സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈനാക്കിയാൽ ജനമനസ്സുകളിൽ അംഗീകരിക്കപ്പെടും, ചരിത്രത്തിലും: ഹരീഷ് വാസുദേവൻ

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ആള്‍ക്കൂട്ടമൊഴിവാക്കി ഓൺലൈനായി നടത്തികൂടെ എന്ന് ചോദിക്കുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവന്‍. ഇനി നിയമപരമായി അത് പറ്റില്ലെങ്കിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ചടങ്ങിന് ഔദ്യോഗികമായി ആവശ്യമുള്ളവരും അല്ലാതെ ഒരാൾ പോലും കൂടുതൽ പങ്കെടുക്കാത്ത രീതിയിലാവണം ഈ സർക്കാരിന്റെ സത്യപ്രതിജ്ഞ എന്നാണ് തന്റെ അഭിപ്രായം എന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:

കോവിഡ് കാലത്തെ സത്യപ്രതിജ്ഞ

അഭിഭാഷകൻ ആകുന്നയാൾക്ക് അതിനായി ജീവിതത്തിൽ ഒരു സത്യപ്രതിജ്ഞയേ ഉള്ളൂ. സന്നദ് നൽകുന്ന ചടങ്ങ്. കേരളാ ഹൈക്കോടതിയുടെ വിശാലമായ ഓഡിറ്റോറിയത്തിൽ അഡ്വക്കറ്റ് ജനറലും ജഡ്ജിയും ബാർകൗണ്സിൽ ചെയർമാനും പോലുള്ള പ്രമുഖർ അണിനിരക്കുന്ന ചടങ്ങാകും സാധാരണ. ഓരോ വക്കീലിനും മറക്കാനാവാത്ത നിമിഷമായത് കൊണ്ട് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒക്കെയായി രണ്ടായിരത്തിലധികം പേർ നാനാഭാഗത്തു നിന്ന് കൊച്ചിയിൽ ഒത്തുകൂടുന്ന ചടങ്ങാണ്. എന്റെ അച്ഛനും അമ്മയും അനിയനും സുഹൃത്തുക്കളും ഒക്കെ നീലേശ്വരത്തുനിന്നു അന്ന് കൊച്ചിയിൽ വന്നു ആഘോഷിച്ചത് ഓർക്കുന്നു.

ഇത്തവണ കേരളാ ബാർ കൗണ്സിൽ പ്രതിനിധി ആ സത്യപ്രതിജ്ഞ ഓൺലൈനായി ആണ് ചൊല്ലിക്കൊടുത്തത്. അപ്പോൾ 785 പുതിയ അഭിഭാഷകർ അവരവരുടെ വീട്ടിലിരുന്ന് ബാച്ച് ബാച്ചായി ഏറ്റുചൊല്ലിയാണ് സന്നദ് കൈക്കൊണ്ടത്. ആരും ഇതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്തു പോലും ഇറങ്ങിയില്ല. നിയമവും ചട്ടവും പറഞ്ഞു ഓണലൈനിൽ നടക്കില്ലെന്നല്ല, എങ്ങനെ നടത്താമെന്നാണ് അവരാലോചിച്ചത്. അതുകൊണ്ടത് ചരിത്രമായി.

എൻറോൾമെന്റ് ചടങ്ങ് കാരണം ഒരാൾക്ക് പോലും ഇവിടെ കോവിഡ് രോഗം പടരാൻ ഞങ്ങൾ കാരണമായില്ല എന്നു കേരളാ ബാർ കൗണ്സിലിന് അഭിമാനപൂർവ്വം പറയാനാകും. അതാണ് കാലം ആവശ്യപ്പെടുന്ന സെൻസിബിലിറ്റി.

