ഹംസരാജനും ചരിഞ്ഞു; വയനാട്ടിലെ നാട്ടാനകളില്‍ ഇനി കൊമ്പനില്ല

വയനാട്ടിലെ നാട്ടാനകളിലെ തലയെടുപ്പ് മാഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന, നാട്ടാനകളിലെ ഒരേയൊരു കൊമ്പനായ ഹംസരാജന്‍ ബുധനാഴ്ച ചരിഞ്ഞു.

മണിയങ്കോട് എം.എ. ബാഹുബലി കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊമ്പന്‍, സംസ്ഥാനത്തെ ആനപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായിരുന്നു.

ജില്ലയില്‍ ആകെ മൂന്ന് നാട്ടാനകളാണ് ഉണ്ടായിരുന്നത്; കാക്കവയലില്‍ രണ്ട് പിടിയാനകളും ഹംസരാജനും. അതിനാല്‍ ക്ഷേത്രങ്ങളിലും മറ്റു പൊതുപരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു ഹംസരാജന്‍.

Read more

കല്പറ്റ മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കാലങ്ങളായി എഴുന്നള്ളിച്ചിരുന്നത് ഹംസരാജനെ ആയിരുന്നു. മണിയങ്കോട്ടെ ഗജരാജന്‍ എന്നാണ് ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തലയെടുപ്പും കൊമ്പിന്റെ വലുപ്പവുമായിരുന്നു ഹംസരാജനെ പ്രശസ്തനാക്കിയത്. 69 വയസ്സുണ്ട്. എട്ടാം വയസ്സിലാണ് വയനാട്ടിലെത്തിയത്. ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. മദപ്പാടിന്റെ സമയത്തുപോലും ഉപദ്രവകാരിയല്ലായിരുന്നു. 35 വര്‍ഷമായി നാരായണനായിരുന്നു പ്രധാന പാപ്പാന്‍. ആനയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിരവധിപേരാണ് എത്തിയത്. അമ്പലങ്ങളെ പ്രതിനിധാനം ചെയ്ത് ആനയ്ക്ക് റീത്തും സമര്‍പ്പിച്ചു.