സംസാരിക്കുന്ന പൂച്ച തട്ടിപ്പ് ! പരാതിയുമായി അനിമല്‍ ലീഗല്‍ ഫോഴ്‌സ്

പള്ളുരുത്തിയില്‍ ഒരു പൂച്ച സംസാരിക്കുന്നതായി പ്രചരിച്ച വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ പരാതിയുമായി അനിമല്‍ ലീഗല്‍ ഫോഴ്‌സ് രംഗത്തെത്തി. പൂച്ചയുടെ ശരീരത്തില്‍ അനാരോഗ്യകരമായ മര്‍ദ്ദം പ്രയോഗിച്ചുണ്ടാക്കുന്ന ശബ്ദമാണ് സംസാരിക്കുന്നതായി തോന്നിപ്പിക്കുന്നതെന്ന് സംഘടന പറയുന്നു. അനിമല്‍ ലീഗല്‍ ഫോഴ്‌സിന്റെ ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ പറയുന്നത് ഇങ്ങനെ :

പൂച്ച സാധാരണഗതിയില്‍ സംസാരിക്കുന്ന ജീവികളില്‍ പെട്ടതല്ല. (സംസാരിക്കുന്ന ജീവികള്‍ എന്നുദ്ദേശിക്കുന്നത് മനുഷ്യ ശബ്ദങ്ങള്‍ അനുകരിക്കുന്ന എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്). പള്ളുരുത്തിയില്‍ ജയശ്രീ എന്ന സ്ത്രീ വളര്‍ത്തുന്ന പൂച്ച സംസാരിക്കുന്നു എന്ന പേരില്‍ വൈറലായ വീഡിയോ കാണാനിടയായി. ആ വീഡിയോ തന്നെ മുഴുവനും നോക്കിയാലറിയാം ആ സ്ത്രീയുടെ കൂടെയുള്ള പെണ്‍കുട്ടി രണ്ടുകൈകൊണ്ട് ഞെക്കിയിട്ടാണ് സംസാരിപ്പിക്കുന്നത്. രണ്ട് ഏഴ് എന്നൊക്കെ പറയുന്നത് ഒരേ ടോണ്‍ ആണ്. അപ്പോള്‍ കേള്‍വിക്കാര്‍ക്ക് തോന്നുന്നു അങ്ങനെ പറയുന്നതായി. മറ്റു ചില വാക്കുകളെല്ലാം പറയിക്കുന്നുണ്ട്. പൂച്ചയാകട്ടെ അതിനെ കൈകാര്യം ചെയ്യുന്നതിനനുസരിച്ച് തന്റെ കരച്ചില്‍ ആ ടോണിലേക്ക് മാറ്റി കൊണ്ടുവരുന്നു എന്നേയുള്ളൂ. ഇത് ക്രൂരതനിറഞ്ഞ പ്രവൃത്തിയാണ്. നിയമമനുസരിച്ച് ഒരു ജീവിയെ (പൂച്ചയെക്കുറിച്ചു മാത്രമല്ല) ട്രെയിന്‍ ചെയ്യിപ്പിക്കണമെങ്കില്‍ പെര്‍ഫോമന്‍സ് ട്രെയിനിംഗിന്റെ റൂള്‍ അനുസരിച്ചുവേണം ചെയ്യാന്‍. അതിന്റെ ട്രെയിനര്‍ക്ക് റിസോഴ്‌സസ് എക്‌സ്പരിയന്‍സ് എല്ലാം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. എന്നിട്ടാണ് സ്വതന്ത്രമായി മൃഗങ്ങള്‍ക്ക് ട്രെയിനിംഗ് കൊടുക്കുന്നത്. പട്ടിണിക്കിട്ടിട്ടോ തല്ലിയിട്ടോ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ബിസ്‌കറ്റോ അല്ലെങ്കില്‍ അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളോ കൊടുത്തിട്ടാണ് ഓരോ പരിശീലനങ്ങള്‍ നല്‍കുക. നായകളും മറ്റും രണ്ടുകാലില്‍ എഴുന്നേറ്റു നില്‍ക്കുക നടക്കുക ഒക്കെ ചെയ്യുമ്പോള്‍ ചെറിയ ചെറിയ റിവാര്‍ഡുകള്‍ കൊടുത്തിട്ടാണ് അനുസരിപ്പിക്കുക. അല്ലാതെ ഒരു ജീവിയെയും ഇതുപോലെ പിടിച്ചുഞെക്കാനൊന്നും പാടില്ല.

Read more

പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് ആക്ട് 1960 സെക്ഷന്‍ 11 എ പ്രകാരം ഈ സ്ത്രീക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. അവരുടെ മകള്‍ മൈനറാണ്. കുട്ടിയെ അതിനു പ്രേരിപ്പിച്ചതിനും അമ്മ നിയമനടപടിയെ നേരിടേണ്ടിവരും. അതിനായി പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.