മകള്‍ ഇറ ഖാന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് ആമിര്‍ ഖാന്‍; മകളുടെ തിരഞ്ഞെടുപ്പില്‍ താന്‍ സന്തുഷ്ടനാണെന്ന് താരം

മകള്‍ ഇറ ഖാന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ വിവാഹ തീയതി പ്രഖ്യാപിച്ചത്.

‘ജനുവരി മൂന്നിനാണ് മകള്‍ ഇറയുടെ വിവാഹം. നുപൂര്‍ എന്നാണ് വരന്റെ പേര്. വരന്‍ ജിം ട്രെയ്‌നറാണ്. വളരെ സ്‌നേഹമുള്ള ഒരു വ്യക്തിയാണ്. മകള്‍ തന്നെയാണ് അവളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. വിഷാദ സമയങ്ങളില്‍ അവളെ പിന്തുണച്ച് ഒപ്പമുണ്ടായിരുന്നു. മകളുടെ തിരഞ്ഞെടുപ്പില്‍ താന്‍ വളരെ സന്തുഷ്ടനാണ്. അവര്‍ വളരെ സന്തോഷത്തോടെ പരസ്പരം പിന്തുണച്ച് ജീവിക്കും. നുപൂര്‍ മരുമകനല്ല, മകനാണ് എനിക്ക്.’ ആമിര്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം നവംബര്‍ 18 നായിരുന്നു ഇറ ഖാന്റെയും നുപൂറിന്റെയും വിവാഹ നിശ്ചയം. ലോക മാനസികാരോഗ്യ ദിനമായ ഇന്നലെ മാനസികാരോഗ്യത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന ആമിര്‍ ഖാന്റെയും മകള്‍ ഇറ ഖാന്റെയും വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

Read more

അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്ത ‘ലാല്‍ സിംഗ് ഛദ്ദ’ ആയിരുന്നു ആമിര്‍ ഖാന്റെ അവസാനമിറങ്ങിയ ചിത്രം. ‘സീതാരെ സമീന്‍ പര്‍’ എന്നൊരു ചിത്രവും ആമീറിന്റെതായി ഇനി വരാനുണ്ട്. എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരിക്കും സിതാരെ സമീന്‍ പാര്‍ എന്നും നടന്‍ പറഞ്ഞു. എട്ടു വയസുകാരനായ ഇഷാന്റെയും അധ്യാപകന്റെയും കഥ പ്രമേയമായ ‘താരെ സമീന്‍ പാറി’ന്റെ രണ്ടാം ഭാഗമായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്.