മലയാളികൾ മാസ്ക് വെയ്ക്കാൻ പരിശീലിച്ചു, ഇനി ചെവിയിൽ പഞ്ഞി വെച്ച് ജീവിക്കാനും പഠിക്കട്ടെ: സക്കറിയ

സക്കറിയയുടെ കുറിപ്പ്:

മതങ്ങളും ഉച്ചഭാഷിണികളും

വർധിച്ചു വരുന്ന നാഗരിക ശബ്ദകോലാഹലങ്ങൾക്ക് പോലും തകർക്കാനാവാത്ത ഒരു അടിസ്ഥാന പ്രശാന്തി കേരളജീവിതത്തിന്റെ ആധാരശിലയാണ്, വാസ്തവത്തിൽ ആ കോലാഹലങ്ങൾക്കുമുണ്ട് ഒരു ജീവിത താളം. മീൻ കാരന്റെ ഹോണടിയ്ക്ക് ഒരു ജീവിതവാസ്തവികതയുണ്ട്. എന്നാൽ അങ്ങ നെയല്ല ഉച്ചഭാഷിണിയുടെ ദുരുപയോഗം കേരളത്തിൽ സൃഷ്ടിക്കുന്ന അസഹനീയമായ അന്തരീക്ഷ മലിനീകരണം.

നിർദ്ദയമായ കടന്നുകയറ്റങ്ങളാണ് അത് മലയാളികളുടെ കൊച്ചു കൊച്ചു സമാധാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്.മൗലികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അത് കാറ്റിൽ പറത്തുന്നു. സാമൂഹിക ജീവിതത്തിലെ സാമാന്യമര്യാദകളെ ചവറ്റു കൊട്ടയിൽ എറിയുന്നു. മരണക്കി ടക്കയിലെ മനുഷ്യനെ, പരീക്ഷയ്ക്കൊ രുങ്ങുന്ന വിദ്യാർത്ഥിനിയെ, ഉറങ്ങാൻ പണിപ്പെടുന്ന രോഗിയെ, ഏകാഗ്രതയിൽ മുഴുകിയിരിക്കുന്ന ഗവേഷകനെ, അങ്ങനെ പതിനായിരങ്ങളെ സാമൂ ഹികവിരുദ്ധശക്തികൾ നിർബാധം ഉച്ചഭാഷിണികളുടെ ശബ്ദ പീഡനത്തിന് ഇരയാക്കികൊണ്ടേയിരിക്കുന്നു. കേരളത്തിലെ സാധാരണ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള ഏറ്റവും സംസ്കാരഹീനവും വ്യാപകവുമായ ആക്രമണം ഉണ്ടാകുന്നത് ഉച്ചഭാഷിണികളുടെ ദുരുപയോഗത്തിലൂടെയാണ്.

കേരളത്തിൽ രണ്ടു കൂട്ടർക്കാണ് ഉച്ചഭാഷിണി നിലനിൽപ്പിന്റെ ആയുധം : മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും. ഇരുവർക്കും അതൊരു ഫാസിസ്റ്റ് കരുവാ ണ്. പ്രഹരശേഷിയുള്ള ശബ്ദമുപയോഗിച്ചുള്ള നഗ്നമായ ബലപ്രയോഗമാണ് അവർ ഉച്ചഭാഷിണികളിലൂടെ നടപ്പിലാക്കുന്നത്. ശബ്ദം മനുഷ്യ ചരിത്രത്തിൽ അധികാരത്തിന്റെ ഏറ്റവും കുശാഗ്രമായ ഉപകരണങ്ങളിലൊന്നാണ്. ശബ്ദമുയർത്തൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കാ നുള്ള ഒന്നാമത്തെ മുറയാ ണ്. നിശ്ശബ്ദരാക്കാൻ മാത്രമല്ല, അനുസരിപ്പിക്കാനും. ഗർജ്ജനം സ്വേച്ഛാധിപതികൾ ജനങ്ങളെ മുട്ടുകുത്തിക്കുന്ന തന്ത്രങ്ങളിലൊന്നാണ്. ഹിറ്റ്ലറുടെ അലർച്ചകൾ ഓർക്കുക. ഇന്ത്യയിലെ ചിലരുടെ അലർച്ചകൾ കേൾക്കുക.

