'ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും ഇത് അഭിമാന നിമിഷം' ; ചന്ദ്രയാൻ 3 ന്റെ നേട്ടത്തിൽ സന്തോഷം പങ്കുവച്ച് പ്രകാശ് രാജ്

ചന്ദ്രയാൻ 3 ന്റെ ചരിത്ര നേട്ടത്തിൽ സന്തോഷം അറിയിച്ച് നടൻ പ്രകാശ് രാജിന്റെ കുറിപ്പ്. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന്റെ സന്തോഷം എക്സിലൂടെയാണ് പ്രകാശ് രാജ് പങ്കുവച്ചത്.

“ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ” ഇതായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ.

നേരത്തെ ചന്ദ്രയാനുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് പങ്കുവച്ച പോസ്റ്റ് ഏറെ വിവാദമായിരുന്നു. വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെയാണ് പ്രകാശ് രാജ് ചിത്രം പോസ്റ്റ് ചെയ്തത്.

ചായ അടിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരാതിയിൽ കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ നടനെതിരെ കേസും എടുത്തിരുന്നു.

എന്നാൽ ചിത്രം വിവാദമായതോടെ വിശദീകരണവുമായി നടൻ രംഗത്തെത്തിയിരുന്നു. ചന്ദ്രനിലെത്തിയാലും ചായക്കട നടത്തുന്ന ഒരു മലയാളി കാണുമെന്ന തമാശക്കഥയാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു വിശദീകരണം.

Read more

നടന്‍ പ്രകാശ് രാജ് ഇന്ത്യ വിട്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്തേക്ക് പോകണമെന്നായിരുന്നു വിവാദങ്ങളുടെ ഭാഗമായി പ്രതികരിച്ച കേന്ദ്രമന്ത്രി ശോഭാ കരന്തലജെ പറഞ്ഞത്. രാജ്യത്തോട് മാത്രമല്ല, ശാസ്ത്രത്തോടും തികഞ്ഞ അനാദരവമാണ് നടന്‍ കാട്ടിയതെന്നും പരാമർശത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.