കനിയും കയ്യിലെ തണ്ണിമത്തൻ ബാഗും; പലസ്തീനും തണ്ണിമത്തനും തമ്മിൽ എന്താണ് ബന്ധം?

കാൻ ചലച്ചിത്രമേളയിൽ ഇന്നലെ ലോകം ഉറ്റുനോക്കിയത് തണ്ണിമത്തന്റെ രൂപത്തിലുള്ള ഒരു ബാഗിനെയും അത് പിടിച്ചുനിന്ന മലയാളികളുടെ അഭിമാനമായ കനിയെയുമാണ്. കാനിലെ സ്വപ്‌ന വേദിയിൽ തിളങ്ങിയ കനിയും ദിവ്യപ്രഭയും രാജ്യന്തര തലത്തിൽ ചർച്ചചെയ്യപ്പെട്ടപ്പോൾ കനിയുടെ കയ്യിലെ ബാഗ് ചർച്ചചെയ്യപ്പെട്ടത് അന്താരഷ്ട്ര തലത്തിലാണ്. ലോക രാഷ്ട്രങ്ങളെല്ലാം കൈവിട്ട പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിരുന്നു കനിയുടെ കയ്യിലെ ആ തണ്ണിമത്തൻ രൂപത്തിലുള്ള ബാഗ്. ലോകത്തിന് മുൻപിൽ തന്റെ നിലപാട് ഉറക്കെ വിളിച്ചു പറയാൻ കനി കാണിച്ച ധൈര്യത്തെ സമൂഹ മാധ്യമങ്ങളടക്കം വാനോളം പുകഴ്ത്തിയപ്പോൾ ചിലർക്കുണ്ടായ സംശയം എങ്ങനെയാണ് തണ്ണിമത്തൻ പലസ്‌തീൻ ഐക്യദാർഢ്യത്തിന്റെ അടയാളം ആകുന്നതെന്നാണ്.

പലസ്തീൻ ദേശീയ പതാകയിലെ നിറങ്ങളായ ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ് നിറങ്ങളോടും ഡിസൈനോടും തണ്ണിമത്തൻ മുറിച്ചുവെച്ചിരിക്കുന്ന രൂപം ചേർന്ന് നിൽക്കുന്നത് കൊണ്ടാണ് പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അടയാളമായി ലോകമെങ്ങും തണ്ണിമത്തൻ അറിയപ്പെടുന്നത്. തണ്ണിമത്തനെ പലസ്തീൻ പ്രതിരോധത്തിന്റെ അടയാളമായി കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും മുതലല്ല. വെസ്റ്റ് ബാങ്ക് മുതൽ ഗാസ വരെ പലസ്തീനിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. പലസ്തീനിയൻ പാചകത്തിൽ തണ്ണിമത്തന് വലിയ പ്രാധാന്യവുമുണ്ട്. ഇനി രാഷ്ട്രീയമായി തണ്ണിമത്തൻ പലസ്തീനിൽ എങ്ങനെ പ്രധനപ്പെട്ടതാകുന്നു എന്നറിയാൻ ചരിത്രത്തിലേക്ക് പോകേണ്ടതുണ്ട്. 1980 കൾ മുതൽ തുടങ്ങുന്നതാണ് അതിന്റെ ചരിത്രം.

1967 മുതൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പലസ്‌തീൻ പതാകയ്ക്ക് നിരോധനമേർപ്പെടുത്തി. അറബ്- ഇസ്രയേൽ യുദ്ധത്തിന് ശേഷമായിരുന്നു ഈ നിരോധനം. പതാകയോ അതിലെ നിറങ്ങൾക്ക് സമാനമായോ വസ്തുക്കളോ പ്രദർശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വർഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിൻവലിച്ചത്. പലസ്തീനിലെ സമകാലീന ചിത്രകാരന്മാരിൽ പ്രമുഖനായ സ്ലിമാൻ മൻസൂർ ഇതിനെ കുറിച്ചു പറയുന്ന ഒരു കഥയുണ്ട്.


ആ കഥ ഇങ്ങനെയാണ്… 1980 കളിൽ സ്ലിമാൻ മൻസൂറും കൂട്ടാളികളായ നബീൽ അനാനി, ഇസ്സാം ബദർ എന്നീവരുടെയും ആർട്ട് ഗാലറിയിൽ ഇസ്രയേൽ പട്ടാളക്കാർ പരിശോധനയ്‌ക്കെത്തുന്നു. തുടർന്ന് ഈ കലാകാരന്മാരുടെ ഒരു പ്രദർശനം ഇസ്രായേൽ സൈന്യം അടച്ചുപൂട്ടുന്നു. പിന്നാലെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ഇവരുടെ ആർട്ട് ഗാലറിയിലേക്ക് എത്തിയ സൈന്യം പലസ്തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ ഗാലറിയിൽ നിന്ന് പിടിച്ചെടുത്തു. തുടർന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ലിമാൻ മൻസൂറിനോട് എന്തിനാണ് രാഷ്ട്രീയമായ ചിത്രങ്ങൾ വരയ്ക്കുന്നതെന്നും ഇനിമുതൽ ഭംഗിയുള്ള പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും നഗ്ന ശരീരങ്ങളുടെ ചിത്രം മാത്രം വരച്ചാൽ മതിയെന്നും പറയുന്നു. അത്തരം ചിത്രങ്ങൾ നല്ല വില നൽകി ഞാൻ വാങ്ങിക്കോളാം എന്നും ഉദ്യോഗസ്ഥൻ പറയുന്നു. പലസ്‌തീൻ പതാകയിൽ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങൾ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥൻ ആജ്ഞാപിച്ചു.

