CSK UPDATES: ഒറ്റ മത്സരം കൊണ്ട് ചെന്നൈ സ്വന്തമാക്കിയത് നാണംകെട്ട റെക്കോഡ്; സംഭവത്തിൽ വൻ ആരാധകരോക്ഷം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും പരാജയം. 18 റൺസിനാണ് ചെന്നൈ പഞ്ചാബിനോട് പരാജയം ഏറ്റു വാങ്ങിയത്. 219 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ചെന്നൈക്ക് മറുപടി ബാറ്റിംഗിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. എന്നാൽ ഒറ്റ മത്സരകൊണ്ട് ചെന്നൈ സ്വന്തമാക്കിയത് നാണംകെട്ട റെക്കോഡാണ്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ ടീമെന്ന നാണക്കേടിന്റെ റെക്കോർഡ് ചെന്നൈ സൂപ്പർ കിങ്സിന്റെ പേരിൽ. ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഇതുവരെ കൈവിട്ടത് 12 ക്യാച്ചുകളാണ്. അതിൽ അഞ്ചെണ്ണം ഇന്നലെ പഞ്ചാബ് കിങ്സിനെതിരെയായിരുന്നു.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ മത്സരവും ഇന്നലത്തേതായിരുന്നു. മത്സരത്തിൽ ആകെ ഒമ്പത് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചും പഞ്ചാബ് കിങ്സ് നാലും ക്യാച്ചുകൾ പാഴാക്കി.

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് പഞ്ചാബ് കിങ്‌സ് തന്നെയായിരുന്നു. പഞ്ചാബിനായി യുവ താരം പ്രിയാൻഷ് ആര്യ (103) സെഞ്ച്വറി നേടി. കൂടാതെ ശശാങ്ക് സിങ് (52) അർദ്ധ സെഞ്ച്വറി നേടി. ചെന്നൈക്ക് വേണ്ടി ഡെവോൺ കോൺവെ (69) ശിവം ദുബൈ (42) രചിൻ രവീന്ദ്ര (36) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.