ഒരു ദുരന്തം വന്നാൽ നശിക്കാൻ മാത്രം ഉള്ളതേയുള്ളു നമ്മുടെ ലോകം. ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും എത്രമാത്രം നാശനഷ്ടങ്ങളാണ് സംഭവിക്കാറുള്ളത് എന്ന കാര്യം ആലോചിച്ചാൽ തന്നെ നമുക്ക് ഇത് മനസിലാകും. ഇത് പഴയ പടിയാകാൻ ചിലപ്പോൾ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ വരെ എടുത്തേക്കാം. ഇത്തരമൊരു കാര്യം മുന്നിൽ കണ്ട് ഭൂമിയിൽ ഉള്ള എല്ലാതരം വിത്തുകളും സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു നിലവറ നമ്മുടെ ഭൂമിയിൽ ഒരറ്റത്തുണ്ട്. ഭൂമിയിലുളള എല്ലാത്തരം വിത്തുകളും സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരു നിലവറ തന്നെയാണ് ഇത്.
ലോകാവസാനത്തിന്റെ ബങ്കർ എന്നും നോഹയുടെ വിത്തുകളുടെ പെട്ടകം എന്നും വിളിക്കപ്പെടുന്ന ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത് സ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് എന്നാണ്. നോർവെയിലെ സ്വാൾബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിലാണ് സുരക്ഷിതമായ ഈ വിത്തു സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ അകലെയാണ് സ്വാൾബാർഡ് ഗ്ലോബൽ സീഡ് വോൾട്ട് നിർമിച്ചിരിക്കുന്നത്. ലോകത്തിനു എന്തെങ്കിലും സംഭവിച്ചാൽ അതിൽ നിന്നും രക്ഷ നേടുന്നവർക്ക് വേണ്ടിയാണു ഈ വിത്തുകൾ ഈ വോൾട്ടിൽ സൂക്ഷിച്ചിരിക്കുന്നത്.
ഒരു ഭൂഗർഭ വെയർഹൗസ് ആണിത്. 2008ൽ ആരംഭിച്ച ഈ ഭൂഗർഭ കേന്ദ്രത്തിൽ ലോകത്ത് എല്ലായിടത്തുമുള്ള ഏകദേശം 4.5 ദശലക്ഷം വിള സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്നുണ്ട്. 2020ന് ശേഷം വിത്തുകളുടെ സാമ്പിളുകൾ ലഭിക്കുന്നതിൽ ഗണ്യമായ വർധനവാണ് സ്വാൾബാർഡ് വോൾട്ടിൽ ഉണ്ടായത്. ഈ വർധനവ് കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് വർധിച്ചു വരുന്ന ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത്.
പ്രകൃതി ദുരന്തങ്ങൾ, സംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുണ്ടാകുന്ന ജനിതക ജൈവവൈവിധ്യത്തിൻ്റെ കുറവ് മുൻകൂട്ടി കണ്ടാണ് ഇങ്ങനെ ഒരു ശേഖരണം ഉണ്ടാക്കിയത്. ഏതെങ്കിലും ഒരു കാരണം കൊണ്ട് ലോകം എപ്പോഴെങ്കിലും നശിക്കുകയാണെങ്കിൽ അതിൽ നിന്നും അതിൽ നിന്നും രക്ഷപ്പെടുന്നവർക്ക് ഈ വിത്തുകൾ ഉപയോഗിച്ച് പുതിയൊരു ലോകം തന്നെ സൃഷ്ടിക്കാം. ഒരു ദുരന്തമുണ്ടായാൽ മനുഷ്യവർഗത്തിന് ഭക്ഷ്യ ഉൽപ്പാദനം തുടരാനാകുമെന്ന് ഉറപ്പാക്കുകയാണ് ഈ സംഭരണശാലയുടെ ലക്ഷ്യം.
2006 ജൂൺ 19ന് നോർവേ, സ്വീഡൻ, ഫിൻലൻഡ്, ഡെൻമാർക്ക്, ഐസ്ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ ചേർന്നാണ് നിലവറയുടെ കല്ലിടൽ ചടങ്ങ് നടത്തിയത്. സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ ഒരു ചുണ്ണാമ്പുകല്ല് മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് ഈ നിലവറ നിർമ്മിച്ചത്. നോർഡിക് ജെനറ്റിക് റിസോഴ്സ് സെന്റർ ആണ് ഈ കേന്ദ്രം കൈകാര്യം ചെയ്യുന്നത്.
വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഭൂചലന സാധ്യത കുറവാണ് എന്നതാണ് ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകത. താഴ്ന്ന താപനിലയാണ് ഇത് നിർമിക്കാനായി സ്പിറ്റ്സ്ബെർഗൻ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. കടലിൽ നിന്ന് 430 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ മഞ്ഞു മലകൾ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെ ഇരിക്കും. അവിടെ നിന്ന് തന്നെ ഖനനം ചെയ്യുന്ന കൽക്കരി ഉപയോഗിച്ച് കൂടുതൽ തണുപ്പിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ശീതീകരണ സംവിധാനം പരാജയപ്പെട്ടാൽ തന്നെ ചുറ്റുപാടുമുള്ള താപനിലയിലേക്ക് എത്താൻ ഏതാനും ആഴ്ചകൾ വേണ്ടിവരും.
Read more
വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്ത വിധത്തിൽ പ്രത്യേക പാക്കറ്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ മെറ്റൽ റാക്കുകളിലാണ് അടുക്കിവെച്ചിരിക്കുന്നത്. താഴ്ന്ന താപനിലയും പരിമിതമായ ഓക്സിജൻ സാന്നിധ്യവും വിത്തുകൾ കേടു വരാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കും. നിർമ്മാണത്തിന് മുൻപ് നടന്ന സാധ്യത പഠനത്തിൽ പ്രധാന ധാന്യവിളകൾ നൂറുകണക്കിന് വർഷത്തേക്ക് സംരക്ഷിക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിലത് ആയിരക്കണക്കിന് വർഷത്തേക്കും സംരക്ഷിക്കാൻ സാധിക്കും.