ഇത് കേട്ട സ്ലിമാൻ മൻസൂറിന്റെ കൂട്ടാളി ഇസ്സാം ബദർ ഉദ്യോഗസ്ഥനോട് “ഈ നിറങ്ങൾ ഉപയോഗിച്ച് എനിക്ക് ഒരു തണ്ണിമത്തൻ വരയ്ക്കണമെങ്കിൽ ഞാൻ എന്തുചെയ്യും?”, എന്ന് ചോദിച്ചു. അതിന് അവർ “അതും ഞങ്ങൾ കണ്ടുകെട്ടും, അത് ഒരു തണ്ണിമത്തൻ ആണെങ്കിൽ പോലും”എന്നാണ് മറുപടി നൽകിയത്. ഉദ്യോഗസ്ഥന്റെ ഈ മറുപടിയിൽ നിന്നാണ് തണ്ണിമത്തൻ എന്ന ആശയം ഉണ്ടായതെന്ന് സ്ലിമാൻ മൻസൂർ പറയുന്നു. ഈ സംഭവം അറിഞ്ഞതോടെ ഈ കലാകാരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള നിരവധി ചിത്രകാരന്മാർ രംഗത്തെത്തി. ഇസ്രയേൽ നിരോധിച്ച നിറങ്ങളായ ചുവപ്പ്, കറുപ്പ്, പച്ച, വെള്ള ഉപയോഗിച്ച് അവർ നിരവധി ചിത്രങ്ങൾ വരക്കുകയും ചെയ്തു. അങ്ങനെ തണ്ണിമത്തൻ ചിത്രങ്ങളും ലോകമെങ്ങും നിറഞ്ഞു. ഈ സംഭവത്തിന് ഒരു വർഷത്തിന് ശേഷം പട്ടാളക്കാർ സ്ലിമാനെ അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും പോലും നൽകാതെ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇത് കൂടുതൽ പ്രതിഷേധത്തിന് കാരണമാവുകയും ലോകത്തെ പ്രമുഖ ചിത്രകാരമാർ പലസ്‌തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങുകയും ചെയ്തു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി. സ്ലിമാൻ മൻസൂറിന്റെ ‘വാട്ടർമെലൻ ബോയ്’ എന്ന പെയിന്റിങ്‌ വളരെ പ്രസിദ്ധമാണ്.

സ്ലിമാൻ മൻസൂറിന്റെ ‘വാട്ടർമെലൻ ബോയ്’ എന്ന പെയിന്റിങ്‌

ഗാസ മുനമ്പിൽ, ഒരിക്കൽ അരിഞ്ഞ തണ്ണിമത്തൻ കൊണ്ടുനടന്നതിന് യുവാക്കളെ അറസ്റ്റ് പോലും ചെയ്തിരുന്നുവെന്നും ചരിത്രത്തിൽ പറയുന്നു. 2007ൽ സബ്ജക്റ്റീവ് അറ്റ്ലസ് ഓഫ് പലസ്തീൻ പ്രോജക്റ്റിനായി ഒരു തണ്ണിമത്തൻ വരച്ച പലസ്തീനിയൻ കലാകാരനായ ഖാലിദ് ഹുറാനിയുടെ സൃഷ്ടിയും തണ്ണിമത്തനെ പ്രതിരോധ ചിഹ്‌നം എന്ന നിലയിൽ പ്രസിദ്ധമാക്കാൻ സഹായിച്ചു.

പലസ്തീൻ പതാക ഉപയോഗിക്കുന്നതിനും പ്രദർശിപ്പിക്കുതിനും നിയമപരമായി വിലക്കില്ലെങ്കിലും ഇസ്രായേൽ അധികാരികൾ പലപ്പോഴും ഇത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 7 ന് ഉണ്ടായ ഹമാസ് ആക്രമണത്തോടെ ഇസ്രയേൽ- പലസ്‌തീൻ പ്രശ്‌നം വീണ്ടും രക്തചൊരിച്ചിലിലേക്ക് കടന്നതോടെ പലസ്തീൻ പതാകയ്ക്കും പലസ്തീൻ ഉൽപന്നങ്ങൾക്കും വിലക്ക് ഉണ്ടായി. പലസ്തീൻ ചിഹ്നങ്ങളുള്ള പോസ്റ്റുകൾ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിച്ചിരിക്കുന്നുവെന്ന് പലരും അവകാശപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയയിലും തണ്ണിമത്തൻ ഇമോജിക്ക് ശ്രദ്ധ ലഭിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർമത്തൻ ഡിസൈനോട് കൂടിയ ഉൽപന്നങ്ങൾ പലസ്‌തീൻ ഐക്യദർഢ്യത്തിന്റെ ഭാഗമായി വിൽപന നടത്തുന്നുണ്ട്. അന്താരഷ്ട്ര തലത്തിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലികളിലും ഫെസ്റ്റിവലുകളിലുമെല്ലാം സെലിബ്രിറ്റികൾ തങ്ങളുടെ നിലപാട് നിശബ്ദമായി അടയാളപ്പെടുത്താൻ തണ്ണീർമത്തൻ ഡിസൈനോട് കൂടിയ ഉൽപന്നങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിന്റെ തുടർച്ചയായാണ് കാനിൽ കനി കുസൃതിയും തണ്ണീർമത്തൻ ബാഗ് ഉപയോഗിച്ച് തന്റെ നിലപാട് ശക്തമായി ലോകത്തോട് വിളിച്ചു പറഞ്ഞത്. നടി കേറ്റ് ബ്ലാൻഷെറ്റ് പലസ്തീൻ പതാകയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള ഗൗൺ അണിഞ്ഞ് കാൻ വേദിയിലെത്തി സമാന ഐക്യദർഢ്യം രേഖപ്പെടുത്തിയതും അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.