അസാധാരണ കാലത്തെ അതിജീവിക്കാൻ അസാധാരണ രീതികൾ വേണം. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക യോഗങ്ങൾ പോലും ഓൺലൈനിലേക്ക് മാറിയ കാലത്തെപ്പറ്റി Muralee Thummarukudy പറഞ്ഞതോർക്കുന്നു. സുപ്രീംകോടതി ജഡ്ജിമാർ കോട്ടുപോലുമിടാതെ വീട്ടിലിരുന്നാണ് കേസുകൾ കേൾക്കുന്നത്. ചരിത്രത്തിലിതുവരെ കാണാൻ പറ്റാത്ത കാഴ്ചകളാണ്, എടുക്കുന്ന തീരുമാനങ്ങളാണ് നമ്മെ ഈ കെട്ട കാലത്ത് മുൻപോട്ടു നയിക്കുന്നത്. പുതിയമാതൃകകൾ സൃഷ്ടിച്ചാണ് ഇവരൊക്കെ ചരിത്രം സൃഷ്ടിക്കുന്നത്.

മെയ് 20 നു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുകയാണ്. പലവട്ടം നേരത്തെ MLA മാരായും മന്ത്രിമാരായും ഒക്കെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളവർ പോലും ഇക്കൂട്ടത്തിലുണ്ട്. എന്തുകൊണ്ട് ഇത്തവണ സത്യപ്രതിജ്ഞ ഓൺലൈനായി നടത്താൻ പറ്റില്ല?

ഇനി നിയമപരമായി അത് പറ്റില്ലെങ്കിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ചടങ്ങിന് ഔദ്യോഗികമായി ആവശ്യമുള്ളവരും അല്ലാതെ ഒരാൾ പോലും കൂടുതൽ പങ്കെടുക്കാത്ത രീതിയിലാവണം ഈ സർക്കാരിന്റെ സത്യപ്രതിജ്ഞ എന്നാണ് എന്റെ അഭിപ്രായം. കുടുംബാംഗങ്ങൾക്ക് പോലും തൽക്കാലം വീട്ടിലിരുന്ന് കാണാം. കോവിഡ് അടിയന്തിരാവസ്ഥ മാറിയശേഷം MLA മാരുടെ കുടുംബസംഗമം നടത്തിയാലും കുഴപ്പമില്ല. ഇപ്പോഴതിനുള്ള സമയമല്ല. മാധ്യമപ്പടയേയും ഒഴിവാക്കി ഒരു ക്യാമറ output മാത്രമാക്കണം. ഒട്ടേറെ പണവും ഊർജ്ജവും ലാഭിക്കാമെന്നത് കണക്ക് കൂട്ടുന്നില്ലെങ്കിൽ വേണ്ട, കോവിഡ് ഒരാൾക്കെങ്കിലും പടർത്താതിരിക്കാനുള്ള എന്തും ചെയ്യേണ്ട സമയമല്ലേ ഇപ്പോൾ? അതെങ്കിലും പരിഗണിക്കേണ്ടതല്ലേ?

ഒരു വർഷമായി PPE കിറ്റുകളിൽ ശ്വാസംമുട്ടി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ ഓർക്കാതെ ഒരു ഭരണതീരുമാനവും എടുക്കാൻ പാടില്ല. ക്ഷണം കിട്ടിയാലും ഞാൻ വരില്ലെന്ന് പറയാൻ ജനനേതാക്കളും ബന്ധുക്കളും സാംസ്കാരിക നായകരും വിവേകം കാട്ടണം.

ജീവന്റെ വിലയുള്ള ആ വിവേകം ഈ മഹത്തായ ജയത്തേക്കാളും കൂടുതൽ ജനമനസ്സുകളിൽ അംഗീകരിക്കപ്പെടും. ചരിത്രത്തിലും.
Choice is yours.

(Edit : MLA മാരുടെ സത്യപ്രതിജ്ഞയല്ല മന്തിസഭയുടെ മാത്രം ആണ് എന്നു കമന്റിൽ കണ്ടു പോസ്റ്റ്ൽ തിരുത്തിയിട്ടുണ്ട്)

അഡ്വ.ഹരീഷ് വാസുദേവൻ.

Read more