വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും അദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്‍ട്ടിയിലെ വിമതനീക്കത്തെ തുടര്‍ന്നാണ് സ്ഥാനം രാജിവച്ചത്.

ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. പുതിയ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം നാളെ ചേരാനിരിക്കേയാണ് രാജി.

പ്രധാന സഖ്യകക്ഷിയായ എന്‍ഡിപി സെപ്തംബറില്‍ പിന്തുണ പിന്‍വലിച്ചതുമുതല്‍ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു ട്രൂഡോ സര്‍ക്കാര്‍. 2025 ഒക്ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപപ്രധാനമന്ത്രി രാജിവച്ചതും ട്രൂഡോയ്ക്ക് തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ലിബറല്‍ പാര്‍ടിയിലെ എംപിമാരില്‍ ഇരുപതുപേര്‍ പ്രധാനമന്ത്രിപദം ഒഴിയണമെന്ന് ട്രൂഡോയ്ക്ക് കത്തയച്ചിരുന്നു.

ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജിയെന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തില്‍ ട്രൂഡോയുടെ രാജി ഇന്ത്യയ്ക്ക് നേട്ടമായിട്ടുണ്ട്.