ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചിരുന്നു.. എന്നാല്‍...: അക്ഷയ് കുമാര്‍

കനേഡിയന്‍ പൗരത്വം നേടിയ ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. ‘കനേഡിയന്‍ കുമാര്‍’ എന്ന ട്രോളുകകളും താരത്തിന് എതിരെ വരാറുണ്ട്. സിനിമയ്ക്കുള്ളിലും പുറത്തും ദേശീയതയെ കുറിച്ച് പറയുന്ന അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വം ചര്‍ച്ചയായതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കുമെന്ന് അക്ഷയ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

2019ല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം പാസ്‌പോര്‍ട്ട് ലഭിച്ചില്ല എന്നാണ് അക്ഷയ് ഇപ്പോള്‍ പറയുന്നത്. കനേഡിയന്‍ പാസ്പോര്‍ട്ട് ഉള്ളതുകൊണ്ട് താന്‍ ഇന്ത്യക്കാരന്‍ അല്ലാതാകുന്നില്ല. 2019ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരുന്നു. പക്ഷേ കോവിഡ് മഹാമാരിക്ക് ശേഷം രണ്ടര വര്‍ഷത്തേക്ക് എല്ലാം അടച്ചുപൂട്ടി.

തന്റെ പാസ്‌പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. തന്റെ സിനിമകള്‍ നിരന്തരം പരാജയപ്പെട്ട സാഹചര്യത്തിലാണ് കാനഡയിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് അക്ഷയ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

കുറച്ച് വര്‍ഷം മുമ്പ് തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകള്‍ പരാജയപ്പെട്ടു. അതിനാല്‍ മറ്റ് എവിടേക്ക് എങ്കിലും മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. കാനഡയില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് അങ്ങോട്ടേക്ക് വരാന്‍ നിര്‍ദേശിച്ചത്.

നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യാനായി കാനഡയിലേക്ക് പോകുന്നുണ്ട്. അവര്‍ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി തന്നെ തുണയ്ക്കുന്നില്ലെങ്കില്‍ കാനഡയിലേക്ക് മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. അപേക്ഷിച്ചു, കനേഡിയന്‍ പൗരത്വം കിട്ടി എന്നായിരുന്നു അക്ഷയ് പറഞ്ഞത്.