ഇതിലെവിടെയാണ് സൈബർ സ്‌പേസ്?? ഇതിലെവിടെയാണ് സ്ത്രീ സുരക്ഷാ?: ഹരീഷ് വാസുദേവൻ

സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ പൊലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതിയെ വിമർശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. “മാനനഷ്ട വകുപ്പ് ഐ.പി.സിയിൽ നിന്ന് ഒഴിവാക്കണമെന്ന നയമുള്ള സി.പി.ഐ(എം) ആണീ ഓർഡിനൻസ് കൊണ്ടുവന്നത്. ഒരു ചർച്ചയും കൂടാതെ. നിയമഭേദഗതിക്ക് നിർദ്ദേശം സമർപ്പിക്കാൻ എന്നോട് ഡി.ജി.പി രേഖാമൂലം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ ഓർഡിനൻസ് വന്നുകഴിഞ്ഞു. അധികാര ദുർവിനിയോഗത്തിൽ പെടാത്ത നിയമം ഈ മേഖലയിൽ സാധ്യമാണ് എന്നിരിക്കെ അതിനു കാക്കാതെ 6 മാസത്തേക്ക് മാത്രമുള്ള ഓർഡിനൻസ് കൊണ്ടുവന്നതിന്റെ ദുരുദ്ദേശം വ്യക്തമാണ്,” എന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

118A – ഇതാണാ ഭേദഗതി.
A എന്ന ഒരാൾക്കെതിരെ വ്യാജമെന്നു അറിഞ്ഞുകൊണ്ട് B എന്തെങ്കിലും C എന്ന ആളോട് D എന്ന ആളുടെ സാന്നിധ്യത്തിൽ ഒരു ചായക്കടയിൽ ഇരുന്നു വല്ലതും പറഞ്ഞാൽ, അത് A യ്ക്ക് മാനഹാനി ഉണ്ടാക്കിയില്ലെങ്കിലും, A യ്ക്ക് പരാതി ഇല്ലെങ്കിലും, C യ്ക്കോ, കേട്ടു നിൽക്കുന്ന D യ്ക്കോ അതുമല്ലെങ്കിൽ A യോട് സ്നേഹമുള്ള മറ്റാർക്കെങ്കിലുമോ മാനഹാനി ഉണ്ടാക്കിയാൽ 3 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ്. ആരും പരാതിപ്പെട്ടില്ലെങ്കിലും കേസെടുക്കാം.
സത്യം അറിയാതെയാണ് B എന്നയാൾ A യെപ്പറ്റി C യോട് പറഞ്ഞതെങ്കിലോ? സത്യമെന്ന ഉത്തമവിശ്വാസത്തിൽ ആണെങ്കിലോ? അപ്പോഴും കേസെടുക്കാം. വ്യാജമാണെന്ന് അറിഞ്ഞാണോ അല്ലയോ എന്ന വസ്തുത ഒക്കെ കോടതിയിൽ പോലീസ് തെളിയിക്കുംവരെ B കേസുമായി നടക്കണം.
ഇതിലെവിടെയാണ് സൈബർ സ്‌പേസ്?? ഇതിലെവിടെയാണ് സ്ത്രീ സുരക്ഷാ?
119(2) വകുപ്പ് പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ നഗ്നഫോട്ടോ എടുത്ത് പ്രചരിപ്പിച്ചാൽ ഉള്ള കുറ്റം ഇപ്പോഴും 126 ആം വകുപ്പിൽ പിഴയടച്ചു പരാതിക്കാരിയുടെ സമ്മതമില്ലാതെ ഒത്തു തീർക്കാവുന്ന കോമ്പൗണ്ടബിൾ ഓഫൻസ് ആണ്. സ്ത്രീകളോട് കരുതലുള്ള പോലീസ് അത് ഈ ഭേദഗതിയിൽ മാറ്റിയിട്ടുമില്ല. അപ്പോൾ ഉദ്ദേശം??
——————————————————
അപകീർത്തി എന്ന IPC യിലെ 499 ആം വകുപ്പ് Non-cognizable ആണ്. അപകീർത്തി ഉണ്ടായ ആൾ ചെന്നു പരാതി കൊടുക്കണം. അപ്പോഴും പറഞ്ഞത് സത്യമാണെന്ന് ഉത്തമവിശ്വാസത്തിൽ പറഞ്ഞാൽ മാനനഷ്ടത്തിന്റെ ക്രിമിനൽ കേസ് വരില്ല. നഷ്ടപരിഹാരം കൊടുക്കേണ്ടി വരും എന്നേയുള്ളൂ. ഇവിടെ കോഗ്നിസബിൾ ആണ്. ആൾക്ക് പരാതി ഇല്ലെങ്കിലും കേസെടുക്കാം. മാനനഷ്ടം ഉണ്ടാക്കണമെന്ന മനഃപൂർവ്വമായ ഉദ്ദേശം ഉണ്ടാകണമെന്ന് പോലും നിർബന്ധമില്ല എന്നാണ് പുതിയ ഓർഡിനൻസ് പറയുന്നത്. IPC 499 രണ്ടുവർഷം ശിക്ഷ കിട്ടുന്ന കുറ്റമാണെങ്കിൽ ഇത് 3 വർഷമാണ്.
———————————————————–
നിയമനിർമ്മാണത്തിലെ ഓരോ വാക്കിനും വലിയ വിലയുണ്ട്. Jurisprudence, അതൊരു ശാസ്ത്രശാഖ തന്നെയാണ്.
“നിർമ്മിക്കുകയോ, പ്രകടിപ്പിക്കുകയോ, പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ” എന്ന വാക്കിനു പകരം “നിർമ്മിക്കുകയും, പ്രകടിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും” എന്നായിരുന്നെങ്കിൽ വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്ന, പ്രചരിപ്പിക്കുന്ന ആളുകളെ ഉദ്ദേശിച്ചാണ് എന്നു പറയാമായിരുന്നു. ഇത്, നിർമ്മിച്ചയാൾ പ്രകടിപ്പിക്കണമെന്നു പോലും നിർബന്ധമില്ല.
ഒരുലക്ഷം ആളുകളെ ഭീഷണിപ്പെടുത്തുന്ന ഒരു വ്യാജ വാർത്ത കോടിക്കണക്കിനു മനുഷ്യരിലേക്ക് അച്ചടിച്ചു പ്രചരിപ്പിക്കുന്നതും, ഒരാളെ അപകീർത്തിപ്പെടുത്തുന്ന സത്യം മറ്റൊരാളോട് പറയുന്നതും ഒരേ ഗൗരവത്തിലുള്ള കുറ്റമാണ് എന്നാണ് കേരള സർക്കാർ പറയുന്നത് !!!
IPC 499 അനുസരിച്ചുള്ള മാനനഷ്ടം വരണമെങ്കിൽ “കരുതിക്കൂട്ടി” ചെയ്യണം. “mens rea” നിർബന്ധമാണ്. ഈ ഓർഡിനൻസിൽ “കരുതിക്കൂട്ടി” എന്ന വാക്ക് ഇല്ല. “ദുരുദ്ദേശത്തോടെ” എന്ന വാക്കുമില്ല. കുറ്റം ചെയ്യാനുള്ള ഉദ്ദേശമില്ലെങ്കിലും ശിക്ഷ ഉറപ്പ്.
—————————————————
ഒരു മന്ത്രി അഴിമതി നടത്തിയെന്ന് തെളിവുകൾ സഹിതം ഒരാൾ പറയുന്നു. സത്യമാണോ അല്ലയോ എന്ന് വിചാരണ നടത്തി തെളിയിക്കേണ്ട വിഷയമാണ്. അയാൾ കോടതിയിൽ പോകുന്നു.
അത് മാനഹാനി ഉണ്ടാക്കിയെന്നു മന്ത്രിക്ക് പരാതിയില്ല. അന്വേഷണം നടക്കട്ടെ എന്നാണ് മന്ത്രിയുടെ പ്രതികരണം. വേണ്ടത്ര തെളിവ് ഇല്ലെന്നതോ മറ്റെന്തെങ്കിലുമോ കാരണത്താൽ പിന്നീട് കേസ് തള്ളിയെന്നിരിക്കട്ടെ. (ഉദാ:ബാർ കോഴ കേസ്)
മന്ത്രിക്ക് താൽപ്പര്യമുള്ള ആരുടെയെങ്കിലും “മനസ്സിന് ഹാനി” ഉണ്ടാക്കുന്നതാണെന്ന് ഒരു അണിയുടെ പരാതി വന്നാൽ പൊലീസിന് ഇനി കേസെടുക്കാം. 🙄
———————————————————
മാനനഷ്ട വകുപ്പ് IPC യിൽ നിന്ന് ഒഴിവാക്കണമെന്ന നയമുള്ള CPIM ആണീ ഓർഡിനൻസ് കൊണ്ടുവന്നത്. ഒരു ചർച്ചയും കൂടാതെ. നിയമഭേദഗതിക്ക് നിർദ്ദേശം സമർപ്പിക്കാൻ എന്നോട് DGP രേഖാമൂലം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ ഓർഡിനൻസ് വന്നുകഴിഞ്ഞു. അധികാര ദുർവിനിയോഗത്തിൽ പെടാത്ത നിയമം ഈ മേഖലയിൽ സാധ്യമാണ് എന്നിരിക്കെ അതിനു കാക്കാതെ 6 മാസത്തേക്ക് മാത്രമുള്ള ഓർഡിനൻസ് കൊണ്ടുവന്നതിന്റെ ദുരുദ്ദേശം വ്യക്തമാണ്.
#എന്തൊരുകരുതലാണീമനുഷ്യൻ
#BlackLaw
#Repeal118A
#PinarayiVijayan

Read more