ആരാധനാലയങ്ങൾ തുറക്കുന്നതോടെ മലയാളികൾക്ക് ലോക് ഡൌൺ ദിവസങ്ങളിൽ ലഭിച്ച അഭൂതപൂർവമായ അന്തരീക്ഷപ്രശാന്തിയുടെ ഇടവേള അവസാനിക്കുകയാണ്. ആരാധനാലയങ്ങൾക്കൊപ്പം ഉച്ചഭാഷിണികൾ മടങ്ങി വരികയാണ്. മതം അതിനേപ്പറ്റിയുള്ള ഒരു മായാജാലം വിശ്വാസികളുടെ തലച്ചോറിൽ മുദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന ആസൂത്രിത വിദ്യകളിലൊന്നാണ് ഉച്ചഭാഷിണിയിലൂടെ അത് സൃഷ്ടിക്കുന്ന ശബ്ദ വിഭ്രാന്തി . മലയാളികളുടെ പ്രശാന്തങ്ങളായ പുലരികളിലേക്കും സായം സന്ധ്യകളിലേക്കും പാതിരകളിലേക്കു പോലും ഉച്ചഭാഷിണികൾ കൊണ്ട് ഊതിവീർപ്പിച്ച ശബ്ദ മാലിന്യം ഭക്തിഗാനം, ആത്മീയപ്രഭാഷണം എന്നെല്ലാമുള്ള പേരുകളിൽ മതങ്ങൾ അടിച്ചേൽപ്പിക്കുന്നു.

ഉച്ചഭാഷിണിയിലൂടെ ഭക്തി വിളിച്ചലറുന്ന ഒരു ആരാധനാലയത്തോട് ശബ്ദം അൽപ്പം കുറയ്ക്കാൻ യാചിക്കാൻ ധൈര്യമുള്ളവരുണ്ടോ ? എങ്കിലാണ് മതത്തിന്റെ യഥാർത്ഥ നിറം പുറത്തു വരിക. സ്നേഹവും കരുണയും പുണ്യവുമെല്ലാം എങ്ങോ പോയി മറയും . മതത്തിന്റെ വികൃതമായ ഗുണ്ടാ മുഖം പുറത്തു വരും. ആ പൗരൻ അധിക്ഷേപിക്കപ്പെടുകയോ ആക്രമിക്കപ്പെടുക പോലുമോ ചെയ്യും. അയാൾക്കെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ കേസ് എടുപ്പി ക്കാനും വഴിയുണ്ട്. ശബ്ദ മലിനീകരണനിയമങ്ങൾ പൂർണമായി അനുസരിച്ചു കൊണ്ടാണ്, അല്ലെങ്കിൽ ചുറ്റുമുള്ള പൗരസമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് തങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എന്ന് സ്വന്തം ദൈവത്തിന്റെ നാമത്തിൽ നെഞ്ചിൽ കൈ വച്ച് പറയാൻ എത്ര ആരാധനാലയങ്ങൾക്കു കഴിയും?

മതങ്ങളുടെ ഉച്ചഭാഷിണി ദുരു പയോഗത്തേ പ്പറ്റി സുപ്രീം കോടതിയുടെ പല വിധി കളുണ്ട്. അവയിൽ ഒന്നിൽ നിന്ന് ചില ഭാഗങ്ങൾ കാണുക.

