അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസിയിലെ യാത്രക്കാരന്‍ മുഖ്യമന്ത്രി അറിയാന്‍ എഴുതുന്നത്

ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രി,

ഈ ഒരു കുറിപ്പ്..അല്ല അപേക്ഷ, സാറിന്റെ ശ്രദ്ധയില്‍ പെടുമോ എന്നറിയില്ല,..

29/01/2018 തിങ്കളാഴ്ച വെളുപ്പിന് 3 മണിക്ക് കര്‍ണ്ണാടക ഗുണ്ടില്‍പേട്ടിനടുത്തു ഒരാളുടെ ജീവന്‍ അപഹരിച്ച അപകടത്തിന്റെ ചിത്രങ്ങള്‍ ആണിത്.

ബാംഗ്‌ളൂരില്‍ നിന്നും കോഴിക്കോടിലേക്കു വന്ന KSRTC ബസ് ആണ് അപകടത്തില്‍ പെട്ടത്. ഞാനും അതിലൊരു യാത്രക്കാരന്‍ ആയിരുന്നു. 11.45 pm നു പുറപ്പെട്ട ബസ് 40 നു മേലെ യാത്രക്കാരുമായി ഏകദേശം 2.45am അതായത് വെറും 3 മണിക്കൂര്‍ മാത്രം എടുത്താണ് 220km ദൂരം പിന്നിട്ടത്.

പുതിയ ബസ് ആയതിനാലും നല്ല റോഡും രാത്രി സമയവും ആയതിനാലും യാത്രക്കാര്‍ ഉറക്കത്തില്‍ ആയിരുന്നു. പെട്ടന്ന് വലിയ ഒരു ഇടിയോടൊപ്പം തെറിച്ചു പോയ ഞാന്‍ മുന്‍പിലെ സീറ്റിനടിയിലേക്ക് തെറിച്ചു പോവുകയും അതിനടിയില്‍ കുരുങ്ങുകയും ചെയ്തു. കമ്പികള്‍ക്കിടയില്‍ നിന്നും കാല് വലിച്ചൂരി എണീക്കുമ്പോള്‍ എല്ലാവരും ഭയന്നും വേദനിച്ചും കരയുന്നു. 45° ചെരിഞ്ഞു നിന്ന ബസില്‍ നിന്നും പ്രാണ രക്ഷാര്‍ത്ഥം എല്ലാവരും വെളിയില്‍ ഇറങ്ങാന്‍ ശ്രമിച്ചു. അപ്പോഴാണ് മുന്നിലെ വാതില്‍ തകര്‍ന്ന് ആ തുളയിലൂടെ വണ്ടിയുടെ അടിയില്‍ പെട്ട് തകര്‍ന്ന ഡോറിനടിയില്‍ കാലു കുടുങ്ങി പൂര്‍ണമായും വണ്ടിയുടെ അടിയില്‍ ആയ നിലയില്‍ കണ്ടക്ടര്‍ കിടക്കുന്നത് കണ്ടത്.

പെട്ടന്ന് ഡ്രൈവറെ അന്വേഷിച്ചു. എനിക്കൊന്നും പറ്റിയില്ല എന്നു പറഞ്ഞ് അയാള്‍ ഇറങ്ങി വന്നു. എന്താ സംഭവിച്ചത് എന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നാണ് അയാള്‍ പറഞ്ഞത്. ഇടത് ട്രാക്കിലൂടെ വന്ന വാഹനം വലത് ട്രാക്കിന് സമീപം ഉള്ള കലുങ്കിന്റെ മുകളില്‍ ആയിരുന്നു. 6 ടയറുകളും ഊരി തെറിച്ചു പോയ നിലയില്‍. (ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാവുന്നതാണ്) ആ സാഹചര്യത്തില്‍ എങ്ങനെ അപകടം നടന്നു എന്ന് അന്വേഷിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ഉറങ്ങി പോയതാവാം കാരണം.

ബസ്സില്‍ വന്ന എഴുന്നേറ്റ് നില്‍ക്കാന്‍ കഴിവുള്ള എല്ലാവരും ബസ്സ് ഉയര്‍ത്തി കണ്ടക്ടറേ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. വെറും 2km ദൂരത്തുള്ള ഫയര്‍ ഫോഴ്‌സിനെ വിളിച്ചിട്ട് അവര്‍ വന്നില്ല. ഹൈവേ പോലീസ് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എത്തി. അവര്‍ക്കൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

പിന്നീട് പിന്നാലെ വന്ന വേറെ KSRTC ബസ്സ് ജീവനക്കാരും യാത്രക്കാരും വഴിയേ വന്ന ലോറിക്കാരും കൂടി അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷം ആണ് അദ്ദേഹത്തെ പുറത്ത് എടുക്കാന്‍ സാധിച്ചത്. ആംബുലന്‍സില്‍ കയറ്റി വിട്ട് വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആണ് ഫയര്‍ ഫോഴ്‌സ് വന്നത്. അതായത് അപകടം നടന്നു ഒന്നര മണിക്കൂറിനു ശേഷം.

പിന്നീട് പിറകെ വന്ന KSRTC ബസ്സില്‍ നീരുവന്ന വീര്‍ത്ത കാലും കൈയും ആയി സുല്‍ത്താന്‍ ബത്തേരി വരെ നിന്ന് എത്തി. വരുന്ന വഴിയില്‍ അറിഞ്ഞു കണ്ടക്ടര്‍ മരിച്ചു പോയി എന്ന്. ഫയര്‍ ഫോഴ്‌സുകാര്‍ സമയത്തു എത്തിയിരുന്നു എങ്കില്‍ ആ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

സര്‍, ഒരു ജീവന്‍ പൊലിയുമ്പോള്‍ അത് മരണവും അനേകം ജീവനുകള്‍ പൊലിയുമ്പോള്‍ അത് ദുരന്തവും ആകുന്നു.

“ജനങ്ങളുടെ ജീവനും സ്വത്തിനും” സംരക്ഷണം നല്കുന്നതാവണം ഒരു സര്‍ക്കാര്‍ എന്നാണല്ലോ വെയ്പ്പ്. കേന്ദ്രസര്‍ക്കാരിന്റെ ബുദ്ധിപരമായ സാമ്പത്തീക നയങ്ങള്‍ മൂലം രണ്ടാമത് പറഞ്ഞ കാര്യം അതായത് “സ്വത്തുക്കള്‍” ഇപ്പൊ സാധാരണ ജനത്തിന്റെ കൈയ്യില്‍ ഇല്ലല്ലോ… ബാക്കി ഉള്ളത് ജീവനാണ്. അത് എങ്കിലും സംരക്ഷിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണ്.

KSRTC ബസ്സിന്റെ അമിത വേഗം നിയന്ത്രിക്കുക.

ദീര്‍ഘ ദൂര ബസ്സുകളില്‍ എങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ആകുക.

അപകടം ഉണ്ടായ എല്ലാവരും സീറ്റില്‍ നിന്നും തെറിച്ചു വീണാണ് പരിക്ക് പറ്റിയത്. മരണപ്പെട്ട കണ്ടക്ടര്‍ മരിച്ചതും അങ്ങനെ തന്നെ.

ഇനി ഒരു ദുരന്തം ഉണ്ടാവും മുന്‍പ് അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന്

ഒരു പൗരന്‍

Ps: പ്രിയ സുഹൃത്തുക്കള്‍ കഴിയുന്നതും ഷെയര്‍ ചെയ്താല്‍ ഒരുപക്ഷേ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടേക്കാം.