ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍ക്കായി 12 പ്രത്യേക കോടതികള്‍

എംപിമാരും എംഎല്‍എമാരും പ്രതികളായ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതിനു 12 പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കി. കോടതികള്‍ സ്ഥാപിക്കാന്‍ 7.8 കോടി രൂപ അനുവദിക്കാമെന്നു ധനമന്ത്രാലയം തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കേസുകളെത്രയെന്നു കേന്ദ്രത്തിനറിയില്ല

നിലവില്‍ എത്ര എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസുകളുണ്ട്? തങ്ങളുടെ പക്കല്‍ കണക്കില്ലെന്നു സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷന്റെ പക്കലും കണക്കില്ല. എല്ലാ ഹൈക്കോടതികളോടും സംസ്ഥാന സര്‍ക്കാരുകളോടും കണക്കു തിട്ടപ്പെടുത്തി അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കണക്കു ശേഖരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കൃത്യമായ കണക്കു ലഭിച്ചശേഷം ആവശ്യമെങ്കില്‍ കോടതി രൂപീകരണ പദ്ധതി പരിഷ്‌കരിക്കും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ എംപിയോ എംഎല്‍എയോ ആകുന്നതിന് ആജീവനാന്ത വിലക്കുവേണമെന്ന ഹര്‍ജിയിലാണു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

2014ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കിയതനുസരിച്ചു ക്രിമിനല്‍ കേസുകളില്‍ പ്രതികളായി 1581 ജനപ്രതിനിധികളാണുള്ളത്. കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നു കോടതി 2014ല്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് എത്രകണ്ടു പാലിക്കപ്പെട്ടെന്നു കേന്ദ്രം വ്യക്തമാക്കണമെന്നു കഴിഞ്ഞ മാസം ഒന്നിനാണു സുപ്രീം കോടതി നിര്‍ദേശിച്ചത്. ഡല്‍ഹിയിലെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണു ഹര്‍ജിക്കാരന്‍.