Church of God (full gospel) in India vs. KKR Majestic (2000) എന്ന കേസിലെ വിധിയിൽ നിന്ന്:

“പ്രാർത്ഥനയ്‌ക്കോ ആരാധനയ്‌ക്കോ ആഘോഷങ്ങൾക്കോ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്, ഭരണഘടനയുടെ ആർട്ടിക്കിൾ 25 ന്റെ സംരക്ഷണം ലഭിക്കുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന്റെ അവിഭാ ജ്യഘടകമാണെന്നു ഒരു മതത്തിനും മത വിഭാഗത്തിനും അവകാശപ്പെടാൻ സാധ്യമല്ല. ഭരണഘടനയുടെ (19) (1) (a) എന്ന വകുപ്പ് പ്രകാരം ഉച്ചഭാഷിണികളുടെയോ അത്തരം ഉപകരണ ങ്ങളുടെയോ ഉപയോഗം ഒരു മൗലികാവകാശമല്ല. മറി ച്ചു ശബ്ദമലിനീകരണ നിയമങ്ങൾ ലംഘിച്ചുള്ള അവയുടെ ഉപയോഗം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗ രന്മാർക്കു ലഭിച്ചിരിക്കുന്ന മൗലികാവകാശങ്ങളുടെയും അവർക്കു കേൾക്കാൻ ഇഷ്ടമില്ലാത്തത് കേൾക്കാൻ നിര്ബന്ധിക്കപ്പെടാതിരിക്കാനുള്ള അവരുടെ മൗലികാവകാശത്തിന്റെയും ലംഘനമായിരിക്കും.”

ഈ വിധിയിലെ മറ്റൊരു നിരീക്ഷണം:

” മറ്റുള്ളവരുടെ സമാധാനം കെടുത്തിയാണ് പ്രാർത്ഥന നടത്തേണ്ടത് എന്ന് ഒരു മതവും അനുശാസിക്കുന്നില്ല. പ്രാർത്ഥന ഉച്ചഭാഷിണിയിലൂടെയോ ചെണ്ട കൊട്ടിയോ ആകണമെന്നും അനുശാസിക്കുന്നില്ല.”

ആരാധനാലയങ്ങൾ ഉച്ചഭാഷിണി ദുരുപയോഗപ്പെടുത്തുന്നതിനെതിരെ പരമോന്നത നീതിപീഠത്തിന്റെ തന്നെ (ഹൈക്കോ ടതികളുടെയും) വിധികളുണ്ടായിട്ടും എന്ത് കൊണ്ടാണ് ഉച്ചഭാഷിണികളുടെ ദുരുപയോഗത്തിനു യാതൊരു പരിഹാരവും ഇല്ലാത്തത്‌ ? വളരെ ലളിതമാണ് ഉത്തരം. ഭരണകൂടത്തിനു അതിൽ താൽപ്പര്യമില്ല. കാരണം ഇക്കാര്യത്തിൽ മതങ്ങളുടെയും രാഷ്ട്രീയ പ്പാർട്ടികളുടെയും സ്ഥാപിതതാല്പര്യങ്ങൾ ഒന്നാണ്. അതതു സമയങ്ങളിലെ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഉച്ചഭാഷിണികളെ, മതങ്ങളെപ്പോലെ തന്നെ, അനാശ്യാസവും കുറ്റകരവുമായ രീതികളിൽ ദുരുപയോഗപ്പെടുത്തിയെ പറ്റൂ. അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പിന്നെയെങ്ങനെ ആ ഭരണകൂടം മതങ്ങളോട് നിയമം അനുശാസിക്കും? പോലീസിനെ തന്നെ അവർ ഇക്കാര്യത്തിൽ നിർവീര്യമാക്കി വച്ചിരിക്കുന്നു . മതങ്ങളുടെ നിയമലംഘനങ്ങൾക്കു ഏതറ്റം വരെയും കൂട്ട് നിൽക്കാൻ അവർ തയ്യാറുമാണ്.

മലയാളികൾ മാസ്ക് വയ്ക്കാൻ പരിശീലിച്ചു. ഇനിയവർ ചെവിയിൽ പഞ്ഞി വച്ച് ജീവിക്കാനും പഠിക്കട്ടെ.

Read more

https://www.facebook.com/paulzacharia3/posts/10157434451671662