ഇന്ത്യയിലെ പതിനൊന്ന് ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ (DIGIPUB News India Foundation) എന്ന കൂട്ടായ്മ രൂപീകരിച്ചു. ആൾട്ട് ന്യൂസ്, ആർട്ടിക്കിൾ 14, ബൂംലൈവ്, കോബ്രപോസ്റ്റ്, എച്ച്ഡബ്ല്യു ന്യൂസ്, ന്യൂസ്‌ക്ലിക്ക്, ന്യൂസ്‌ലാൻഡ്രി, സ്ക്രോൾ.ഇൻ, ന്യൂസ് മിനിറ്റ്, ദി ക്വിന്റ്, ദി വയർ എന്നീ സ്ഥാപനങ്ങളാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
ഫൗണ്ടേഷന്റെ ആദ്യ ചെയർപേഴ്‌സൺ ന്യൂസ് മിനിറ്റിന്റെ എഡിറ്ററും കോ ഫൗണ്ടറുമായ ധന്യ രാജേന്ദ്രനാണ്, ന്യൂസ്‌ക്ലിക്കിലെ പ്രബീർ പുർക്കായസ്ഥയാണ് വൈസ് ചെയർപേഴ്‌സൺ, ദി ക്വിന്റിലെ റിതു കപൂർ, ന്യൂസ്‌ലാൻഡറിയിലെ അഭിനന്ദൻ ശേഖരി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.
“ലോകോത്തര നിലവാരമുള്ളതും സ്വതന്ത്രവും പത്രപ്രവർത്തനത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ശക്തമായ ഡിജിറ്റൽ വാർത്താ പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളെ പ്രതിനിധീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും ആവിഷ്കരിക്കുന്നതിനുമായി സൃഷ്ടിച്ചതാണ് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ,” ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
Read more
ഡിജിറ്റൽ വാർത്ത സ്ഥാപനങ്ങൾക്കും നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും മാത്രമായി അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡിജിറ്റൽ മീഡിയയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര, ഫ്രീലാൻസ് ജേണലിസ്റ്റുകൾക്ക് ഡിജിപബിൽ അംഗത്വം ലഭ്യമാണ്.