഖമാണ് പെൺകുട്ടിയെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. തന്‍റെ മാതൃരാജ്യത്ത് നിന്നും പുറത്തു കടന്ന് ഇവിടെ വന്ന് പഠിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നു എന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. കൂടാതെ, കാനഡയിൽ ബയോടെക് ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു ബിസിനസ്സ് തുടങ്ങണം എന്നതാണ് തന്റെ ആഗ്രഹമെന്നും വിദ്യാർത്ഥിനി പറഞ്ഞു.

കാനഡയിലെ സൂര്യോദയവും സൂര്യാസ്തമയവും ജീവിതാന്തരീക്ഷവും ഒക്കെ തനിക്ക് ഇഷ്ടമാണെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു. ഇതിനു ശേഷമാണ് വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ട പെൺകുട്ടിക്ക് പിന്തുണയുമായി ട്രൂകോളർ സിഇഒ രംഗത്തെത്തിയത്.