സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

നടൻ സൽമാൻ ഖാൻ്റെ വീടിന് പുറത്ത് വെടിയുതിർത്ത കേസിലെ  ആയുധ വിതരണക്കാരിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും തുടർന്ന് മരണപ്പെട്ടതായും റിപ്പോർട്ട്. ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റിലായ അനൂജ് ഥാപാൻ (32) എന്ന വ്യക്തിയാണ് ആത്മഹത്യ ചെയ്തതത്.  കസ്റ്റഡിയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ  മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.

ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്നാണ്
സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന് ആയുധങ്ങൾ നൽകിയെന്നാണ് ആരോപണം.

കൂടാതെ വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സംഭവം നടന്ന രാത്രി ഇരുവരും മോട്ടോർ സൈക്കിളിൽ സ്ഥലം വിടുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.നാല് പ്രതികളും ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്.

ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ് ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാനെതിരെയുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം.